കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് മാണി വിഭാഗം ചെയര്‍മാൻ ജോസ് കെ. മാണി എന്നിവർ ഒഴിയുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇവരുടെ കാലാവധി ജൂൺ ഒന്നിന് അവസാനിക്കും. ജൂൺ ആറിന് വിജ്ഞാപനം വരും. ജൂൺ 13 വരെയാണ് പത്രികാ സർപ്പണത്തിനുള്ള സമയം.
നിയമസഭയിൽ നിലവിലെ അംഗബലം അനുസരിച്ച് മൂന്നിൽ രണ്ട് സീറ്റിൽ എൽ.ഡി.എഫിനും ശേഷിക്കുന്ന ഒരു സീറ്റ് യു.ഡി.എഫിനും ജയിക്കാൻ കഴിയും. രണ്ടു സീറ്റ് ലഭിക്കുന്ന എൽ.ഡി.എഫിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ട്. ശ്രേയാംസ് കുമാറിനുവേണ്ടി സീറ്റ് ആവശ്യപ്പെട്ട് എൽ.ജെ.ഡിയും രംഗത്തുണ്ട്. സി.പി.ഐയും കേരള കോൺഗ്രസ് മാണി വിഭാഗവും സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. യു.ഡി.എഫിലെ സീറ്റ് ഇക്കുറി മുസ്ലിം ലീഗിനാണ്. ലോക്സഭാ സീറ്റിൽ മൂന്നാം സീറ്റ് ചോദിച്ച ലീഗിന് അടുത്ത രാജ്യസഭാ സീറ്റ് അന്ന് യു.ഡി.എഫ് ഉറപ്പുനൽകിയതാണ്.
നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് എൽ.ഡി.എഫിന് രണ്ടു പേരെയും യു.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാനുള്ള അംഗസംഖ്യയേയുള്ളൂ. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്ന തർക്കം മുന്നണിയിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം.
രാജ്യസഭാംഗത്വവുമായാണ് യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് ചാടിയത്. യു.ഡി.എഫിലായിരിക്കെ 2018ൽ ജയിച്ച രാജ്യസഭ സീറ്റ് ഇടതു പ്രവേശനത്തിന് തൊട്ടുപിന്നാലെ 2021 ജനുവരിയിൽ ജോസ് കെ. മാണി രാജിവെച്ചിരുന്നു. 2021 നവംബറിലാണ് ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക് ജോസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോൺഗ്രസ് വാദം. ജോസ് കെ. മാണിക്ക് വീണ്ടും രാജ്യസഭ ടിക്കറ്റാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.