വിശദാംശങ്ങൾ അറിയിക്കാത്തതിനാൽ മുഖ്യമന്ത്രിയുടെ യൂറോപ് സന്ദർശനത്തിൽ രാജ്ഭവന് അതൃപ്തി
text_fieldsതിരുവനന്തപുരം: വിശദാംശങ്ങൾ അറിയിക്കാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ സന്ദർശനത്തിൽ രാജ്ഭവന് കടുത്ത അതൃപ്തി. മുഖ്യമന്ത്രി വിദേശയാത്ര നടത്തുമ്പോൾ സർക്കാറിന്റെ നാഥനായ ഗവർണറെ കണ്ട് യാത്രാപരിപാടികൾ വിശദീകരിക്കുകയും രേഖാമൂലം വിശദാംശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് കീഴ്വഴക്കം.
അന്തരിച്ച മുൻമന്ത്രി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂരിൽ എത്തിയപ്പോഴാണ് യാത്രയെക്കുറിച്ച് മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞതത്രെ.
10 ദിവസം യൂറോപ്യൻ പര്യടനത്തിലായിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഗവർണർ യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം.
ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം പരസ്യമായിരിക്കെയാണ് പുതിയ വിവാദം. നിയമസഭ പാസാക്കിയ രണ്ട് പ്രധാന ബില്ലുകൾ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുമില്ല. ചൊവ്വാഴ്ച പുലർച്ച പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും വൈകീട്ട് നോർവേയിലെത്തി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെതുടര്‍ന്ന് നിശ്ചയിച്ചതിലും രണ്ടുദിവസം വൈകിയാണ് സംഘം പുറപ്പെട്ടത്. നോര്‍വേ, ഇംഗ്ലണ്ട്, വെയില്‍സ് എന്നീ രാജ്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹിമാൻ എന്നിവരും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നത്. മാരിടൈം മേഖലയിലെ സഹകരണം ലക്ഷ്യമിട്ടാണ് നോർവേ സന്ദര്‍ശനം. ദുരന്തനിവാരണ രീതികളും പരിചയപ്പെടും. വെയ്ൽസില്‍ ആരോഗ്യമേഖലയെക്കുറിച്ചാണ് ചര്‍ച്ചകള്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് അവിടെയെത്തും.
ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിവിധ സർവകലാശാലകളുമായി ധാരണപത്രങ്ങളും ഒപ്പുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.