രാജ്യസഭ: സീറ്റ് ചർച്ച തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയിൽ തർക്കമുള്ള രാജ്യസഭ സീറ്റ് സംബന്ധിച്ച ചർച്ചകൾ ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം. ജൂൺ 25ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന് ജൂൺ 13 വരെ സമയമുണ്ട്. മുന്നണിയിൽ ഇതുസംബന്ധിച്ച് ചർച്ച തുടങ്ങിയില്ല. ജൂൺ നാലിനുശേഷം ചർച്ചയാകാമെന്നാണ് സി.പി.എം ഘടകകക്ഷികളെ അറിയിച്ചിരിക്കുന്നത്. യു.ഡി.എഫിൽ മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ച സീറ്റിൽ പുതുമുഖം വരുമെന്നാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന പ്രചാരണം സാദിഖലി ശിഹാബ് തങ്ങൾ നിഷേധിച്ചിട്ടുണ്ട്. യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തുണ്ട്.
രണ്ട് സീറ്റിൽ ജയിക്കാൻ കഴിയുന്ന ഇടതുമുന്നണിയിൽ ഒരു സീറ്റ് സി.പി.എം എടുക്കാനാണ് സാധ്യത. രണ്ടാമത്തെ സീറ്റിനായി സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും രംഗത്തുണ്ട്. ശ്രേയാംസ് കുമാറിനുവേണ്ടി എൽ.ജെ.ഡിയും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് തങ്ങൾക്കുതന്നെ ലഭിക്കണമെന്ന് ഉറച്ചനിലപാടിലാണ് സി.പി.ഐ.
ജോസ് കെ. മാണി ഒഴിയുന്ന സീറ്റിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ് മാണി വിഭാഗവും തയാറല്ലെന്നാണ് ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇരുപാർട്ടികളെയും അനുനയിപ്പിക്കാനുള്ള ഫോർമുല സി.പി.എം നേതൃത്വം കണ്ടെത്തേണ്ടതുണ്ട്. മുന്നണി യോഗത്തിന് മുന്നോടിയായി ഇക്കാര്യത്തിൽ സി.പി.ഐ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കളുമായി സി.പി.എം നേതൃത്വം അനൗപചാരിക ചർച്ച നടത്തുമെന്നാണ് സൂചന. തർക്കം രമ്യമായി പരിഹരിക്കുമെന്നും മുന്നണിയിൽ എല്ലാവരുടെയും താൽപര്യങ്ങൾക്ക് സ്ഥാനമുണ്ടെന്നും സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. സി.പി.എമ്മിന് ലഭിക്കുന്ന സീറ്റിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകളും ജൂൺ നാലിനുശേഷമാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.