ദുരന്തമലയായി രാജമല; 17 മരണം, 50 പേരെ കാണാനില്ല; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴുലക്ഷം വീതം ധനസഹായം
text_fields
മൂന്നാര്‍: ഇടുക്കി രാജമലക്കടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിൽ. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തിൽ 17 പേർ മരിച്ചു. 50 പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ തുടരുന്നു.
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48) കണ്ണന്‍ (40) അണ്ണാദുരൈ ( 44) രാജേശ്വരി (43) കൗസല്യ (25) തപസ്സിയമ്മാള്‍ (42) സിന്ധു (13) നിധീഷ് (25) പനീര്‍ശെല്‍വം( 50) ഗണേശന്‍ (40) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷവും കേന്ദ്രസർക്കാർ 2 ലക്ഷവും വീതം ധനസഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റ 15 പേരെ രക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരിൽ പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെ മൂന്നാർ കണ്ണൻദേവൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമനസേന, ദുരന്തനിവാരണ സേന, പൊലീസ്, ഫോറസ്റ്റ്, നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയി. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത്. ഫോൺ ബന്ധമില്ലാത്തതിനാൽ രാവിലെ 7.30 തോടെ സമീപവാസികൾ രാജമലയിലെത്തിയാണ് വിവരങ്ങൾ കൈമാറിയത്.
തുടർന്ന് വനം വകുപ്പ് അധികൃതരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആദ്യം സംഭവസ്ഥലത്ത് എത്തിയത്. ഇടമലക്കുടിയിലെ പ്രവേശന കവാടമാണ് പെട്ടിമുടി. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായി. കാലവർഷം ശക്തി പ്രാപിച്ചതോടെ പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.
കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുവാന്‍ പാടില്ലെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം.
Live Updates
- 7 Aug 2020 12:16 PM IST
പരിക്കേറ്റ നാലു പേരുടെ വിവരങ്ങൾ പുറത്ത്
പളനിയമ്മ (50), സീതാലക്ഷ്മി (33), ദീപൻ (25), സരസ്വതി (50) എന്നിവരാണ് മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
- 7 Aug 2020 12:03 PM IST
ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
- 7 Aug 2020 11:36 AM IST
പ്രദേശത്ത് കനത്ത മഴ തുടരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.