രാജ്യസഭ: 24 സീറ്റിലേക്ക് ഇന്ന് വോട്ടെടുപ്പ്
text_fieldsന്യൂഡൽഹി: കോവിഡ്കാലം ബാധകമാകാത്ത കുതിരക്കച്ചവടങ്ങളുടെ അകമ്പടിയോടെ വിവിധ സംസ്ഥാനങ്ങളിലെ 24 രാജ്യസഭ സീറ്റുകളിലേക്ക് വെള്ളിയാഴ്ച വോട്ടെടുപ്പ്. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ നിർണായകമായ പല നിയമനിർമാണങ്ങളിലേക്കും ബി.െജ.പി തിരിയാനിരിക്കെ, ഭരണമുന്നണിയായ എൻ.ഡി.എ സഖ്യത്തെ രാജ്യസഭയിൽ ഭൂരിപക്ഷത്തോട് കൂടുതൽ അടുപ്പിക്കുന്നതാവും തെരഞ്ഞെടുപ്പു ഫലം.
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോ സീറ്റ് കൂടുതൽ നേടിയെടുക്കാൻ ബി.ജെ.പി നടത്തിയ കരുനീക്കങ്ങൾ ഫലത്തെ സ്വാധീനിക്കും. ബി.ജെ.പി റാഞ്ചാതിരിക്കാൻ നിരവധി എം.എൽ.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ രണ്ടിടത്തും കോൺഗ്രസ് നിർബന്ധിതമായിരുന്നു.
രാജസ്ഥാനിൽനിന്ന് തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ പട്ടികയിൽ കോൺഗ്രസിെൻറ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്. കോൺഗ്രസ് വിട്ട് ബി.െജ.പിയിൽ ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യ, മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിങ് എന്നിവർ മധ്യപ്രദേശിലെ പ്രമുഖ സ്ഥാനാർഥികൾ. കർണാടകത്തിൽനിന്ന് മുൻപ്രധാനമന്ത്രി ദേവഗൗഡ, ഝാർഖണ്ഡിൽ നിന്ന് ജെ.എം.എം. നേതാവ് ഷിബു സോറൻ എന്നിവർ രാജ്യസഭയിലേക്ക് ചുവടുവെക്കുന്ന പ്രമുഖരാണ്.
10 സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാജ്യസഭ വോട്ടെടുപ്പ്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക (നാലു വീതം സീറ്റുകൾ), രാജസ്ഥാൻ, മധ്യപ്രദേശ് (മൂന്നു വീതം), ഝാർഖണ്ഡ് (രണ്ട്), മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം (ഒന്നു വീതം). രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. തുടർന്ന് അഞ്ചിന് വോട്ടെണ്ണൽ. ഫലപ്രഖ്യാപനം വെള്ളിയാഴ്ചതന്നെ ഉണ്ടാകും. ആകെയുള്ളതിൽ പകുതിയും എൻ.ഡി.എക്ക് കിട്ടുമെന്നതാണ് നില. രാജസ്ഥാനിൽ വേണുഗോപാൽ അടക്കം രണ്ടു സ്ഥാനാർഥികളെ ജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.