ജെബി മേത്തർ, ഹസൻ, ലിജു: രാജ്യസഭാ സീറ്റിലേക്ക് മൂന്നംഗ പാനൽ കെ.പി.സി.സി ഹൈകമാൻഡിന് കൈമാറി
text_fieldsതിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ഹൈകമാൻഡ് നിർദ്ദേശിച്ച ശ്രീനിവാസൻ കൃഷ്ണന്‍റെ പേര് ഒഴിവാക്കി മൂന്നംഗ പാനൽ ഹൈകമാൻഡിന് കെ.പി.സി.സി കൈമാറി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ, കെ.പി.സി.സി നിർവാഹകസമിതിയംഗം എം. ലിജു, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഇടംപിടിച്ചതെന്ന് അറിയുന്നു.
ഈ പാനലിൽ നിന്നോ അല്ലെങ്കിൽ പുറത്ത്നിന്ന് മറ്റൊരാളെയോ സ്ഥാനാർഥിയായി ഹൈകമാൻഡ് തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപനം മിക്കവാറും ഇന്ന്തന്നെ ഉണ്ടാകുമെന്ന് അറിയുന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് പാനൽ തയാറായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച് തോറ്റവരെ പരിഗണിക്കേണ്ടെന്ന ആവശ്യം ഉയർന്നെങ്കിലും സ്വീകരിക്കപ്പെട്ടില്ല. യുവത്വം മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡമാകേണ്ടതെന്ന വാദവും പാനൽ തയാറാക്കുന്നതിൽ പരിഗണിച്ചില്ല. അതേസമയം ഈ ആവശ്യങ്ങളും മാനിക്കപ്പെടുംവിധമാണ് പാനലിന് സംസ്ഥാന നേതൃത്വം രൂപം കൊടുത്തത്.
രാജ്യസഭയിൽ എ.കെ ആന്‍റണിയുടെ കാലാവധി പൂർതതിയാകുന്ന ഒഴിവിലേക്ക് പരിഗണിക്കപ്പെട്ട മൂന്ന് പേരിൽ രണ്ട് പേർ എ ഗ്രൂപ്പിൽ നിന്നുള്ളവരും ഒരാൾ കെ. സുധാകരന്‍റെ വിശ്വസ്തനുമാണ്. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ പരിഗണിക്കണമെന്ന ഹൈകമാൻഡ് നിർദ്ദേശത്തോട് തുടക്കംമുതൽ സംസ്ഥാന നേതാക്കൾക്ക് യോജിപ്പില്ലായിരുന്നു. അതിനാൽത്തന്നെ അദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്താനും കെ.പി.സി.സി തയാറായില്ല. ഇത് സംസ്ഥാന നേതൃത്വത്തിന്‍റെ അസാധാരണ തീരുമാനമാണ്.
കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും വ്യാഴാഴ്ചരാത്രി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് രാജ്യസഭാ സ്ഥാനാർഥിയെ സംബന്ധിച്ച് പാർട്ടിയിൽ ഉടലെടുത്ത അനിശ്ചിതത്വത്തിന് മാറ്റംവന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡൽഹിയിൽ നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ വിമാനത്താവളത്തിൽ നിന്ന് നേരെ പ്രതിപക്ഷനേതാവ് വി.ഡി സതീശനെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിലാണ് മൂന്നംഗ പാനൽ സമർപ്പിക്കാൻ ധാരണയായത്.
പാനലിൽ ഉൾപ്പെടുത്തേണ്ട പേരുകൾ സംബന്ധിച്ചും ഇവർക്കിടയിൽ ധാരണയായതിന് പിന്നാലെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുമായും നേതാക്കൾ അനൗപചാരിക ചർച്ചകൾ നടത്തി. തുടർന്നാണ് ജെബി മേത്തർ, എം.ലിജു, എം.എം ഹസൻ എന്നിവരുടെ പാനൽ തയാറാക്കി വെളളിയാഴ്ച രാവിലെ ഹൈകമാൻഡിന് സമർപ്പിച്ചത്. ഇവരിൽ ഹസനും ജെബിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല.
സമീപകാലംവരെ യൂത്ത്കോൺഗ്രസ് ദേശീയ കോർഡിനേറ്ററായിരുന്ന ജെബി അടുത്തിടെയാണ് മഹിളാകോൺഗ്രസ് സംസ്ഥാന അധ്യക്ഷയായത്. സംസ്ഥാനത്ത് പാർട്ടിയുടെ മുതിർന്ന നേതാവായ ഹസൻ ഇപ്പോൾ യു.ഡി.എഫ് കൺവീനറാണ്. കെ.പി.സി.സി ജന. സെക്രട്ടറിയും ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റുമായിരുന്ന ലിജു പാർട്ടിയിൽ പുതുതലമുറയിലെ പ്രമുഖനാണ്.
ഈ പാനലിൽ നിന്നോ അല്ലെങ്കിൽ പുറത്ത്നിന്ന് മറ്റൊരാളെയോ ഇനി സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ടത് ഹൈകമാൻഡ് ആണ്. സാധാരണ ഈ പാനലിൽ നിന്ന് ഒരാളെയാണ് തീരുമാനിക്കുകയെങ്കിലും ശ്രീനിവാസൻ കൃഷ്ണൻ ഉൾപ്പെടെ പാനലിൽ ഇല്ലാത്ത ആരുടെ പേരും ഹൈകമാൻഡിന് നേരിട്ട് പരിഗണിക്കാൻ സാധിക്കും. അതിന് ഹൈകമാൻഡ് മുതിരുമോയെന്നാണ് ഇനി അറിയേണ്ടത്. ജെബി മേത്തറുടെ പേര് അംഗീകരിക്കപ്പെട്ടാൽ കേരളത്തിൽ നിന്ന് ഇതാദ്യമായിട്ടാകും ഒരു മുസ്ലിം വനിത രാജ്യസഭയിൽ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.