രാജ്യസഭാ സീറ്റ് വിവാദം: കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ല
text_fieldsന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ലെന്ന് റിപ്പോർട്ട്. നിലവിലെ പ്രശ്നങ്ങൾ സംസ്ഥാനത്തെ നേതാക്കൾ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ മാത്രം ഇടപെടാമെന്നാണ് ഹൈക്കമാൻഡ് നിലപാട്.
അതേസമയം, രാജ്യസഭാ സീറ്റ് സംബന്ധിച്ച സംസ്ഥാന കോൺഗ്രസിലുണ്ടായ അഭിപ്രായ ഭിന്നതയിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനോടാണ് വിശദീകരണം തേടിയത്. രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി കെ.എം. മാണിക്ക് നൽകിയതിനെതിരെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകിയ സാഹചര്യത്തിലാണിത്.
കോൺഗ്രസിലെ ഇരുവിഭാഗങ്ങളും യോജിച്ച് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ തീരുമാനിച്ചിട്ടും മുതിർന്ന നേതാക്കളും എം.പിമാരും എം.എൽ.എമാരും കടുത്ത പ്രതിഷേധം ഉയർത്തിയത് ഹൈക്കമാൻഡിനെ ഞെട്ടിച്ചിരുന്നു. കെ.പി.സി.സി മുൻ പ്രസിഡന്‍റുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, പി.ജെ. കുര്യൻ എം.പി, യുവ എം.എൽ.എമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, അനിൽ അക്കര, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ, റോണി എം. ജോൺ അടക്കമുള്ളവരാണ് പരസ്യ പ്രതിഷേധം ഉയർത്തിയത്.
അതിനിടെ, രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതിഷേധങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. ഇനി യോജിച്ച് മുന്നേറണം. അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കും. പ്രതിഷേധിക്കേണ്ട സമയം കഴിഞ്ഞെന്നും മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.