പ്രോട്ടോകോൾ ഓഫിസർക്ക് പാസ് നിഷേധിച്ച സംഭവം: രാജ്ഭവൻ വിശദീകരണം തേടി
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഗവർണറെ സ്വീകരിക്കാനെത്തിയ പ്രോട്ടോകോൾ ഓഫിസർക്ക് പാസ് നിഷേധിച്ച സംഭവത്തിൽ രാജ്ഭവൻ വിശദീകരണം തേടി. മലപ്പുറം കലക്ടർ അമിത് മീണയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 29ന് ഗവർണർ പി. സദാശിവം കാസർകോട് ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇദ്ദേഹത്തെ സ്വീകരിക്കാനുള്ള പ്രോട്ടോകോൾ ഓഫിസറായ ഡെപ്യൂട്ടി കലക്ടർ അബ്ദുൽ റഷീദിന് എയർപോർട്ട് അതോറിറ്റി ജീവനക്കാർ അകത്തേക്കുള്ള പാസ് അനുവദിച്ചിരുന്നില്ല.
ഗവർണർ വിമാനം ഇറങ്ങിയ ഉടൻ യാത്ര തിരിക്കുമെന്നും അതിനാൽ പാസ് നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. തുടർന്ന് ജില്ല പൊലീസ് മേധാവി അടക്കമുള്ളവർ ഇടപെട്ടാണ് ഡെപ്യൂട്ടി കലക്ടറെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പിന്നീട് ഗവർണർ മടങ്ങിപ്പോകുന്ന സമയത്ത് ഇതേ പ്രോട്ടോകോൾ ഓഫിസർ വിമാനത്താവളത്തിലെത്തിയിരുന്നില്ല. രാവിലെ പാസ് അനുവദിക്കാതിരുന്നതിനാലാണ് വൈകുന്നേരം എത്താതിരുന്നത്.
പ്രോട്ടോകോൾ ഓഫിസർ ഇല്ലാത്തതിനെ കുറിച്ച് ഗവർണർ അന്ന് തന്നെ അന്വേഷിച്ചിരുന്നു. തുടർന്നാണ് ഈ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് കത്ത് ലഭിച്ചത്. സംഭവം നടന്ന ദിവസം എയർപോർട്ട് ഡയറക്ടറും ജീവനക്കാരിൽനിന്ന് വിശദീകരണം തേടിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ മുമ്പും സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.