എന്നാച്ചെന്ന് തെരിയലെയെ കടവുളേ...
text_fieldsമൂന്നാർ: ''പാപ്പാവുക്കും മുത്തുലച്ച്മിക്കും എന്നാച്ചെന്ന് തെരിയലെയെ കടവുളേ...'' മൂന്നാർ ടാറ്റാ ടീ ആശുപത്രിയിലെ കിടക്കയിൽ കിടന്ന് പ്രാണൻ പോകുന്ന വേദനയിലും ദീപൻ അങ്കലാപ്പോടെ ചുറ്റുംകൂടി നിന്നവരോട് ചോദിച്ചുകൊണ്ടേയിരുന്നു. ആരും ഒന്നും മിണ്ടിയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ദുഃഖം കടിച്ചമർത്തി.
ഉരുളിൽനിന്ന് അദ്ഭുതകരമായാണ് ദീപൻ രക്ഷപ്പെട്ടത്. ഒരു വലിയ മുഴക്കമാണ് കേട്ടത്. പിന്നെയൊന്നും ഓർമയിലില്ലെന്ന് ദീപൻ. ''ഒമ്പതുമാസം ഗർഭിണിയായ ഭാര്യ മു ത്തുലക്ഷ്മിയുടെ കൂട്ടിക്കൊണ്ടുപോകൽ ചടങ്ങിെൻറ സന്തോഷത്തിലായിരുന്നു എല്ലാവരും വീട്ടിൽ കൂടിയത്. എല്ലാവരും നേരത്തേതന്നെ ആഹാരം കഴിച്ച് കിടന്നു. രാത്രി പത്തേമുക്കാലോടെ വലിയ മുഴക്കം കേട്ട് കണ്ണ് തുറന്നപ്പോൾ എന്തോ താഴേക്ക് പതിച്ചതായി തോന്നി. ''അമ്മേ...'' എന്ന് നിലവിളിച്ചതുമാത്രം ഓർമയുണ്ട്.
ബോധം വരുമ്പോൾ അനങ്ങാനാകാതെ മണ്ണിനടിയിലായിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ പളനിയമ്മയുടെ കരച്ചിൽ കേട്ടു. പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല. തെൻറ നെഞ്ചിനൊപ്പം മണ്ണ് മൂടിക്കിടക്കുകയാണ്. ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടില്ല. പുലർച്ച 5.45ന് അടുത്ത എസ്റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുരൈ, ദുരൈ, മുത്തുപാണ്ടി എന്നിവരെത്തിയാണ് രക്ഷിച്ചത്. മൂന്നാറിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒമ്പത് മണിയായിരുന്നു''.
നേമക്കാട് എസ്റ്റേറ്റ് ലയത്തിൽ പ്രഭുവിെൻറ മകൻ ജീപ്പ് ഡ്രൈവറായ ദീപൻ (25), ദീപെൻറ അച്ഛൻ, ഭാര്യ മുത്തുലക്ഷ്മി, സഹോദരൻ പ്രതീഷ് കുമാർ, ഭാര്യ കസ്തൂരി, അഞ്ചു വയസ്സുള്ള മകൾ പ്രിയദർശിനി, ഒരു വയസ്സുകാരി ധനുഷ്ക, മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാർ, രതീഷ് കുമാർ എന്നിവരെയൊന്നും വെള്ളിയാഴ്ചത്തെ തിരച്ചിലിൽ കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.