എന്റെ പൊന്നിനെ എനിക്കിങ്ങനെ കാണാൻ വയ്യല്ലോ; നെഞ്ചുലച്ച് രജനിയുടെ കരച്ചിൽ
text_fieldsഗാന്ധിനഗർ (കോട്ടയം): 'എന്റെ പൊന്നിനെ എനിക്കിങ്ങനെ കാണാൻ വയ്യല്ലോ... അവൾ നമ്മുടെ കൂടെ വരുന്നതെങ്ങനെയെന്ന് കണ്ടോ സുധേച്ചീ...' അഭിരാമിയുടെ മൃതദേഹം ആംബുലൻസിൽ കയറ്റാൻ കൊണ്ടുപോകുമ്പോൾ മാതാവ് രജനിയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ആശുപത്രിമുറ്റത്ത് കെട്ടിപ്പിടിച്ചുനിന്ന് പരസ്പരം ആശ്വസിപ്പിക്കുകയായിരുന്നു അഭിരാമിയുടെ മാതാപിതാക്കളായ രജനിയും ഹരീഷും. പൊന്നുമോൾ ആരോഗ്യത്തോടെ തിരികെ വരുമെന്നും അവൾക്കൊപ്പം ആശുപത്രിയിൽനിന്ന് മടങ്ങുമെന്നും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇവർ.
നായുടെ കടിയേറ്റ ഉടൻ രജനി തന്നെയാണ് സ്കൂട്ടറിൽ മകളെ പെരുനാട് ആശുപത്രിയിൽ കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ ആശുപത്രി തുറന്നിട്ടുണ്ടായിരുന്നില്ല. തുടർന്ന് സമീപത്തെ കടക്കാരുടെ കൈയിൽനിന്ന് പണം വാങ്ങിയാണ് പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചത്. അപ്പോഴും മകൾക്കു കുഴപ്പമുണ്ടാവില്ല എന്നാണ് കരുതിയിരുന്നത്.
വിദേശത്തായിരുന്ന ഹരീഷ് നാട്ടിലെത്തിയതിന്റെ പിറ്റേന്നാണ് മകൾക്ക് നായുടെ കടിയേറ്റത്. അഭിരാമിയെ കൺനിറയെ കാണാൻപോലും കഴിഞ്ഞിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ അഭിരാമിയുടെ ആരോഗ്യനില അതിഗുരുതരമായിരുന്നെങ്കിലും മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെയാണ് പറഞ്ഞത്.
മരണവിവരം അറിഞ്ഞപ്പോൾ മുതൽ ആശുപത്രിമുറ്റത്തിരുന്ന് പതംപറഞ്ഞ് കരയുകയായിരുന്നു രജനി. മഴ പെയ്തതോടെ ഹരീഷെത്തി ചേർത്തുപിടിച്ച് അവരെ അകത്തേക്കു കൊണ്ടുപോയി. മൃതദേഹം വിട്ടുകിട്ടുന്നതുവരെ ഹരീഷിന്റെ നെഞ്ചോട് ചേർന്നിരുന്നു കരഞ്ഞു. 3.40ഓടെ പൊതിഞ്ഞുകെട്ടിയ കുഞ്ഞുമൃതദേഹം പുറത്തെത്തിച്ചു. ഇതോടെ നിയന്ത്രണം വിട്ടു രജനിയുടെ കരച്ചിൽ ഉച്ചത്തിലായി. കനത്ത മഴയിലാണ് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് റാന്നിയിലേക്കു പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.