ഞാൻ നിരാശനാണ്, എമ്പുരാൻ കാണില്ല -രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാറിന്‍റെ പ്രതിഷേധവും ഭീഷണിയും കടുത്തിരിക്കെ, സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേരത്തെ എമ്പുരാൻ കാണുമെന്ന് പറഞ്ഞിരുന്ന രാജീവ് ചന്ദ്രശേഖർ, ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം പറയന്നു.
ഫേസ്ബുക്ക് കുറിപ്പ്:
ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.
എമ്പുരാനിൽ 17 വെട്ട്
തിരുവനന്തപുരം: ‘എമ്പുരാൻ’ സിനിമ വീണ്ടും സെൻസർ ചെയ്യുമ്പോൾ 17 ഭാഗങ്ങളിൽ മാറ്റംവരും. ബാബ ബജ്രംഗി എന്ന പ്രധാനവില്ലന്റെ പേര് ഒഴിവാക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, കലാപത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണദൃശ്യങ്ങൾ എന്നിവ ഒഴിവാക്കിയേക്കും. ദേശീയ അന്വേഷണ ഏജൻസിയെ വിമർശിക്കുന്ന ഭാഗങ്ങൾക്കും കത്രിക വീഴും.
സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറും പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണം എന്നുവരെ അഭിപ്രായമുയർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.