റമദാൻ: ആരോഗ്യ കാര്യങ്ങളിലും ജാഗ്രത പാലിക്കണം –മുസ്ലിം സംഘടന നേതാക്കൾ
text_fieldsകോഴിക്കോട്: റമദാനിൽ ആരാധനകളിലും ദാനധർമങ്ങളിലും വീഴ്ച വരുത്താതെ കോവിഡ് വ്യാപനം തടയാൻ വ്യക്തികൾ ശ്രദ്ധിക്കണമെന്നും പള്ളിക്കമ്മിറ്റികൾ അക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. കോവിഡ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നേതാക്കൾ കോഴിക്കോട് ജില്ല കലക്ടറുമായി ചർച്ച നടത്തി. ഇനി പറയുന്ന കാര്യങ്ങൾ പാലിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
പള്ളികളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. സ്വന്തമായി മുസല്ല കൊണ്ടുവരണം. മാസ്ക് ധരിക്കാതെ പള്ളിയിൽ പ്രവേശിക്കരുത്. സാനിറ്റൈസർ ഉപയോഗിക്കണം. പത്തു വയസ്സിന് താഴെയുള്ള കുട്ടികളും ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളിയിൽ വരരുത്. മഹല്ലുകളിലുള്ള 45 വയസ്സിന് മുകളിലുള്ളവർ പ്രതിരോധ വാക്സിൻ എടുക്കണം. പള്ളിയിൽ അകത്തേക്ക് കയറുന്നത് ഒരു വഴിയിലൂടെയും പുറത്ത് ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയുമാക്കി ക്രമീകരിക്കണം.
എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല (മുസ്ലിംലീഗ്), ഉമ്മർ ഫൈസി മുക്കം, ആർ.വി. കുട്ടിഹസ്സൻ ദാരിമി, നാസർ ഫൈസി കൂടത്തായി, ഒ.പി. അഷറഫ് കുറ്റിക്കടവ് (സമസ്ത കേരള ജംഇയ്യതുൽ ഉലമ), എ.കെ. അബ്ദുൽ ഹമീദ് (സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ), ഹുസൈൻ മടവൂർ (കെ.എൻ.എം), ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി), അബ്ദുൽ ബഷീർ (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ബി.വി. മെഹബൂബ് (കെ.എൻ.എം. മർക്കസ്സുദ്ദഅ്വ) എന്നിവർ പങ്കെടുത്തു. മുക്കം ഉമ്മർ ഫൈസി അധ്യക്ഷത വഹിച്ചു. എം.സി. മായിൻഹാജി സ്വാഗതം പറഞ്ഞു.
പള്ളികൾക്ക് നിയന്ത്രണം കടുപ്പിക്കരുത് –ഇസ്ലാമിക പണ്ഡിതർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും സമ്മേളനങ്ങൾക്കും സർക്കാർ അനിയന്ത്രിതമായ അനുവാദം നൽകിയ ശേഷം റമദാൻ മാസം മുന്നിലെത്തുമ്പോൾ മാത്രം കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങൾ വിശ്വാസികളെ വേദനിപ്പിക്കുന്നതും പരിഹാസ്യവുമാണെന്ന് ഇസ്ലാമിക പണ്ഡിതരും വിവിധ ജമാഅത്ത് ഇമാമുമാരും സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പള്ളികളെ പ്രത്യേക നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എസ്. അർഷദ് അൽഖാസിമി, ഹാഫിസ് അബ്ദുശ്ശുക്കൂർ ഖാസിമി, അർഷദ് മുഹമ്മദ് നദ്വി, ഷംസുദ്ദീൻ മന്നാനി ഇലവുപാലം, പാനിപ്ര ഇബ്രാഹിം ബാഖവി, പാണക്കാട് ഹാമിദ് ശിഹാബ് തങ്ങൾ, സ്വാലിഹ് നിസാമി പുതുപൊന്നാനി, മുഫ്തി അമീൻ മൗലവി മാഹി, മുവാറ്റുപുഴ അഷ്റഫ് മൗലവി, അസ്സയ്യിദ് പൂക്കോയ തങ്ങൾ ബാഖവി, മാഹീൻ ഹസ്റത്ത്, ഹുസൈൻ കാമിൽ സഖാഫി ചെമ്മലശ്ശേരി, ഇ.പി. അബൂബക്കർ ഖാസിമി, വി.എം. ഫത്തഹുദ്ദീൻ റഷാദി, നവാസ് മന്നാനി പനവൂർ, ഉവൈസ് അമാനി തോന്നയ്ക്കൽ, ഹാഫിസ് അഫ്സൽ ഖാസിമി, ഫിറോസ് ഖാൻ ബാഖവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, കെ.കെ. അബ്ദുൽ മജീദ് അൽ ഖാസിമി, കെ.എ. അശ്റഫ് അൽ ഖാസിമി തൊടുപുഴ, മുഹമ്മദ് സൽമാൻ അൽഖാസിമി, സാബിർ മുഹമ്മദ് ബാഖവി, ഹാഫിസ് നിഷാദ് റഷാദി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.