രാജ്യസഭ സീറ്റിൽ വഴിമുട്ടി; ഇന്ന് നിർണായക എൽ.ഡി.എഫ് യോഗം
text_fieldsതിരുവനന്തപുരം: രാജ്യസഭ സീറ്റിലെ അനുനയ നീക്കങ്ങൾ വഴിമുട്ടിയതിന് പിന്നാലെ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനുള്ള നിർണായക ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരും. ഇടതുമുന്നണിയുടെ അംഗബലമനുസരിച്ച് വിജയിപ്പിക്കാവുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സി.പി.എം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സീറ്റിൽ കേരള കോൺഗ്രസ് മാണി വിഭാഗവും സി.പി.ഐയും നിലപാട് കടുപ്പിച്ചതോടെയാണ് മുന്നണി നേതൃത്വം വെട്ടിലായത്. തിങ്കളാഴ്ചയിലെ ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ സി.പി.എം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം മുന്നോട്ടുവെച്ചെങ്കിലും ജോസ് കെ. മാണി വഴങ്ങിയിട്ടില്ല.
ജോസ് കെ. മാണിയെ പിണക്കേണ്ടെന്ന നിലപാടാണ് സി.പി.എമ്മിന്. കോട്ടയത്തെ പരാജയത്തോടെ കേരള കോൺഗ്രസിന് പാർലമെന്റിൽ പ്രാതിനിധ്യമില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് വിശദീകരിച്ചിരുന്നു. എന്നാൽ, സി.പി.ഐക്കു കേരളത്തിൽനിന്ന് ലോക്സഭയിൽ എം.പിമാരില്ലാത്ത സാഹചര്യത്തിൽ രാജ്യസഭ സീറ്റിൽ വീട്ടുവീഴ്ച ചെയ്യാനാവില്ലെന്ന നിലപാടാണ് സി.പി.ഐക്ക്.
ഇതിനോടകം സ്ഥാനാർഥികളുടെ പേരുകളിലേക്കും സി.പി.ഐ കടന്നിട്ടുണ്ട്. പ്രകാശ് ബാബു മുതൽ ആനി രാജയുടെ പേരുകളിൽ വരെ പാർട്ടിക്ക് മുന്നിൽ ചർച്ചകളായുണ്ട്. അതേസമയം, സി.പി.ഐ കേന്ദ്ര നേതൃത്വം വഴി സംസ്ഥാന നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേന്ദ്രനേതൃത്വം ഇടപെടുമോ എന്നതിലും വ്യക്തതയില്ല. ആദ്യം സി.പി.എം സെക്രട്ടേറിയറ്റ് യോഗവും പിന്നീട് ഇടതുമുന്നണി യോഗവുമാണ് തിങ്കളാഴ്ച നിശ്ചയിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ് യോഗത്തിലാകും അന്തിമധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.