രാജ്യസഭ സീറ്റ് കിട്ടിയേ തീരൂ; നിലപാടിലുറച്ച് കേരള കോൺഗ്രസ് എം
text_fieldsകോട്ടയം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്ക് കിട്ടിയേ തീരൂവെന്നും അല്ലാതുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നുമുള്ള നിലപാടിലുറച്ച് കേരള കോൺഗ്രസ് എം.
2027ൽ ഒഴിവുവരുന്ന സീറ്റോ ഭരണ പരിഷ്കാര കമീഷൻ പോലുള്ള പദവികളോ വേണ്ടെന്നും ജൂലൈയിൽ ഒഴിവ് വരുന്ന രാജ്യസഭാംഗ സ്ഥാനംതന്നെ വേണമെന്നുമുള്ള നിലപാട് എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മുമ്പ് പല സന്ദർഭങ്ങളിലും സി.പി.എം മുന്നോട്ടുവെച്ച ഒത്തുതീർപ്പുകൾക്ക് പാർട്ടി വഴങ്ങിയിട്ടുണ്ട്.
പക്ഷേ, അതുമൂലം നിരവധി നഷ്ടങ്ങളുണ്ടായെന്നും അതിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ടെന്നുമാണ് കേരള കോൺഗ്രസിന്റെ വിലയിരുത്തൽ.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസ്ഥാനമുൾപ്പെടെ വിഷയങ്ങളിൽ വഴങ്ങിയത് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐക്ക് നാല് മന്ത്രിമാരെ നൽകിയപ്പോൾ തങ്ങൾക്ക് ഒരു മന്ത്രിയെ മാത്രമാണ് അനുവദിച്ചത്.
സമ്മർദങ്ങളെ തുടർന്നാണ് ചീഫ് വിപ്പ് പദവി ലഭിച്ചത്. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചില്ല.
ഏറ്റവുമൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനുപുറമെ ഇടുക്കി, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങൾ കൂടി നൽകണമെന്ന ആവശ്യം ഉയർത്തിയെങ്കിലും അതും പരിഗണിച്ചില്ല. എന്നാൽ, സി.പി.ഐക്ക് നാല് മണ്ഡലങ്ങൾ ഇക്കുറിയും നൽകി. സി.പി.ഐക്ക് അമിത പ്രാധാന്യം നൽകുന്നെന്ന പരാതിയും കേരള കോൺഗ്രസ് എമ്മിനുണ്ട്.
യു.ഡി.എഫ് നൽകിയ എം.പി സ്ഥാനം എൽ.ഡി.എഫ് ആവശ്യപ്രകാരമാണ് ജോസ് കെ. മാണി രാജിവെച്ചത്. ശേഷിച്ച കുറച്ചുകാലം മാത്രമാണ് ജോസിന് എം.പിയായി തുടരാൻ എൽ.ഡി.എഫ് അവസരം നൽകിയത്. അതിനാൽ എൽ.ഡി.എഫിൽ എത്തിയതിന്റെ ഫലമായി കിട്ടിയ എം.പി സ്ഥാനമാണതെന്ന് അതിനെ പറയാനാകില്ല. ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷപദവി വെറും ആലങ്കാരിക പദവിയാണെന്ന അഭിപ്രായവും മാണി വിഭാഗത്തിനുണ്ട്. വി.എസ്. അച്യുതാനന്ദൻ കമീഷൻ സമർപ്പിച്ച പല റിപ്പോർട്ടും ഫലം കണ്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് തോമസ് ചാഴികാടന്റെ ജയ-പരാജയവും ജോസ് കെ. മാണിയുടെ സ്ഥാനമാനത്തെ ബാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.