പെൻഷൻ പ്രായം ഉയർത്തൽ; സാധ്യത പൂർണമായി തള്ളാതെ ധനമന്ത്രി
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താനുള്ള സാധ്യത പൂർണമായി തള്ളാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിർദേശം ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
പല നിർദേശങ്ങൾ സർക്കാറിന് മുന്നിലുണ്ട്. സാമ്പത്തിക സ്ഥിതിയുടെയും പരമാവധി കരാർ ജീവനക്കാരെ നിയമിക്കാനും ആളെ കുറക്കാനുമുള്ള കേന്ദ്ര നിർദേശത്തിന്റെയും സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കേരളം അതിലേക്ക് പോയിട്ടില്ല. സംസ്ഥാനത്തിന് നൽകാനുള്ളത് കേന്ദ്രം ജനാധിപത്യപരമായി നൽകിയാൽ ബുദ്ധിമുട്ടില്ലാത്തവിധം മുന്നോട്ടു പോകാനാകും.
ചെലവ് ചുരുക്കലിനുള്ള ചില നിർദേശങ്ങളിൽ നടപടിയെടുത്തിട്ടുണ്ട്. ചിലത് ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടില്ല. വരവും ചെലവും തമ്മിൽ അന്തരമുണ്ട്. ജി.എസ്.ടി നഷ്ട പരിഹാരം ഇക്കൊല്ലം അവസാനിക്കും. ഒറ്റത്തവണ ഗ്രാന്റ് അടുത്ത വർഷവും അവസാനിക്കും. അഞ്ചു വർഷം കൂടി ജി.എസ്.ടി നഷ്ട പരിഹാരം നീട്ടണം. കടമെടുപ്പ് പരിധി അഞ്ച് ശതമാനമായി ഉയർത്തുകയും വേണം. ജീവനക്കാരുടെ പുനർവിന്യാസത്തിന് നടപടിയുണ്ടാകും. ക്ഷേമ പെൻഷൻ വാങ്ങുന്ന അനർഹരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം അടുത്ത ബജറ്റിൽ പെൻഷൻ പ്രായം വർധിപ്പിച്ചേക്കുമെന്ന പ്രചാരണങ്ങൾ ശക്തമാണ്. എന്നാൽ, മന്ത്രി വിളിച്ച യോഗത്തിൽ യുവജന സംഘടനകൾ പെൻഷൻ പ്രായ വർധനയെ ശക്തമായി എതിർക്കുകയായിരുന്നു. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയെയും ചെലവ് ചുരുക്കലിനെയും കുറിച്ച് പരിശോധിച്ച നിരവധി സമിതികളും ശമ്പള കമീഷനും പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ശിപാർശയാണ് സർക്കാറിന് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.