ആഫ്രിക്കയിലെ റമദാൻ കാഴ്ചകൾ
text_fieldsഓമശ്ശേരി: എഴുപതുകളിൽ ആഫ്രിക്കയിലെ സാംബിയ, മലാവി, ഗാബറൂൺ എന്നീ രാജ്യങ്ങളിൽ ചെലവഴിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായ ഒ.പി.അബ്ദുസ്സലാം മൗലവി തെൻറ നോമ്പനുഭവങ്ങൾ ഓർത്തെടുക്കുകയാണ്. വിദ്യാഭ്യാസത്തിൽ എന്നപോലെ മതരംഗത്തും ഏറെ പിന്നാക്കമായിരുന്നു അന്ന് ആഫ്രിക്കൻ രാജ്യങ്ങൾ. അന്ധവിശ്വാസങ്ങളുടെ അകമ്പടിയോടെയായിരുന്നു മതാചാരങ്ങൾ.
മുസ്ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ യുവാക്കൾ കൂറ്റൻ ചെണ്ടകൊട്ടി നോമ്പിെൻറ ആഗമനം അറിയിച്ചത് ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. റമദാനിന് പ്രത്യേക ചന്തകൾ സംഘടിപ്പിക്കുക ആഫ്രിക്കയിൽ പതിവാണ്. ചന്തയിൽ വിൽക്കപ്പെടുന്ന സാധനങ്ങൾ നല്ല വൃത്തിയും വെടിപ്പും ഉണ്ടാവും. ആരും തന്നെ സാധനങ്ങളിൽ കൃത്രിമത്വം കാണിക്കുകയോ അളവു തൂക്കങ്ങളിൽ കുറവുവരുത്തുകയോ അമിതമായ വില ഈടാക്കുകയോ ഇല്ല. അഥവാ അങ്ങനെ ആരെങ്കിലും ചെയ്താൽ പരസ്യമായി ശിക്ഷിക്കാൻ ചന്തയിൽ സംവിധാനം ഉണ്ടായിരുന്നു. ചന്തയിലെ വസ്തുക്കൾ വാങ്ങാൻ മറ്റു സമുദായങ്ങളിലെ പ്രത്യേകിച്ച് ക്രിസ്ത്യൻ സഹോദരങ്ങളും കൂട്ടമായി എത്തിയിരുന്നു.
സാംബിയൻ തലസ്ഥാനമായ ലുസാകക്കുപുറത്ത് വളരെ അകലെയല്ലാതെയുള്ള പൊതുശ്മശാനം. ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു ജനവിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ ശ്മശാനം ഒരു പൂവാടിപോലെ അത്യാകർഷകമായിരുന്നു. ഒരു നോമ്പുകാലത്ത് സന്ദർശനത്തിനായി ഇവിടെ എത്തിയപ്പോൾ ഒരു ഖബറിനുപുറത്ത് ഇരുന്ന് ഒരു യുവതി വിതുമ്പുന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ കാഴ്ച ഏറെ ദുഃഖത്തിലാഴ്ത്തി. എന്താണ് സംഭവിച്ചത് എന്നു ചോദിച്ചപ്പോൾ വേദന കടിച്ചിറക്കി അവർ പറഞ്ഞു: ഇതെെൻറ സ്കൂളിൽ പോകുന്ന പ്രിയ മകെൻറ ഖബറിടമാണ്. മറവു ചെയ്തെങ്കിലും അവൻ ഉടനെ തിരിച്ചുവരും എന്ന പ്രതീക്ഷയിലായിരുന്നു അവർ.
ഖബറിന് പുറത്തുകാണുന്ന പേന, ബുക്ക്, വാട്ടർബോട്ടിൽ, മുസ്ഹഫ്, കളിപ്പാട്ടങ്ങൾ എല്ലാം അവന് ഏറ്റവും പ്രിയപ്പെട്ടതാണ്. അവൻ എഴുന്നേറ്റുവരുേമ്പാൾ നൽകാൻ വേണ്ടിയാണ് അവർ അവിടെ കാത്തിരുന്നത്. അവരോട് വീട്ടിലേക്ക് പോകാനും ക്ഷമ കൈക്കൊള്ളാനും പലതവണ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം നാളെ വരാം എന്നുപറഞ്ഞ് നിറകണ്ണുകളോടെ സ്ഥലംവിട്ടു. പിറ്റേന്ന് ആ ഖബറിടത്തിൽ എത്തിയപ്പോൾ സ്ത്രീയെ കണ്ടില്ല. കാവൽക്കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, അവർ ഇന്നലെ അർധരാത്രി ഹൃദയസ്തംഭനം ഉണ്ടായി മരിച്ചു. അടുത്തുള്ള ഖബർ അവരുടേതാണ് –ഒ.പി. ഓർത്തെടുത്തു.
ഒരിക്കൽ റമദാൻ അടുത്തുവന്നപ്പോൾ മുസ്ലിം കൂട്ടായ്മകൾ യോഗം ചേർന്നു. മാസം ഉറപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. റമദാൻ എന്ന് ആരംഭിക്കണമെന്നതായിരുന്നു വിഷയം. ഞാനുമുണ്ട് യോഗത്തിൽ. വാശിയേറിയ തർക്കം കൈയേറ്റത്തിെൻറ വക്കോളമെത്തി. ഈ സമയത്ത് ഞാൻ പറഞ്ഞു: നമുക്കൊരു കാര്യം ചെയ്യാം. മക്കയിലും മദീനയിലും എന്നാണോ റമദാൻ ആരംഭിക്കുന്നത് നമുക്കും അന്നുമുതൽ നോമ്പെടുക്കാം. ആ അഭിപ്രായം അംഗീകരിക്കപ്പെട്ടു. അതോടെ വലിയൊരു പൊട്ടിത്തെറി ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.