വി.സി നിയമന നടപടികളുമായി രാജ്ഭവൻ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനത്തിനിടയിലും വി.സി നിയമന നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. ആഗസ്റ്റ് അഞ്ചിന് രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാക്കാൻ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന് ആഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകാൻ സബ്ജക്ട് കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് നേരത്തേ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി ഉപയോഗിച്ച് വി.സി നിയമന നടപടികൾ പൂർത്തിയാക്കാൻ രാജ്ഭവൻ തീരുമാനിച്ചത്. നിലവിലുള്ള നിയമമനുസരിച്ച് ഗവർണർക്ക് വി.സി നിയമന നടപടികളുമായി മുന്നോട്ടുപോകാനാകും.കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജി ചാൻസലറുടെ പ്രതിനിധിയും കൺവീനറുമായ സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയായുള്ളത് കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ബട്ടു സത്യനാരായണയാണ്. കേരള സർവകലാശാല പ്രതിനിധിയെ നൽകാത്തതിനാൽ ഒഴിച്ചിട്ടിരിക്കുകയാണ്. മൂന്നുമാസമാണ് സെർച്ച് കമ്മിറ്റിയുടെ കാലാവധി.
യു.ജി.സി വ്യവസ്ഥയനുസരിച്ച് വൈസ് ചാൻസലർ പദവിയിലേക്ക് താൽപര്യമുള്ളവരുടെ അപേക്ഷയോ നോമിനേഷനോ സ്വീകരിക്കുന്നതിനുള്ള വിജ്ഞാപനം നടത്താൻ സെർച്ച് കമ്മിറ്റി കൺവീനറെ രാജ്ഭവൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചട്ടപ്രകാരം മാധ്യമങ്ങളിലൂടെ ദേശീയതല വിജ്ഞാപനത്തിലൂടെ അപേക്ഷ സ്വീകരിക്കുന്നതിന് നടപടി സ്വീകരിച്ച ശേഷമാകും കമ്മിറ്റി കൂടി വി.സി പാനൽ തയാറാക്കുക. ഇതിനിടെ, കേരള സർവകലാശാല സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുത്താൽ അംഗത്തിനു കൂടി സെർച്ച് കമ്മിറ്റിയിൽ പങ്കെടുക്കാനാകും.
മൂന്നംഗ കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകാതിരുന്നാലും നിലവിലെ രണ്ടംഗ കമ്മിറ്റിക്ക് തുടർ പ്രവർത്തനങ്ങൾ നടത്താനാകും.കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി ഒക്ടോബർ 25ന് അവസാനിക്കുകയാണ്. അതിനുമുമ്പ് സെർച്ച് കമ്മിറ്റി കൂടി പുതിയ വി.സിയെ നിയമിക്കാനാണ് നീക്കം.ഇതിനിടെ, സെർച്ച് കമ്മിറ്റി പൂർണമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനോ, ഗവർണറുമായി സമവായത്തിലെത്താനോ ഉള്ള സാധ്യതകളും തള്ളാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.