അഞ്ചു ദിനം പാറയിടുക്കിൽ; റാൾസ്റ്റൺ മറ്റൊരു ബാബു...
text_fieldsരണ്ടു രാത്രിയും ഒരു പകലും പാറയിടുക്കിൽ ഒറ്റപ്പെട്ട ശേഷം ജീവിതത്തിലേക്കു തിരിച്ചുവന്ന ബാബു, ലോകം ആഘോഷിച്ച മറ്റൊരു അതിജീവനകഥയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. ആരോൺ ലീ റാൾസ്റ്റൺ ആണ് ആ ധീര കഥയിലെ നായകൻ. അമേരിക്കൻ സംസ്ഥാനമായ യൂട്ടായിലാണ് സംഭവം. മലകയറ്റം ഹരമാക്കിയ റാൾസ്റ്റൺ പതിവുപോലെ ഒരു ദിവസം യൂട്ടായിലെ ബ്ലൂജോൺ മലനിരകൾ കയറിയിറങ്ങുകയായിരുന്നു. ഒരാൾക്കിറങ്ങാവുന്ന കുത്തനെയുള്ള പാറയിടുക്കിൽ 65 അടി ഇറങ്ങിയശേഷം തിരിച്ചുകയറുന്നതിനിടെ പിടിത്തമിട്ട വലിയൊരു പാറ, തെന്നി താഴേക്കു വീണു. തുടർന്ന് റാൾസ്റ്റൺ കണ്ടത് അവിശ്വസനീയ കാഴ്ച. സ്വന്തം വലതുകൈയുടെ കൈമുട്ടിനു താഴേക്ക് പകുതി മലയിടുക്കിനും താഴേക്കു വീണ വലിയ പാറക്കുമിടയിൽ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കൈ ഊരിയെടുക്കാൻ സാധിച്ചില്ല.
2003 ഏപ്രിൽ 26ന് വൈകീട്ട് മലയിടുക്കിന്റെ ആഴത്തിൽ റാൾസ്റ്റൺ കുടുങ്ങി. തോളിൽ ഒരു ബാക്പാക്, അതിൽ കത്തി, മലകയറ്റത്തിനുപയോഗിക്കുന്ന കയർ, 350 മില്ലി വെള്ളമടങ്ങിയ കുപ്പി, ചെറിയ ടേപ്റെക്കോഡർ, രണ്ട് ബറീറ്റോ (ചപ്പാത്തിയിൽ പൊതിഞ്ഞ ഇറച്ചിയും പച്ചക്കറിയുമടങ്ങിയ ഭക്ഷണം) ഇത്രയും ഒപ്പമുണ്ടായിരുന്നു. ഒറ്റപ്പെടലിന്റെ വേദന മറികടക്കാനും രക്ഷപ്പെടാനും ചെയ്യാവുന്നതെല്ലാം റാൾസ്റ്റണും ചെയ്തു. കൊടുംവേദനക്കിടയിലും പാട്ടുപാടി. ഒച്ചവെച്ചു. സാങ്കൽപിക റേഡിയോ റെക്കോഡിങ് നടത്തി. മൂന്നാം ദിവസമായപ്പോഴേക്കും വെള്ളം തീർന്നു. ഭക്ഷണം നേരത്തേതന്നെ അൽപാൽപമാക്കിയിരുന്നു. അടുത്തദിനം കൊടുംദാഹത്തിൽ വലഞ്ഞപ്പോൾ കുടിച്ചത് സ്വന്തം മൂത്രം. അതിനിടയിലും രക്ഷപ്പെടാമെന്ന ചിന്ത കൈവിട്ടില്ല. നാലാംദിനം രാത്രി മരിക്കുമെന്നുറപ്പായി. അതിനുമുമ്പ് ആ വലിയ കല്ലിൽ കത്തികൊണ്ട് പേരെഴുതി. ജനനത്തീയതി എഴുതി. പിന്നെ തളർന്ന് മയങ്ങിപ്പോയി. ഉറക്കത്തിൽ റാൾസ്റ്റൺ ഒരു സ്വപ്നം കണ്ടു. ഒറ്റക്കൈയുമായി കുട്ടിയോടൊപ്പം ഓടിക്കളിക്കുന്നു.
പിറ്റേന്ന് നിർണായക തീരുമാനത്തിൽ റാൾസ്റ്റൺ എത്തി. പകുതി ചത്ത കൈ മുറിക്കുക. ജീവിതത്തിലേക്ക് തിരിച്ചുകയറാൻ ഇനി അതേ ബാക്കിയുള്ളൂ. ഒരു മണിക്കൂർ കഠിനപ്രയത്നമായിരുന്നു പിന്നെ. കൈയിലെ ചെറിയ കത്തികൊണ്ട് സ്വയം ഞരമ്പുകൾ മുറിച്ചു, പയ്യെ മാംസവും. ഒരു മലകയറ്റക്കാരന്റെ കരുത്താർന്ന കൈയെല്ല് പൊട്ടിക്കാൻ പക്ഷേ, ആ കുഞ്ഞു കത്തി പോരായിരുന്നു. അതിന് റാൾസ്റ്റൺ കഠോര വേദനക്കും തയാറായി. നിന്നിടത്തുനിന്ന് ഒറ്റതിരിച്ചിൽ. ആത്മാവിനെ തകർക്കുന്ന വേദനയിൽ കൈ വേർപെട്ടു. പിന്നെ കിട്ടിയതുവെച്ച് പൊതിഞ്ഞ് പരമാവധി ചോരവാർച്ച തടഞ്ഞ് മുകളിലേക്ക്. എട്ടു കിലോമീറ്റർ നടന്നപ്പോഴേക്കും ഒരു കുടുംബത്തെ ദൂരെ നിന്ന് കണ്ടു.
റാൾസ്റ്റണിന്റെ വിളിയിൽ അവർ സ്തബ്ധരായി. അവരുടെ സഹായത്താൽ ഉടൻ അവിടെയിറങ്ങിയ ഹെലികോപ്ടർ റാൾസ്റ്റണുമായി ജീവിതത്തിലേക്ക് തിരിച്ചുപറന്നു. ബിറ്റ്വീൻ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ് (പാറക്കും കഠിനമായ ഒരു സ്ഥലത്തിനുമിടയിൽ) എന്ന റാൾസ്റ്റണിന്റെ ആത്മകഥയിൽ ഈ അതിജീവനകഥ വായിക്കാം. 127 അവേഴ്സ് (127 മണിക്കൂറുകൾ) എന്ന പ്രശസ്തമായ ഹോളിവുഡ് സിനിമയും റാൾസ്റ്റണിന്റെ കഥയെ ഉപജീവിച്ച് പുറത്തുവന്നു. ഇന്ത്യക്കാർക്ക് പരിചിതനായ ഓസ്കർ പുരസ്കാരം നേടിയ 'സ്ലം ഡോഗ് മില്യനയർ' സിനിമയുടെ സംവിധായകൻ ബ്രിട്ടീഷുകാരനായ ഡാനി ബോയൽ ആണ് 127 മണിക്കൂറുകൾ എന്ന ചിത്രവും സംവിധാനം ചെയ്തത്. എ.ആർ. റഹ്മാനായിരുന്നു സംഗീതം.
ക്ലൈമാക്സ്: 360 കിലോ ഉണ്ടായിരുന്നു റാൾസ്റ്റണിന്റെ കൈയിൽ വീണ പാറക്ക്. 13 പേരും ക്രെയിനും വീഞ്ചും ഉപയോഗിച്ച് ആ പാറ അവിടെനിന്ന് നീക്കി. അതിനടിയിൽ നിന്ന് എടുത്ത റാൾസ്റ്റണിന്റെ മുറിഞ്ഞ കൈ ബ്ലൂ ജോൺ പാർക് അധികൃതർ പ്രത്യേകം സംസ്കരിച്ചു. ചാരം റാൾസ്റ്റണിന് എത്തിച്ചുകൊടുത്തു. കൈ ഭേദമായി ആറാം മാസം എൻ.ബി.സി ടെലിവിഷനുവേണ്ടി വിഡിയോ ചിത്രീകരണത്തിനായി റാൾസ്റ്റൺ വീണ്ടും പാറയിടുക്കിലെത്തി. ചാരം പാറയുടെ ആഴത്തിലേക്ക് വിതറി. റാൾസ്റ്റൺ പിന്നീട് പറഞ്ഞു: ''ഉടൻ കൈമുറിച്ചിരുന്നെങ്കിൽ ചോരവാർന്ന് മരിക്കുമായിരുന്നു. മുറിച്ചില്ലായിരുന്നെങ്കിൽ ആരുമറിയാതെ ആ പാറയിടുക്കിൽ അനാഥ ശവമാവുമായിരുന്നു.'' ഇപ്പോൾ യു.എസിലെ കോർപറേറ്റ് മോട്ടിവേഷനൽ സ്പീക്കറാണ് 46കാരനായ റാൾസ്റ്റൺ. നിരവധി ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.