തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സർക്കാരിന് മൃദു സമീപനം; തന്നെ വർഗീയ വാദിയെന്ന് വിളിച്ചത് പരാജയം മറയ്ക്കാൻ -മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഹമാസിനെയും മുസ്‍ലിംകളെയും സമീകരിക്കുകയാണെന്നും തീവ്രവാദ സംഘങ്ങളോട് സംസ്ഥാന സർക്കാരിന് മൃദുസമീപനമാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കളമശ്ശേരി സ്ഫോടനം സംബന്ധിച്ച് താൻ വർഗീയ പരാമർശം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
കോൺഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിൽ തീവ്രവാദം കൂടുമ്പോൾ സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണ്.മുസ്‍ലിം ലീഗിലെ മുനീറും സി.പി.എമ്മിലെ സ്വരാജും ഹമാസിനെ ന്യായീകരിക്കുകയാണ്. എന്നാൽ തീവ്രവാദത്തെ എതിർക്കുന്ന ഞങ്ങളെ വർഗീയവാദി എന്ന് വിളിക്കുകയാണ്. സാമുദായിക പ്രീണനം തീവ്രവാദം വളർത്തും. മുൻകാലത്ത് കോൺഗ്രസും ഇതേപ്രീണന നയമാണ് സ്വീകരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്നെ വർഗീയ വാദി എന്നു വിളിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിൽ ബോംബ് പൊട്ടുമ്പോൾ പിണറായി ഡൽഹിയിൽ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഇതേ മുഖ്യമന്ത്രിയാണ് മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത്.താൻ വർഗീയ വിഷം ചീറ്റുന്ന പരാമർശം നടത്തിയിട്ടില്ല. ഹമാസ് നേതാവിന് കേരളത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയതിനെയാണ് വിമർശിച്ചത്.
പരാജയം മറക്കാനാണ് പിണറായി തന്നെ അങ്ങനെ വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേരളം കൂടെ നിൽക്കണം. ഒരു ചെറിയ വിഭാഗം തീവ്രാദത്തിനോട് താൽപര്യം കാണിക്കുന്നുണ്ട്. ഇതു പറയുമ്പോൾ ഞങ്ങളെ വർഗീയവാദികളായി ചിത്രീകരിക്കുന്നു. കളമശ്ശേരി സ്ഫോടനക്കേസിൽ പൊലീസ് മുൻവിധിയോടെ അന്വേഷണം നടത്തരുതെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
വിഷം ചീറ്റുന്നതിന് സഹായകരമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.