രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് എം. വിജയകുമാർ
text_fieldsതിരുവനന്തപുരം: പാര്‍ലമെന്റ് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്ന് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണനും വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. അധികാര ദുര്‍വിനിയോഗം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റം ലംഘിക്കുന്ന ബി.ജെ.പി സ്ഥാനാർഥിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയെന്നും ഇരുവരും പറഞ്ഞു.
മാര്‍ച്ച് 22ന് പൂജപ്പുര എല്‍.ബി.എസില്‍ കേന്ദ്ര മന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പൊതുപരിപാടി സംഘടിപ്പിക്കുകയും പരിപാടിയില്‍ പങ്കെടുത്ത് വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്താല്‍ മന്ത്രിമാര്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന ചട്ടം നിലനില്‍ക്കുകയാണ്. 2013ല്‍ സുപ്രീം കോടതി തന്നെ ഇക്കാര്യം ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്.
കേന്ദ്ര മന്ത്രി എന്ന പദവി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജീവ് ചന്ദ്രശേഖര്‍ തുടര്‍ച്ചയായി ദുരുപയോഗം ചെയ്യുകയാണ്. പാര്‍ലമെന്റ് മണ്ഡലത്തിലെ പല പ്രദേശങ്ങളിലും നിവേദനങ്ങള്‍ സ്വീകരിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംഘടനകളുടെ പേരില്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുകയും അതിൻമേല്‍ ഉറപ്പുകള്‍ വാങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയും ചെയ്തു. ഈ വിധത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റം ലംഘിക്കുകയാണ് ബി.ജെ.പി സ്ഥാനാർഥിയെന്ന് ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.