തമിഴ്നാട് സ്വദേശി രാജ മടങ്ങി, നാല് ജീവനിൽ പുതുജീവിതമേകി
text_fieldsഗാന്ധിനഗർ (കോട്ടയം): തമിഴ്നാട് സ്വദേശി രാജ ഇനി നാല് ജീവനുകളിൽ തുടിക്കും. രാജയുടെ ഹൃദയം, കരള്‍, വൃക്കകള്‍ കണ്ണ് എന്നിവയാണ് നാലുപേർക്ക് പുതുജീവൻ നൽകുന്നത്. മസ്തിഷ്ക മരണമടഞ്ഞ കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (36) ഹൃദയം ആലപ്പുഴ സ്വദേശിയായ ഹരി വിഷ്ണുവിലാണ് (26) മാറ്റിവെച്ചത്.
ഡ്രൈവറായ രാജയെ തലക്കുള്ളിലെ രക്തസ്രാവത്തെ തുടർന്ന് വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്കമരണം സംഭവിച്ചു. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള്‍ അതിന് തയാറാവുകയായിരുന്നു.
ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഹരി വിഷ്ണുവിനും ഒരു കിഡ്നിയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കും ഒരു കിഡ്നി തിരുവല്ല പുഷ്പഗിരി ആശുപത്രിക്കും കണ്ണ് തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്കുമാണ് നൽകിയത്.
ബുധനാഴ്ച രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രി ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ പ്രത്യേക പാത ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയോമയോപ്പതി കാരണം ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവെച്ചത്. വ്യാഴാഴ്ച പുലർച്ച ആരംഭിച്ച ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ 11 മണിയോടെയാണ് പൂര്‍ത്തിയായത്.
മസ്തിഷ്കമരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് കോട്ടയം മെഡിക്കൽ കോളജിലെ മൃതസഞ്ജീവനി കോഓഡിനേറ്റർ ജിമ്മി ജോർജായിരുന്നു. സര്‍ക്കാറിന്റെ മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി (കെ സോട്ട). രാജയുടെ ഭാര്യ എല്ലി സുമിത നാഗര്‍കോവില്‍ കോടതിയിലെ താൽക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളുണ്ട്. രാജയുടെ ബന്ധുക്കളെ മന്ത്രി വീണ ജോര്‍ജ് ആദരവറിയിച്ചു. ഒപ്പം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ടി.കെ. ജയകുമാറിനെയും മുഴുവന്‍ അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പത്താമത്തെ ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.