കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസ് രക്ഷാബന്ധൻ ചടങ്ങ്; വൈസ് ചാൻസലർ വിട്ടുനിന്നു
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസിെൻറ നേതൃത്വത്തിൽ കാമ്പസിനകത്ത് നടന്ന രക്ഷാബന്ധൻ ദിനം ഒൗദ്യോഗിക ചടങ്ങായി മാറി. പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ച വൈസ് ചാൻസലർ വിദ്യാർഥികളുടെ വിമർശനത്തെ തുടർന്ന് വിട്ടുനിന്നു.
ആഗസ്റ്റ് 10നാണ് കേന്ദ്ര സർവകലാശാലയുമായി ബന്ധംപോലുമില്ലാത്ത വിവേകാനന്ദ സ്റ്റഡി സർക്കിളിെൻറ നേതൃത്വത്തിൽ രക്ഷാബന്ധൻ സംഘടിപ്പിച്ചത്. കേന്ദ്ര സർവകലാശാല അധ്യാപകനേതാവ് ഡോ. നന്ദിതാ നാരായൺ സർവകലാശാലയിൽ പ്രഭാഷണത്തിന് എത്തിയപ്പോൾ ഇടത് അനുകൂലിയെന്നാരോപിച്ച് പ്രവേശനം നിഷേധിച്ചിരുന്നു.
കേന്ദ്ര സർവകലാശാലയിലെ കാവിവത്കരണത്തിനും അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെയുള്ള സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് ഒരുമാസം മുമ്പ് നന്ദിത നാരായൺ എത്തിയത്. അവർക്ക് പ്രസംഗിക്കാൻ അനുമതി നിഷേധിച്ച സെമിനാർ ഹാളാണ് ആർ.എസ്.എസിന് രക്ഷാബന്ധൻ ചടങ്ങ് നടത്താൻ നൽകിയത്.കർണാടക മുൻ എം.എൽ.സിയും ആർ.എസ്.എസ് നേതാവുമായ പ്രഫ. കെ. ബാലകൃഷ്ണഭട്ടാണ് ചടങ്ങിൽ സന്ദേശം നൽകിയത്.
വി.സിക്ക് പകരക്കാരനായി യൂനിവേഴ്സിറ്റി ഡീൻ ഓഫ് സ്റ്റുഡൻറ് വെൽെഫയർ ഡോ. അമൃത് ജി. കുമാർ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് എല്ലാസഹായവും നൽകിയത് ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ് പ്രസിഡൻറും കേന്ദ്ര സർവകലാശാലയിൽ സംഘ്പരിവാർ പദ്ധതിയുടെ നടത്തിപ്പുകാരനുമായ സ്കൂൾ ഓഫ് കൾചറൽ സ്റ്റഡീസ് ഡീൻ ഡോ. കെ. ജയപ്രസാദാണ്. കാവിവത്കരണത്തിനെതിരെ വിദ്യാർഥിക്കൂട്ടായ്മ നൽകിയ പരാതിയെ തുടർന്നാണ് വി.സി ചടങ്ങിൽനിന്ന് വിട്ടുനിന്നത്.
രക്ഷാബന്ധൻ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണെന്ന ബ്രാഹ്മണ സങ്കൽപമാണ് ഇതിന് പിന്നിലെന്നും വിദ്യാർഥികൾ വി.സിയെ അറിയിച്ചു. ലോകോത്തര നിലവാരമുള്ള കേന്ദ്ര സർവകലാശാലയിൽ ഇത്തരം അനാചാരങ്ങൾക്ക് ഒൗദ്യോഗിക പരിവേഷം നൽകുന്നത് ലജ്ജാകരമാണെന്നും വിദ്യാർഥികൾ വി.സിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.