രാജ്യസഭ തെരഞ്ഞെടുപ്പ്: കേരള കോൺഗ്രസിൽ വിപ്പ് തർക്കം രൂക്ഷമാകുന്നു
text_fieldsകോട്ടയം: രാജ്യസഭ തെരഞ്ഞെടുപ്പിൽ വിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം മുറുകുന്നു.
ഈ മാസം 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിൻ എം.എൽ.എ വിപ്പ് നൽകുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കുേമ്പാൾ അത് അംഗീകരിക്കില്ലെന്ന് ജോസഫ്പക്ഷം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിപ്പ് നൽകാനുള്ള ചുമതല ജോസഫ് പക്ഷം മോൻസ് േജാസഫ് എം.എൽ.എക്ക് കൈമാറിയിരുന്നു.
കേരള കോൺഗ്രസിൽ ആര് വിപ്പ് നൽകിയാലും യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കാത്ത സാഹചര്യത്തിൽ ഇരുപക്ഷത്തിെൻറയും നിലപാടുകളെ കൗതുകത്തോടെയാണ് കോൺഗ്രസും ഘടകകക്ഷികളും വീക്ഷിക്കുന്നത്.
കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് നേതൃയോഗം രാജ്യസഭ തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്തശേഷം റോഷി അഗസ്റ്റിനെ വിപ്പ് നൽകാൻ ചുമതലപ്പെടുത്തുകയായിരുന്നു. കെ.എം. മാണി ജീവിച്ചിരുന്നപ്പോൾപോലും ഇത്തരം ചുമതലകൾ റോഷിയെയാണ് ഏൽപിച്ചിരുന്നതെന്നും ജോസ് വിഭാഗം നേതാക്കൾ അറിയിച്ചു.
എന്നാൽ, യു.ഡി.എഫ് പുറത്താക്കിയ ജോസ് പക്ഷത്തിന് ഇതിന് അധികാരമില്ലെന്നും ജോസഫ്പക്ഷം തിരിച്ചടിക്കുന്നു. പാർലമെൻററി പാർട്ടി ലീഡർ പി.ജെ. ജോസഫാണെന്നും വിപ്പ് ആരാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കുമെന്നും ജോസഫ്പക്ഷം നേതാക്കൾ പറയുന്നു. ഇരുവിഭാഗവും സ്പീക്കർക്ക് ഉടൻ കത്ത് നൽകും.
പാർട്ടിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. യു.ഡി.എഫിൽനിന്ന് പുറത്താക്കിയതിനാൽ തെരഞ്ഞെടുപ്പിൽ ജോസ്പക്ഷത്തിെൻറ നിലപാടും ശ്രദ്ധേയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.