ഏറ്റവും ഉചിതമായ പോരാട്ടം
text_fieldsഇന്ന് റമദാൻ പതിനേഴ്. നീതിയും അനീതിയും തമ്മിലുണ്ടായ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ബദർ യുദ്ധം നടന്നത് ഹിജ്റ രണ്ടാംവർഷം റമദാൻ പതിനേഴിനായിരുന്നു. സമാധാനം എന്ന ആശയംകൂടി പ്രകാശിപ്പിക്കുന്ന ഇസ്ലാം, സർവർക്കും അനുഗ്രഹമായി നിയോഗിതനായ പ്രവാചകെൻറ നേതൃത്വത്തിൽ യുദ്ധം നയിക്കുകയോ? പലർക്കും ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും അത്. നീതിയെക്കുറിച്ച് ഇസ്ലാം മുന്നോട്ടുവെക്കുന്ന നിലപാടുകൾ അദൃശ്യമാക്കി ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനാവില്ല.
അനീതിക്കും അക്രമത്തിനും മുന്നിൽ കീഴടങ്ങുന്നതിനുപകരം നീതിയും ധർമവും നിലനിർത്തുന്ന ഒരു ലോകമുണ്ടാക്കാനാണ് ഇസ്ലാം പ്രേരിപ്പിക്കുന്നത്. ശാന്തമായും ഹൃദയഭാഷയിലും ആയിരിക്കണം ഈ ലക്ഷ്യം നേടിയെടുക്കേണ്ടത് എന്നുകൂടി ഇസ്ലാം പഠിപ്പിക്കുന്നു. ഇഷ്ടപ്പെടുന്ന വിശ്വാസവും ജീവിതമാർഗവും സ്വീകരിക്കാം- തെറ്റായാലും ശരിയായാലും (ഖുർആൻ 18:29). എന്നാൽ, ശാന്തമായി സത്യം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുമ്പോഴോ? ആശയപ്രചാരണത്തിനുള്ള മൗലികാവകാശവും ശരിയിലേക്ക് മനുഷ്യവംശത്തെ നയിക്കാനുള്ള സ്വാതന്ത്ര്യവും നിരാകരിക്കപ്പെടുകയാണെങ്കിലോ? ധർമപക്ഷത്ത് നിലയുറപ്പിക്കുന്നു എന്ന ഏക കാരണത്താൽ ഒരു വിഭാഗം ക്രൂരമായി വേട്ടയാടപ്പെടുകയാണെങ്കിലോ? മർദനത്തിനു മുന്നിൽ ഭീരുവായി കീഴടങ്ങുക. അല്ലെങ്കിൽ, സാധ്യമായ രൂപത്തിൽ പ്രതിരോധം തീർക്കുക എന്ന രണ്ട് സാധ്യതകളാണ് ഇത്തരം ഘട്ടത്തിലുള്ളത്. നീതിക്ക് നിലകൊള്ളുന്ന ഇസ്ലാമിെൻറ നിലപാട് ഇത്തരം സാഹചര്യത്തിൽ കൃത്യമാണ്.
മർദനത്തിനെതിരെ എഴുന്നേറ്റുനിൽക്കലാണ് ഏറ്റവും ഉചിതമായ പോരാട്ടമെന്ന് മുഹമ്മദ് നബി. “മർദകരായ നാട്ടുകാരിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാർക്കും കുട്ടികൾക്കുംവേണ്ടി നിങ്ങൾ ദൈവത്തിെൻറ മാർഗത്തിൽ സമരം ചെയ്യാതിരിക്കുന്നതിന് എന്തുണ്ട് ന്യായം” (4:75) എന്ന് ഖുർആൻ. ഈ ഒരു പ്രതലത്തിലൂടെയാണ് ബദർ യുദ്ധത്തെ മനസ്സിലാക്കാനാവുക. മക്കയിൽനിന്ന് പുറന്തള്ളപ്പെട്ട ദുർബല ജനതയുടെ മൗലികാവകാശം തിരിച്ചുപിടിക്കാൻ അവർ നടത്തിയ വിമോചന പോരാട്ടമായിരുന്നു ബദ്ർ. അക്രമത്തിന് കീഴ്പ്പെട്ട് മർദകശക്തികൾക്കു മുന്നിൽ അടിയറവ് പറയുന്നതിനേക്കാൾ നല്ലത് ചുവന്ന മരണംതന്നെ എന്ന് തീരുമാനിച്ചവർ നടത്തിയ ഐതിഹാസിക പോരാട്ടം. ആ പോരാട്ടത്തിെൻറ മർമം ഭൗതികജീവിതത്തിലെ ജയപരാജയങ്ങളല്ല. പുലരുമെന്നുറപ്പുള്ള ധർമസംസ്ഥാപനവും കവർന്നെടുക്കപ്പെട്ട അവകാശങ്ങൾ തിരിച്ചുപിടിക്കലുമായിരുന്നു.
അധികാരവും ഭരണകൂടവും മനുഷ്യർക്കിടയിൽ സമാധാനം ഉറപ്പുവരുത്തുന്ന നിരപേക്ഷ സ്ഥാപനമല്ല ഇസ്ലാമിക സാമൂഹിക ചിന്തയിൽ. ദൈവം ഭൂമിയിൽ പുലർന്നുകാണാൻ ആഗ്രഹിക്കുന്ന നീതി അഥവാ ഓരോരുത്തർക്കും അവരുടെ അവകാശം ലഭ്യമാക്കുന്ന സാമൂഹിക സംവിധാനമാണത്. എല്ലാവരോടും നീതിപൂർവം വർത്തിക്കണം എന്ന സമീപനത്തിെൻറ പാഠഭേദംതന്നെയാണ് അനീതിയും അക്രമവും ചെയ്യുന്നവരോട് നിർദയമായിരിക്കുക എന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.