റമദാൻ നൽകുന്ന ഉത്തരങ്ങൾ
text_fieldsഇന്ന് നമ്മുടെ മുന്നിലെത്തുന്ന വാർത്തകളും ദൃശ്യങ്ങളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് മാത്രമല്ല, മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശൈലികളാണ് കുറ്റവാളികൾ പ്രയോഗിക്കുന്നത്. അതിക്രമങ്ങൾ ആവർത്തിക്കുേമ്പാഴും സമൂഹ മനഃസാക്ഷി എന്തുകൊണ്ട് ഇതിനെതിരെ ഉണരുന്നില്ല? ചുരുക്കം ചില സംഘടനകളുടെ ബോധവത്കരണ പ്രവർത്തനങ്ങൾ ഒഴിച്ചുനിർത്തിയാൽ സാധാരണ ജനങ്ങളിൽനിന്ന് പ്രതികരണമുണ്ടാവാത്തതിെൻറ കാരണം വിലയിരുത്തേണ്ടതുണ്ട്.
രഹസ്യ ജീവിതത്തിൽ തിന്മകളെ വാരിപ്പുണരുകയും പകലിൽ മാന്യന്മാരായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നവർക്ക് അധർമങ്ങൾക്കെതിരിൽ അണിനിരക്കാനാവില്ല. വ്യക്തിയുടെ സ്വകാര്യജീവിതം സംശുദ്ധമാക്കിയാൽ മാത്രമേ സാമൂഹിക ജീവിതത്തിെൻറ കറകൾ കഴുകിക്കളയാൻ സാധിക്കൂ.
തന്നെ സദാ നിരീക്ഷിക്കുന്ന സർവജ്ഞനും സർവശക്തനുമായ ഒരു രക്ഷിതാവുണ്ടെന്ന ബോധം വ്യക്തിയെ സമ്പൂർണമായി സംസ്കരിക്കും. അദ്വിതീയനും അനുപമനുമായ ആ മഹാശക്തിക്ക് സാക്ഷാൽ ആരാധ്യൻ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പദമാണ് അല്ലാഹു. അല്ലാഹുവിനുള്ള ആരാധനകളിൽ പ്രധാനപ്പെട്ടവയാണ് അഞ്ച് നേരങ്ങളിലുള്ള നമസ്കാരം, നിർബന്ധദാനം, റമദാനിലെ വ്രതാനുഷ്ഠാനം, ജീവിതത്തിൽ ഒരിക്കൽ നിർവഹിക്കേണ്ട ഹജ്ജ്.
നോമ്പിെൻറ ലക്ഷ്യം മനുഷ്യരെ സൂക്ഷ്മതയുള്ളവരാക്കലാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വിശ്വാസികളേ, നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ.’
നബി പറഞ്ഞു: ‘അനാവശ്യമായ വാക്കും പ്രവൃത്തിയും ആരൊഴിവാക്കിയില്ലയോ അയാൾ ഭക്ഷണപാനീയങ്ങൾ വെടിയുന്നത് അല്ലാഹുവിന് ആവശ്യമില്ല’.
നോമ്പ് കേവലം പട്ടിണിയല്ല. മനസ്സിെൻറ ശുദ്ധീകരണമാണ് ഇതിെൻറ ലക്ഷ്യം. തന്നെ ആരും കണ്ടില്ലെങ്കിലും അല്ലാഹു നിരീക്ഷിക്കുന്നുെണ്ടന്ന ചിന്തയാണ് വിശ്വാസിയെ നയിക്കുന്നത്. തെൻറ എല്ലാ ചലനങ്ങളും അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമാണ് റമദാൻ വിശ്വാസിയിൽ വേരുറപ്പിക്കുന്നത്. സമൂഹ മനഃസാക്ഷി ഉയർത്തുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് റമദാൻ; തിന്മകൾക്കു നേരെയുള്ള പരിചയും.
നോമ്പിന് ‘സൗമ്’ എന്ന വാക്കാണ് പ്രയോഗിക്കാറ്. നിരന്തരമായി ചെയ്തുവരുന്ന കാര്യം ബോധപൂർവം നിയന്ത്രിക്കലാണ് ‘സൗമ്’. അനുവദനീയമായവ പകലിൽ മാറ്റിവെക്കുന്നതിലൂടെ നിഷിദ്ധമായതിൽനിന്ന് മാറിനിൽക്കാനുള്ള പരിശീലനം വിശ്വാസി നേടുന്നു.
‘ഒരുപാട് തെറ്റുകുറ്റങ്ങൾ ചെയ്തവരുടെ മുന്നിൽ പ്രതീക്ഷയുടെ കവാടമാണ് റമദാൻ തുറന്നുവെക്കുന്നത്. നബി പറഞ്ഞു: ‘ആരെങ്കിലും റമദാനിൽ വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചും നോമ്പനുഷ്ഠിച്ചാൽ അവൻ മുമ്പ്് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.’ വിശുദ്ധിയിലേക്കുള്ള വാതിലുകൾ തുറക്കുകയും അധർമത്തിെൻറ കതകുകൾ കൊട്ടിയടക്കുകയും ചെയ്തുകൊണ്ടാണ് റമദാനിെൻറ ചന്ദ്രപ്പിറവിക്ക് നാം സാക്ഷ്യം വഹിച്ചത്. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതരീതി റമദാനിെൻറ ചന്ദ്രപ്പിറവിയിലൂടെ മാറ്റത്തിനു വിധേയമാകുന്ന അത്ഭുതം ആരെയും ചിന്തിപ്പിക്കാൻ ഉതകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.