മഴ തുടരുന്നു; അഞ്ചു മരണം, അതിതീവ്രമഴക്ക് വെള്ളിയാഴ്ചയോടെ ശമനമായേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ചിലയിടങ്ങളിൽ നേരിയ ശമനമുണ്ടായെങ്കിലൂം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കെടുതി കൂടി. വ്യാഴാഴ്ച സംസ്ഥാനത്ത് അഞ്ചു മരണം. തിരുവനന്തപുരം ആര്യനാട്ട് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ, കാൽ വഴുതിവീണയാളും മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്. കോട്ടയം ചങ്ങനാശ്ശേരി അയ്മനത്ത് ഗൃഹനാഥൻ വീടിന് സമീപത്തെ വെള്ളക്കെട്ടിലും ചങ്ങനാശ്ശേരിയിൽ വിദ്യാർഥി ക്ഷേത്രക്കുളത്തിലും മുങ്ങിമരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ് (73) വെള്ളക്കെട്ടിൽ വീണു മരിച്ചത്. തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി ആദിത്യ ബിജുവാണ് (17) ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്.
കണ്ണൂരിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റി താമസിപ്പിക്കുന്നതിനിടെ കോടിയേരി ആച്ചുകുളങ്ങര നീലേശ് നിവാസിൽ പി.പി. ദിവാകരൻ കുഴഞ്ഞുവീണു മരിച്ചു. മകളുടെ വീട്ടിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം.
ഒരാഴ്ചക്കിടെ, മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 13 ആയി. കോഴിക്കോട് വിവിധയിടങ്ങളിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതിതീവ്രമഴക്ക് വെള്ളിയാഴ്ചയോടെ ശമനമായേക്കുമെന്നാണ് സൂചന. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും ഒരിടത്തും ചുവപ്പ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച നാലു ജില്ലകളിൽ മഞ്ഞ ജാഗ്രതയുണ്ട്.
കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് കാപ്പിമല വൈതൽക്കുണ്ടിലും പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടിലുമാണ് വ്യാഴാഴ്ച ഉരുൾപൊട്ടിയത്. ആളപായമോ പരിക്കോ ഇല്ല.മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ ഒലിച്ചുപോയി.
തുടരുന്ന മഴയിൽ ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ വിറങ്ങലിച്ചു. പമ്പ, മണിമല, അച്ചൻകോവിൽ നദികളും തോടുകളിലും ജലനിരപ്പ് ഉയർന്ന് അപകടനിലക്ക് മുകളിലെത്തി. പലയിടങ്ങളിലും ഏക്കർ കണക്കിന് കൃഷി നശിച്ചു.
ഇടുക്കിയിൽ ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ കാർഷിക മേഖലയിലും മഴ നാശം വിതച്ചു.പത്തനംതിട്ട ജില്ലയിൽ പമ്പാ, മണിമലയാർ തീരങ്ങളിൽപെട്ട തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് കൂടുതലും നാശനഷ്ടം. എറണാകുളത്തും നൂറുകണക്കിന് വീടുകൾ വെള്ളത്തിലാണ്. സംസ്ഥാനത്ത് കാലവർഷത്തിൽ ഭാഗികമായി തകർന്ന വീടുകൾ 150 ആയി. വിവിധ ജില്ലകളിലായി 651 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചില താഴ്ന്ന പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.