'രാഹുലിനെ തൊട്ടുള്ള കളി വേണ്ട'; എ. വിജയരാഘവന് മുന്നറിയിപ്പുമായി ഉണ്ണിത്താൻ
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവാണെന്ന എ. വിജയരാഘവന്‍റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധിയെ തൊട്ടുള്ള കളി വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങളിൽ എല്ലായ്പ്പോഴും ഇടപെടുന്ന നേതാവാണ് രാഹുൽ. എന്നാൽ, ജനകീയ വിഷയങ്ങളിൽ നിന്നുമാറി ചില്ലുകൊട്ടാരത്തിൽ ജീവിക്കുന്നവരാണ് സി.പി.എമ്മുകാരെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
നാവിൽ വികടസരസ്വതി വിളങ്ങുന്ന നേതാവാണ് വിജയരാഘവൻ. അദ്ദേഹം സി.പി.എമ്മിന്‍റെ ആക്ടിങ് സെക്രട്ടറി മാത്രമാണ്. കോടിയേരി ബാലകൃഷ്ണൻ മടങ്ങി വരുംവരെ വിവരക്കേട് വിളമ്പാൻ വേണ്ടി പാർട്ടി ചുമതലപ്പെടുത്തിയ ആളായാണ് വിജയരാഘവനെ തങ്ങൾ കാണുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
രാഹുലിനെതിരെ വിജയരാഘവൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു. ദേശീയ പ്രസ്ഥാനമായ കോൺഗ്രസിന്‍റെ നേതാക്കൾ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മത്സരിക്കാറുണ്ട്. രാഹുൽ കൂടുതൽ ജനകീയനായി മാറുന്നു. ജനങ്ങളുടെ വികാരങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു നീങ്ങുന്നു.
സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന മുഴുവൻ പേരെയും രാഹുൽ കണ്ടിരുന്നു. സ്വേച്ഛാധിപതിയായി ഭരണം നടത്തുന്ന പിണറായി വിജയന് അതിന് സാധിച്ചില്ല. സുരക്ഷാ നിയന്ത്രണം മറികടന്ന് സമരക്കാരെ രാഹുൽ കണ്ടതിൽ എന്താണ് തെറ്റ്. സി.പി.എമ്മിന് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ അവർക്ക് അസൂയയാണെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
ബംഗാളിൽ സി.പി.എമ്മിന് രാഹുൽ നല്ലവനാണ്. രാഹുൽ ഗാന്ധി വയനാട് എം.പിയാണെങ്കിൽ എൽ.ഡി.എഫിന് തുടർഭരണം അസാധ്യമാണ്. കേരളത്തെ യു.ഡി.എഫിന്‍റെ കൈയിൽ ഏൽപ്പിച്ചേ രാഹുൽ സംസ്ഥാനം വീടൂവെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.