രാജ്യസഭ: കോണ്‍ഗ്രസില്‍ നിരവധി പേർ
text_fieldsതിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിജയം ഉറപ്പുള്ള ഏകസീറ്റിനുവേണ്ടി കോണ്‍ഗ്രസില്‍ നിരവധി പേർ. യുവതലമുറയെ പരിഗണിക്കണമെന്ന് യുവനേതൃത്വവും പരിചയസമ്പന്നരാണ് വേണ്ടതെന്ന വാദവുമായി മുതിര്‍ന്ന നേതാക്കളും സജീവമായി. സാമുദായിക സമവാക്യങ്ങള്‍ സന്തുലിതമാക്കാനുള്ള ആലോചനയും സജീവമാണ്. അതിനിടെ സീറ്റിന് അവകാശവാദം ഉന്നയിച്ച് സി.എം.പി നേതാവ് സി.പി. ജോണ്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കി.
കോൺഗ്രസ് നേതൃപദവികളിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ലെന്ന പരാതി കുറച്ചുനാളുകളായി ഉണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എം. ഹസനെ രാജ്യസഭയിലേക്ക് അയച്ച് യു.ഡി.എഫ് കൺവീനർ പദവിയിലേക്ക് മുൻമന്ത്രി കെ.സി. ജോസഫിനെ കൊണ്ടുവരികയെന്ന നിർദേശവും സജീവമാണ്. ഒരേസമയം ക്രൈസ്തവ-മുസ്ലിം സമുദായ സമവാക്യം സന്തുലിതമാക്കാൻ ഇത് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഹസനെ നിലനിർത്തി കെ.സി. ജോസഫിനെ പരിഗണിക്കാനും സാധ്യതയേറെയാണ്.
സീറ്റിൽ പ്രഫ. കെ.വി. തോമസ് പരസ്യമായി താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും പാര്‍ട്ടി പദവിയില്‍നിന്ന് ഒഴിവാക്കിയതുമൊക്കെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. രാജ്യസഭ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ടോളം നീണ്ട സി.പി.എം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന് ഫിലിപ്പിന് അവസരം കിട്ടുമോയെന്ന് ഉറ്റുനോക്കുന്നവരുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ പാര്‍ട്ടിയിൽ ഇല്ലാതിരുന്ന ഒരാൾക്ക് മടങ്ങിവന്നയുടന്‍ സീറ്റ് നല്‍കുന്നതിനോട് ചിലർക്ക് അതൃപ്തിയുണ്ട്. എന്നാൽ, താൻ ഒഴിയുന്ന സീറ്റിൽ പഴയ ശിഷ്യനായ ചെറിയാനെ പരിഗണിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടാൽ നിഷേധിക്കാൻ നേതൃത്വത്തിന് സാധിക്കില്ല.
മുല്ലപ്പള്ളി രാമചന്ദ്രൻ, ഷാനിമോള്‍ ഉസ്മാൻ തുടങ്ങിയവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. യുവതലമുറയിൽനിന്ന് ഒരാളെ രാജ്യസഭയിൽ എത്തിക്കാൻ നേതൃത്വം തീരുമാനിച്ചാൽ എം. ലിജു, വി.ടി. ബലറാം എന്നിവരിൽ ഒരാൾക്ക് നറുക്ക് വീഴും. അന്തിമ തീരുമാനം ഹൈകമാൻഡിന്റേത് ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.