തങ്ങൾ ആരുടെയും മൈക്ക് സെറ്റല്ലെന്ന് ഷാഫി പറമ്പിലും അനിൽ അക്കരയും
text_fieldsതൃശൂര്‍: ഉമ്മൻചാണ്ടിക്ക് വേണ്ടി കോൺഗ്രസിലെ യുവഎം.എൽ.എമാർ തന്നെ അധിക്ഷേപിച്ചെന്ന പി.ജെ. കുര്യൻ എം.പിയുടെ ആരോപണത്തിന് ചുട്ടമറുപടിയുമായി എം.എൽ.എമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹസനും എടുത്ത തീരുമാനത്തിന് യുവ എം.എൽ.എമാർ ഉത്തരവാദികളല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അവനവന് ലഭിക്കാത്തതിലുള്ള അസ്വസ്ഥതയാണ് പി.ജെ കുര്യൻ പ്രകടിപ്പിക്കുന്നതെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ആന്‍റി കുര്യൻ മൂവ്മെന്‍റ് ആയിരുന്നില്ല, പ്രൊ പുതുമുഖം മൂവ്മെന്‍റ് ആയിരുന്നു ഉദ്ദേശിച്ചത്. ഉമ്മൻചാണ്ടി പറഞ്ഞിട്ടല്ല പി.ജെ കുര്യനെതിരെ പോസ്റ്റിട്ടത്. ആരുടെയും മൈക്ക് ആയിട്ടല്ലാ യുവ എം.എല്‍.എമാർ നിലപാട് എടുത്തതെന്ന് ഷാഫി വ്യക്തമാക്കി.
അതേസമയം, തങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ലെന്ന് അനില്‍ അക്കരെയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ മാത്രമല്ല പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് പറയുമെന്നും അനില്‍ അക്കര വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഞങ്ങൾ ആരുടേയും മൈക്ക് സെറ്റല്ല, രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ മാത്രമല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയേണ്ടിടത്ത് പറയും, പാർട്ടിയുടെ അന്തിമ തീരുമാനം അനുസരിക്കുകയും ചെയ്യും, നമ്മുടെ കാര്യം വരുമ്പോൾ അച്ചടക്കം, കാര്യം കഴിഞ്ഞാൽ പുരപ്പുറത്ത് ആ ശീലവും ഇല്ല. ഞങ്ങളുടെ നിലപാട് കോൺഗ്രസ് പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സ്ഥാനാർഥി നിർണ്ണയത്തിന് മുൻപും, ശേഷവും. ഇനിയും ആവശ്യമായ സമയത്ത് പറയേണ്ടത് പറയേണ്ടിടത്ത് പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.