രാജ്യസഭ: എൽ.ഡി.എഫിനെ കുഴപ്പിച്ച് രണ്ടാം സീറ്റ്
text_fieldsതിരുവനന്തപുരം: രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ മുന്നണിയിൽ പുതിയ പ്രതിസന്ധി. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാംഗത്വം ജൂലൈയിൽ അവസാനിക്കും. ഇടതുമുന്നണിയുടെ നിലവിലെ നിയമസഭ പ്രാതിനിധ്യം അനുസരിച്ച് രണ്ടുപേരെ വിജയിപ്പിക്കാനുള്ള അംഗസംഖ്യയേയുള്ളൂ. മുന്നണിയിലെ വലിയ കക്ഷിയായ സി.പി.എം അവരുടെ സീറ്റിൽ വിട്ടുവീഴ്ച ചെയ്യില്ല. രണ്ടാമത്തെ സീറ്റ് ആർക്കെന്നതാണ് മുന്നണിയെ കുഴപ്പിക്കുന്നത്.
ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാന് കേരള കോണ്ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സി.പി.ഐയും കടുപ്പിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം. ഇക്കാര്യം അടുത്ത മുന്നണി യോഗത്തിൽതന്നെ ഉന്നയിക്കും.
പാർട്ടി സെക്രട്ടറി ചുമതലയുള്ളതിനാൽ ബിനോയ് വിശ്വം വീണ്ടും മത്സരിക്കുമോ എന്നു വ്യക്തതയില്ല. നിലവിൽ ദേശീയ തലത്തിലെ പ്രതിപക്ഷ ചലനങ്ങളിലെ സുപരിചിത മുഖമാണ് ബിനോയിയുടേത്. ദേശീയ രാഷ്ട്രീയത്തിൽ സജീവ ഇടപെടലുകൾക്കായി അദ്ദേഹത്തെതന്നെ നിയോഗിക്കണമെന്ന അഭിപ്രായവും പാർട്ടിക്ക് മുന്നിലുണ്ട്. ഇത്തരത്തിൽ സുപ്രധാന പരിഗണന നൽകുന്ന സീറ്റ് കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടതില്ലെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം.
രാജ്യസഭാംഗത്വവുമായാണ് യു.ഡി.എഫിൽനിന്ന് കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് ചാടിയത്. യു.ഡി.എഫിലായിരിക്കെ 2018ൽ ജയിച്ച രാജ്യസഭ സീറ്റ് ഇടതു പ്രവേശനത്തിന് തൊട്ടുപിന്നാലെ 2021 ജനുവരിയിൽ ജോസ് കെ. മാണി രാജിവെച്ചിരുന്നു. 2021 നവംബറിലാണ് ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക് ജോസ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോൺഗ്രസ് വാദം. ജോസ് കെ. മാണിക്ക് വീണ്ടും രാജ്യസഭ ടിക്കറ്റാണ് കേരള കോണ്ഗ്രസിന്റെ ലക്ഷ്യം. സി.പി.എമ്മിൽ എം. സ്വരാജിന്റെയടക്കം പേരുകളാണ് പരിഗണനയിൽ.
വിഷയം ചർച്ച ചെയ്തില്ല -ജോസ് കെ. മാണി
കോട്ടയം: രാജ്യസഭാ സീറ്റ് വിഷയം ചർച്ച ചെയ്തില്ലെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗ ശേഷം ജോസ് കെ. മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. എൽ.ഡി.എഫ് യോഗത്തിൽ വിഷയം ഉന്നയിക്കും.ഉചിത തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ലോക്സഭാ സീറ്റുകളിൽ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടുമെന്നും യോഗം വിലയിരുത്തി.
പറയേണ്ടിടത്ത് പറയും -ബിനോയ് വിശ്വം
തൃശൂർ: രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും അത് ലഭിക്കണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനെക്കുറിച്ച് ബഹളവും തർക്കവുമുണ്ടാക്കാൻ സി.പി.ഐ ഇല്ല. വിഷയം പറയേണ്ടിടത്ത് പറയും. എൽ.ഡി.എഫിന് ഇക്കാര്യത്തിൽ ഒരു രീതിയും സംസ്കാരവുമുണ്ട്. ഇതിനെക്കുറിച്ച് തർക്കങ്ങളിലേക്ക് പോകേണ്ടതില്ല. ഇതൊക്കെ പറയേണ്ട സ്ഥലം എൽ.ഡി.എഫ് യോഗമാണ്. ആ സംസ്കാരം സി.പി.ഐക്കറിയാം- അദ്ദേഹം പറഞ്ഞു. ഉചിത തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ. മാണി പറഞ്ഞു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ലോക്സഭാ സീറ്റുകളിൽ എൽ.ഡി.എഫ് ഉജ്ജ്വലവിജയം നേടുമെന്നും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.