രജനി വധം; മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്
text_fieldsഒറ്റപ്പാലം: കോതകുറുശ്ശി ഗാന്ധിനഗർ കിഴക്കേപുരക്കൽ രജനിയുടെ (38) മരണ കാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിലും കീഴ്ത്താടിയിലുമായി എട്ട് വെട്ടുകളേറ്റതായും റിപ്പോർട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രജനിയുടെ ഭർത്താവ് കൃഷ്ണദാസനെ (47) കോടതി റിമാൻഡ് ചെയ്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും കൂടുതൽ തെളിവെടുപ്പിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഒറ്റപ്പാലം സർക്കിൾ ഇൻസ്‌പെക്ടർ എം. സുജിത്ത് പറഞ്ഞു. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് മടവാൾകൊണ്ടുള്ള വെട്ടേറ്റ് രജനി കൊല്ലപ്പെടുന്നത്.
വീട്ടിലെ മുറിയിലെ കട്ടിലിൽ ഉറങ്ങിക്കിടന്ന രജനിയെ ഒരു പ്രകോപനവുമില്ലാതെ കൃഷ്ണദാസ് വെട്ടിയെന്നാണ് പൊലീസ് കണ്ടെത്തൽ. മറ്റു മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന മക്കൾക്ക് നേരെയും കൃഷ്ണദാസ് മടവാൾകൊണ്ട് പാഞ്ഞടുത്തു. ഇതിനിടെ വെട്ടേറ്റ ഇവരുടെ മകൾ അനഘയുടെ നിലവിളി കേട്ടാണ് മറ്റു മക്കളായ അഭിരാം കൃഷ്ണയും (ഏഴ് ) അഭിനന്ദ് കൃഷ്ണയും (16) ഉണർന്നത്. കൂട്ട നിലവിളി കേട്ട് അയൽപക്കത്തെ കൃഷ്ണദാസിന്‍റെ സഹോദരൻ മണികണ്ഠൻ ഓടിയെത്തിയപ്പോഴാണ് കൊലപാതകത്തെ കുറിച്ചറിയുന്നത്.
കൃഷ്ണദാസിന്‍റെ കൈയിലുണ്ടായിരുന്ന ചോര പുരണ്ട മടവാൾ ഇയാൾ പിടിച്ചുവാങ്ങിയെന്നാണ് പറയുന്നത്. കഴുത്തിലും തലയിലും വെട്ടേറ്റ അനഘ അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. നിർമാണ തൊഴിലാളിയായ കൃഷ്ണദാസൻ നേരത്തെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റിരുന്നതായും ഇതിന് ശേഷം വിഷാദ രോഗത്തിന് സമാനമായ അവസ്ഥയിലായിരുന്നെന്നുമുള്ള നാട്ടുകാരുടെ വാദം പൊലീസും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.