രാജേന്ദ്രന് വീണ്ടും മനംമാറ്റം
text_fieldsതൊടുപുഴ: സി.പി.എമ്മിനെ വെട്ടിലാക്കി ബി.ജെ.പിയിൽ ചേരാൻ ഡൽഹിയിലെത്തിയ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ വീണ്ടും മലക്കംമറിഞ്ഞു. ഇപ്പോഴും സി.പി.എം വിട്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഉരുണ്ടുകളിക്കുന്ന രാജേന്ദ്രൻ, ബന്ധുവിന്‍റെ വിവാഹത്തിന് ക്ഷണിക്കാനാണ് ജാവ്ദേക്കറെ കണ്ടതെന്ന് വിശദീകരിച്ചു.
ബുധനാഴ്ച രാത്രി 11ന് ഡൽഹിയിൽനിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ അദ്ദേഹം വ്യാഴാഴ്ച പുലർച്ച മൂന്നാറിലെ വസതിയിലെത്തി. ഡൽഹിയിലെത്തി കേരളത്തിന്‍റെ പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായ സമയത്തായിപ്പോയെന്നും ഇക്കാര്യത്തിൽ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തിയെന്നും രാജേന്ദ്രൻ പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന ജാവ്ദേക്കർക്കൊപ്പമുള്ള ചിത്രങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കി.
സി.പി.എം നേതാക്കൾ രാത്രിതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, അവരുമായുള്ള പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ബി.ജെ.പിയിൽ ചേരാൻ ജാവ്ദേക്കർ തന്നെ ക്ഷണിച്ചു. അതിന് പറ്റിയ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞതായി രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ സഹോദരനും ബി.ജെ.പി ഒ.ബി.സി വിഭാഗം ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ദുരൈരാജിന്‍റെ വീട്ടിലെ ചടങ്ങിന് ക്ഷണിക്കാനാണ് പോയത്. കാലിന് സുഖമില്ലാതെ വീട്ടിൽ കഴിയുന്ന സഹോദരൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ജാവ്ദേക്കറെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബി.ജെ.പി പ്രവേശനം അടഞ്ഞ അധ്യായം’
തൊടുപുഴ: എസ്. രാജേന്ദ്രൻ സി.പി.എം വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായമെന്ന് ജില്ല സെക്രട്ടറി സി.വി. വർഗീസ്. രാജേന്ദ്രൻ ബി.ജെ.പി നേതാവിനെ കണ്ടത് വ്യക്തിപരമായ ആവശ്യത്തിനാണ്. മാർച്ച് 31 മുതൽ ഇടതുമുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും സി.വി. വർഗീസ് പറഞ്ഞു. എസ്. രാജേന്ദ്രൻ പാർട്ടി വിട്ടുപോകില്ലെന്നാണ് കരുതുന്നതെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.