രാജ്യസഭ സീറ്റ്: പാനൽ ഉറപ്പായി, ഹൈകമാൻഡ് നിർദേശത്തോട് കോൺഗ്രസിൽ വ്യാപക എതിർപ്പ്
text_fieldsതിരുവനന്തപുരം: രാജ്യസഭ സീറ്റിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളിയും എ.ഐ.സി.സി സെക്രട്ടറിയുമായ ശ്രീനിവാസന് കൃഷ്ണന്റെ പേര് നിർദേശിച്ച ഹൈകമാൻഡ് നിലപാടിനോട് ഗ്രൂപ് ഭേദമെന്യേ സംസ്ഥാന കോൺഗ്രസിൽ എതിർപ്പ്. പാര്‍ട്ടിക്കുവേണ്ടി കഠിനപ്രയത്നം ചെയ്യുന്ന നിരവധി നേതാക്കൾ ഇവിടെയുള്ളപ്പോൾ ഹൈകമാൻഡ് സ്ഥാനാർഥിയെ കെട്ടിയിറക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നാണ് സംസ്ഥാന കോൺഗ്രസിലെ നേതാക്കളുടെ പൊതുവികാരം. ഹൈകമാൻഡ് നീക്കം സംസ്ഥാനത്ത് പാർട്ടിയെ തകർക്കുമെന്ന നിലപാടിലാണ് നേതാക്കൾ. ശ്രീനിവാസന്റെ പേര് പ്രഖ്യാപിച്ചാൽ പരസ്യവിമർശനം ഉയരാനും സാധ്യതയേറെ.
സംസ്ഥാനത്തുനിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റിൽ യു.ഡി.എഫിന് ജയിക്കാവുന്ന ഏക സീറ്റിലേക്കാണ് ശ്രീനിവാസനെ പരിഗണിക്കണമെന്ന ഹൈകമാൻഡ് നിർദേശം. കെ.പി.സി.സി അയക്കുന്ന പാനലില്‍ അദ്ദേഹത്തിന്റെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. സ്ഥാനാർഥിയെ അന്തിമമായി തീരുമാനിക്കുന്നത് ഹൈകമാന്‍ഡ് ആയതിനാൽ അവരുടെ താല്പര്യത്തിന് മുഖ്യപരിഗണന ലഭിക്കുമെന്ന് സംസ്ഥാന നേതൃത്വം ഭയപ്പെടുന്നു. ഹൈകമാൻഡിന്റെ അപ്രതീക്ഷിത നിർദേശം സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. സംസ്ഥാനത്ത് പ്രവർത്തന പരിചയമില്ലാത്ത ശ്രീനിവാസന്റെ പേരിനെതിരെ എതിർപ്പ് ഉയർന്നാൽ മറുപടി നൽകാൻ നേതൃത്വം ഏറെ വിയർക്കേണ്ടിവരും. ചാലക്കുടി സീറ്റിലേക്ക് നേരത്തേ അദ്ദേഹത്തിന്റെ പേര് പരിഗണിച്ചപ്പോഴും വലിയ വിമർശനമാണ് ഉയർന്നത്.
തുടർന്ന് ഹൈകമാൻഡ് ഈ നീക്കത്തിൽനിന്ന് പിൻവാങ്ങി. അതിനുശേഷം അദ്ദേഹത്തെ എ.ഐ.സി.സി സെക്രട്ടറിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ റോൾ നൽകാൻ സംസ്ഥാന നേതൃത്വം തയാറായില്ല. രാജ്യസഭയിലേക്ക് ഇത്തവണ യുവനിരയിൽനിന്ന് ഒരാളെ അയക്കാനാണ് കെ.പി.സി.സി നേതൃത്വം ആലോചിച്ചിരുന്നത്. എം. ലിജുവിന്റെ പേര് സജീവ പരിഗണനയിലുമുണ്ട്. അതിനിടയിലാണ് ഹൈകമാൻഡിന്റെ അപ്രതീക്ഷിത ഇടപെടല്‍. എ.കെ. ആന്റണി ഉൾപ്പെടെയുള്ളവർ ഒഴിയുന്ന രാജ്യസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അതിനാൽ ഹൈകമാൻഡ് ആന്റണിയുടെ അഭിപ്രായം ആരായാൻ സാധ്യതയുണ്ട്. യു.ഡി.എഫ് കൺവീനറായ എം.എം. ഹസന്റെ പേര് അദ്ദേഹം നിർദേശിക്കുമെന്ന് പ്രചാരണമുണ്ട്. സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ശക്തമാണ്. എന്തായാലും ഹൈകമാൻഡിന് കെ.പി.സി.സി കൈമാറുന്ന പട്ടികയിൽ ഇത്തവണ ഒറ്റപ്പേര് ആകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
എം. ലിജുവിന് സാധ്യത, കെ. ശ്രീനിവാസനും പട്ടികയിൽ
ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്ക് എം. ലിജുവിന്റെ പേര് ഹൈകമാൻഡിനു മുന്നിൽ വെച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ബുധനാഴ്ച രാഹുൽ ഗാന്ധിയുമായി സുധാകരൻ നടത്തിയ കൂടിക്കാഴ്ചയിൽ ലിജുവും പങ്കെടുത്തു. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെ പേരും ഇതിനൊപ്പം ഉയർന്നു വന്നിട്ടുണ്ട്. ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കണമെന്നാണ് ദേശീയ നേതൃത്വം നൽകിയ നിർദേശമെന്ന് സുധാകരൻ വിശദീകരിച്ചു. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം ദേശീയ നേതൃത്വത്തിൽ നിന്ന് വ്യാഴാഴ്ച ലഭിക്കുമെന്നും രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി പാനല്‍ തയാറാക്കിയിട്ടില്ല. യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് കെ.പി.സി.സി പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ രാഹുല്‍ വളരെയധികം പ്രയത്നിച്ചിട്ടുണ്ട്. തോൽവിക്ക് കാരണം മറ്റു ചില കാരണങ്ങളാണെന്നും അത് എല്ലാവർക്കും അറിയാമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ടല്ലെന്ന് കൂടിക്കാഴ്ചക്ക് പിറകെ എം. ലിജു പ്രതികരിച്ചു. രാജ്യസഭ സ്ഥാനാർഥിയെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.