വിവാദങ്ങൾക്കിടെ രാജ്ഭവൻ പി.ആർ.ഒക്ക് പുനർനിയമനം
text_fieldsതിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാജ്ഭവൻ പി.ആർ.ഒക്ക് പുനർനിയമനം നൽകിയും ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയും സർക്കാർ ഉത്തരവ്. കരാർ കാലാവധി പൂർത്തിയാക്കിയ രാജ്ഭവൻ പി.ആർ.ഒ എസ്.ഡി. പ്രിൻസിനാണ് പുനർനിയമനം നൽകിയത്.
സർക്കാറും ഗവർണറും ഒത്തുകളി നടത്തുന്നെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്ന സാഹചര്യത്തിലാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തിയതും രാജ്ഭവന്റെ ശിപാർശകൾ അംഗീകരിച്ച് സർക്കാർ പുതിയ ഉത്തരവുകൾ പുറത്തിറക്കിയതും. സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി വിവിധ വിഷയങ്ങളിലുണ്ടായ അഭിപ്രായ ഭിന്നത രമ്യതയിലേക്ക് നീങ്ങുന്നെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അഡീഷനൽ പി.എസായി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ച ഉത്തരവിന് പിന്നാലെയാണ് ഗവർണർ സർക്കാറുമായി വീണ്ടും ഇടഞ്ഞത്. പേഴ്സനൽ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം കീഴ്വഴക്കമില്ലാത്തതാണെന്ന് പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രാജ്ഭവനെ രേഖാമൂലം അറിയിച്ചത് ഗവർണറെ ചൊടിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കെ.ആര്. ജ്യോതിലാലിനെ പൊതുഭരണ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് ശേഷമാണ് ഗവർണർ വെള്ളിയാഴ്ച സഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പിന്നാലെ രാജ്ഭവന്റെ ശിപാർശകൾ അംഗീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തു.
എന്നാൽ ജ്യോതിലാലിനെ മാറ്റി ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എൽ.ഡി.എഫിൽ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്.
ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നടിച്ചു. നയപ്രഖ്യാപനത്തില്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണന് ഓര്മിപ്പിച്ചപ്പോള് കേക്ക് മുറിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഗവര്ണര്ക്കുള്ളൂവെന്ന് മുന്‍ നിയമമന്ത്രി എ.കെ. ബാലന് പരിഹസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.