ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സി പദവികളിലേക്ക് പുതിയ നിയമനത്തിനും രാജ്ഭവൻ നീക്കം
text_fieldsതിരുവനന്തപുരം: സർക്കാർ ശിപാർശയിൽ ആദ്യ വി.സിമാരുടെ നിയമനം നടത്തിയ ഡിജിറ്റൽ, ഓപൺ സർവകലാശാലയിൽ പുതിയ വി.സി നിയമനത്തിനുള്ള നടപടികൾ തുടങ്ങിവെക്കാൻ രാജ്ഭവന് നീക്കം.
രണ്ട് സർവകലാശാലകളിലും ബന്ധപ്പെട്ട സർവകലാശാല ആക്ട് പ്രകാരമാണ് വി.സി നിയമനം നടത്തിയത്. ആദ്യ വി.സിയെയും പി.വി.സിയെയും സർക്കാർ ശിപാർശയിൽ ചാൻസലറായ ഗവർണർ നിയമിക്കണമെന്നാണ് ആക്ടിൽ പറയുന്നത്. ഇതുപ്രകാരമാണ് ഡിജിറ്റൽ സർവകലാശാല വി.സിയായി ഡോ. സജി ഗോപിനാഥിനെയും ഓപൺ സർവകലാശാല വി.സിയായി ഡോ.പി.എം. മുബാറക് പാഷയെയും നിയമിച്ചത്. എന്നാൽ സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയോടെ രണ്ട് സർവകലാശാലകളിലെയും പ്രഥമ വി.സി നിയമനവും ചട്ടലംഘനമാണെന്ന നിലപാടിലാണ് രാജ്ഭവൻ.
സർവകലാശാലക്ക് യു.ജി.സി അംഗീകാരമാകുന്നതോടെ വി.സി നിയമനത്തിനും യു.ജി.സി ചട്ടം ബാധകമാണെന്നും അതുപ്രകാരം പുതിയ വി.സിമാരെ നിയമിക്കണമെന്നുമാണ് രാജ്ഭവൻ നിലപാട്. സെർച് കമ്മിറ്റിയില്ലാതെ സർക്കാർ ശിപാർശയിൽ നിയമിച്ച വി.സിമാർ എന്ന നിലയിലാണ് ഡിജിറ്റൽ, ഓപൺ സർവകലാശാല വി.സിമാർക്കുകൂടി ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇരുവർക്കും പകരം ചട്ടപ്രകാരമുള്ള വി.സിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങണമെന്ന നിലപാടിലാണ് രാജ്ഭവൻ. നേരത്തെ കേരള സർവകലാശാലയിൽ പുതിയ വി.സിയെ നിയമിക്കുന്നതിനുള്ള സെർച് കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള നടപടികൾ സർവകലാശാല പ്രതിനിധിയെ ലഭിക്കുംമുമ്പ് രാജ്ഭവൻ നേരിട്ട് തുടങ്ങിയിരുന്നു.
നേരത്തെ മലയാളം സർവകലാശാല സ്ഥാപിച്ചപ്പോൾ സർക്കാർ ശിപാർശയിൽ കെ. ജയകുമാറിനെയും സാങ്കേതിക സർവകലാശാല തുടങ്ങിയപ്പോൾ ഡോ. കുഞ്ചെറിയ പി. ഐസക്കിനെയും വി.സിയായി അന്നത്തെ ഗവർണർമാർ നിയമിക്കുകയായിരുന്നു. ഇതേ മാതൃകയിൽ തന്നെയാണ് ഡിജിറ്റൽ, ഓപൺ സർവകലാശാലകളിലും ആദ്യ വി.സിമാരെ സർക്കാർ ശിപാർശയിൽ ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.