രജീഷിന്റെ സത്യസന്ധത; നഷ്ടപ്പെട്ട സ്വർണത്താലി വീട്ടമ്മക്ക് തിരിച്ചുകിട്ടി
text_fieldsബാലുശ്ശേരി: ബാലുശ്ശേരി സ്റ്റാൻഡ് പരിസരത്തുവെച്ച് നഷ്ടപ്പെട്ട സ്വർണത്താലി കിട്ടാതെ ഏറെ വിഷമിച്ച വീട്ടമ്മക്ക് ഒടുവിൽ ആഭരണം തിരിച്ചുകിട്ടി. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് വീട്ടമ്മയുടെ കഴുത്തിലണിഞ്ഞ സ്വർണ താലിമാല ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് ഗ്രാമപഞ്ചായത്ത് റോഡിലേക്ക് വരവെ നഷ്ടപ്പെട്ടത്.
താലിമാല നഷ്ടപ്പെട്ട വിവരം വിവിധ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും അപ്പോൾ അറിയിച്ചിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് സൗന്ദര്യ ഗോൾഡ് കവറിങ് സ്ഥാപന ഉടമ രജീഷിനാണ് താലിമാല കളഞ്ഞുകിട്ടിയത്. ഉടനെ അടുത്ത കച്ചവടക്കാരോടും നാട്ടുകാരോടും അറിയിച്ചശേഷം ബാലുശ്ശേരി പൊലീസിൽ ഏൽപിക്കുകയായിരുന്നു. വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി യൂനിറ്റ് മെംബറായ രജീഷ് ഈ വിവരം ഗ്രൂപ്പിലൂടെ അറിയിക്കുകയും ചെയ്തു. ചെയിൻ കണ്ടുകിട്ടിയ വിവരമറിഞ്ഞ വീട്ടമ്മയുടെ മകൾ അഡ്വ. അമൃത ശ്രാവൺ ഇന്നലെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി സ്വർണമാല കൈപ്പറ്റി.
കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിൽ ഏൽപിച്ച രജീഷിന്റെ സത്യസന്ധതയെയും ആത്മാർഥതയെയും പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.