ആരാകും രാജ്യസഭയിലേക്ക് പോവുക?; ചര്‍ച്ച തുടങ്ങി മുന്നണികൾ
text_fieldsതിരുവനന്തപുരം: കേരളത്തില്‍നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, മുന്നണികളിൽ രാഷ്ട്രീയ ചര്‍ച്ച തുടങ്ങി. നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ട് സീറ്റിൽ ഇടതുമുന്നണിക്കും ഒരെണ്ണത്തിൽ യു.ഡി.എഫിനും വിജയിക്കാം.
എ.കെ. ആന്റണി, കെ. സോമപ്രസാദ്, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധിയാണ് ഏപ്രിലിൽ അവസാനിക്കുക. ആന്‍റണിയുടെ ഒഴിവിൽ കോൺഗ്രസ് വീണ്ടും മത്സരിക്കുമെന്നുറപ്പാണ്. എന്നാൽ, ഇടതുമുന്നണിയിൽ ഒരു സീറ്റിന് സി.പി.ഐ അവകാശവാദമുന്നയിക്കും. അതംഗീകരിക്കപ്പെട്ടാൽ ശ്രേയാംസ്‌കുമാറിനോ പാർട്ടിക്കോ സീറ്റ് ലഭിക്കാൻ സാധ്യത കുറവാണ്.
യു.ഡി.എഫ് വിട്ട് എല്‍.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമായപ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന രാജ്യസഭാംഗത്വം അവർക്കുതന്നെ നൽകുകയായിരുന്നു. രാജ്യസഭാംഗമായിരിക്കെ വീരേന്ദ്രകുമാര്‍ മരിച്ച സാഹചര്യത്തില്‍ ശേഷിച്ച കാലയളവിനാണ് ശ്രേയാംസ്‌കുമാറിന് സീറ്റ് നല്‍കിയത്. സോമപ്രസാദിന് പകരം എ. വിജയരാഘവനെയോ തോമസ് ഐസക്കിനെയോ പരിഗണിക്കാനാണ് സാധ്യത. മുന്നണിക്ക് വിജയിക്കാവുന്ന രണ്ടാമത്തെ സീറ്റിന് സി.പി.ഐ അവകാശവാദമുന്നയിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
ഇനി മത്സരത്തിനില്ലെന്ന് ആന്റണി നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ ഒരാളെ കോണ്‍ഗ്രസിന് കണ്ടെത്തേണ്ടിവരും. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിന് അവസരം കിട്ടുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആന്റണിയുടെ പഴയ ശിഷ്യനാണ് ചെറിയാൻ. രണ്ട് പതിറ്റാണ്ടിലേറെ പാര്‍ട്ടിക്ക് പുറത്തിരുന്നയാൾക്ക് മടങ്ങിവന്നയുടന്‍ സീറ്റ് നല്‍കുന്നതിനോട് ചിലര്‍ക്കെങ്കിലും അതൃപ്തിയുണ്ട്. അതേസമയം, ഇത്തവണ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ എം. ലിജു, വി.ടി. ബൽറാം തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കപ്പെടാം. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും തലസ്ഥാനത്ത് എത്തിയശേഷമേ ഇക്കാര്യത്തിൽ ചർച്ച തുടങ്ങൂ.
എൽ.ഡി.എഫ് തീരുമാനിക്കും -കോടിയേരി
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ എൽ.ഡി.എഫ് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി. ശശിക്ക് ഭരണപരമായ ചുമതല നൽകണോ എന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. ഒമ്പതിന് പാർട്ടി സംസ്ഥാന കമ്മിറ്റി ചേർന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്ത് അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം തലസ്ഥാനത്ത് എത്തിയ കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
തിരുവനന്തപുരത്തെത്തിയ കോടിയേരിക്ക് സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മന്ത്രി വി. ശിവൻകുട്ടി, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ല സെക്രട്ടറിയേറ്റംഗം പുഷ്പലത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.