ഇനി റമദാൻ നിഴലിൽ
text_fieldsഖുർആെൻറ മാസം -പരിശുദ്ധ റമദാൻ വിടപറയുകയാണ്. റമദാൻ അക്ഷരാർഥത്തിൽ വളരെ ഉയർന്ന നിലവാരത്തിലുള്ള ഒരു സംസ്കരണ-പരിശീലന പരിപാടി തന്നെയായിരുന്നു. പകൽവേളയിൽ ഉപവാസവും നിശാവേളയിൽ ഉപാസനയും. ഇതുവഴി കരഗതമാക്കുന്ന ബഹുമുഖ നന്മകളുടെ ആകത്തുകയാണ് തഖ്വ. ദേഹേച്ഛകളെ ദൈവേച്ഛക്ക് വിധേയമാക്കി അടക്കിയൊതുക്കി, വിശ്വാസി തന്നെ നന്നായി പരുവപ്പെടുത്തി. ശീലങ്ങളുടെയും സമ്പ്രദായങ്ങളുടെയും അടിമകളായി അധഃപതിച്ചു പോകാതിരിക്കാൻ എല്ലായ്പോഴും അല്ലാഹുവിെൻറ മാത്രം അടിമയായി ഉയർന്നുനിൽക്കാനുമുള്ള ഉള്ളുറപ്പുള്ളൊരു ഉൾക്കരുത്ത് ആർജിക്കാൻ ഒരളവോളമെങ്കിലും സാധിച്ചെങ്കിൽ വിശ്വാസികൾക്ക് ധന്യരാകാം. എങ്കിൽ റമദാെൻറ അനുകൂല സാക്ഷ്യം നേടാം. ഒാരോ റമദാനും സുസ്ഥിരമായ നല്ല കുറെ അടയാളങ്ങൾ ഉണ്ടാക്കിയെങ്കിൽ സൗഭാഗ്യവാന്മാരായി എല്ലാവരും.
കഴിഞ്ഞ കുറെ സംവത്സരങ്ങളിലെ നിരവധി റമദാനുകളിലൂടെ നല്ല രീതിയിൽ അച്ചടക്കപൂർവം ജീവിക്കാനാകുമെന്ന് വിശ്വാസി ആവേശപൂർവം തെളിയിച്ചിരിക്കുകയാണ്. റമദാന് ശേഷമുള്ള ജീവിതമാണ് റമദാനും ഖുർആനും ലൈലത്തുൽ ഖദ്റും വിശ്വാസിയിലെന്തു ഫലമുണ്ടാക്കിയെന്നതിെൻറ ഉത്തരം. ഖുർആൻ പറഞ്ഞു: ‘പിരിമുറുക്കി നല്ല ഉറപ്പോടെ നെയ്തുണ്ടാക്കിയശേഷം നൂലിെൻറ പിരി ഉടച്ച് തുണ്ടംതുണ്ടമാക്കി പാഴാക്കുന്നവളെപ്പോലെ നിങ്ങളാവരുത്’ (14:92). കൈവരിച്ചത് കൈമോശം വരാതെ തുടർന്നും കാത്തുസൂക്ഷിക്കാൻ പ്രാർഥനാപൂർവം സദാ പ്രയത്നിക്കേണ്ടതുണ്ട്.
കേവലം സഹതാപം എന്നതിൽനിന്ന് തന്മയീഭാവം എന്ന ഉയർന്ന അവസ്ഥയിലേക്ക് വിശ്വാസിയെ വളർത്തുകയായിരുന്നു റമദാൻ. പട്ടിണിപ്പാവങ്ങളോട് കൂടുതലായി ദയ കാണിക്കാൻ സാധിച്ചെങ്കിൽ റമദാൻ സാർഥകമായിട്ടുണ്ട്. റമദാനുമുമ്പ്, റമദാനുശേഷം എന്നത് കാര്യമായ നല്ലൊരു മാറ്റത്തെ കുറിക്കുന്നുവെങ്കിൽ അല്ലാഹുവിെൻറ കൃപ പ്രതീക്ഷിക്കാം.
റമദാെൻറയും ആയിരം മാസങ്ങളേക്കാൾ അതിശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിെൻറയും സകല മഹത്വങ്ങൾക്കുമുള്ള ഏകഹേതു വിശുദ്ധ ഖുർആൻ മാത്രമാണ്. ഭക്തിപൂർവമുള്ള ഒാരോ ഖുർആൻ പാരായണവും തിരിച്ചറിവുകൾ നൽകിയെങ്കിൽ തദടിസ്ഥാനത്തിൽ നല്ലതായ തിരുത്തുകൾ ഉണ്ടായെങ്കിൽ നാളെ ഖുർആൻ വിശ്വാസികൾക്കുവേണ്ടി പരലോകത്ത് വാദിക്കും. മരുന്ന് സേവിക്കാതെ കുറിപ്പടി വായിച്ച്, പിന്നെയും പിന്നെയും വായിച്ച് കാലംകഴിക്കുന്ന ഗതികേടിൽനിന്ന് രക്ഷപ്പെടാൻ ഖുർആൻ പാരായണം തുണക്കണം. ഖുർആൻ അല്ലാഹുവിെൻറ വർത്തമാനമാണ്. അല്ലാഹുവിേനാടുള്ള അടങ്ങാത്ത, ഒടുങ്ങാത്ത അനുരാഗത്താൽ അല്ലാഹുവിെൻറ ഭാഷണം അങ്ങേയറ്റത്തെ ഭക്തിയോടെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയുണ്ടെങ്കിൽ ഖുർആനിനെ സമീപിച്ചത് ശരിയായ രീതിയിൽ തന്നെയാണ്. ഖുർആൻ ഒാതുേമ്പാൾ നല്ലൊരു ശ്രോതാവായി മാറുന്നുണ്ടെങ്കിൽ, അത് അന്തരംഗങ്ങളിൽ അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ, അകത്ത് വിശ്വാസം വർധിക്കുന്നുണ്ടെന്ന് സമാധാനിക്കാം.
റമദാനിൽ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്ന സുദിനം (ഇൗദുൽ ഫിത്ർ) ഇസ്ലാം ലോകസമക്ഷം പ്രദർശിപ്പിക്കുന്ന മാതൃക ദിനമാണ്; പട്ടിണിയില്ലാത്ത സുദിനം. സ്നേഹവായ്പിെൻറയും പങ്കുവെപ്പിെൻറയും സുദിനം. പരിശുദ്ധ മക്ക മാതൃകപട്ടണം ആയതുപോലെ, വിശ്വാസികൾ മാതൃകാ സമുദായത്തിലെ (ഖൈറ ഉമ്മത്ത്) ഉത്തമ പ്രജകളായി പ്രശോഭയോടെ പുറത്തിറങ്ങണം. ഇൗ പരിശീലന പരിപാടിയിലെ പാസ്ഒൗട്ട് പരേഡ് ലോകത്തിന് ഒരു സൽ സന്ദേശമാകണം. പ്രാർഥനകളും പ്രയത്നവും അവർ ഇനിയും തുടരണം. പ്രാർഥനകളുടെ പ്രമേയത്തോട് നീതിപുലർത്തി കർമഭൂമിയിലേക്ക്, പുതിയ ആവേശത്തോടെ, നവലോക സൃഷ്ടിക്കായി കൂട്ടായി മുന്നേറണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.