റമദാൻ കിറ്റ്, ഖുർആൻ വിതരണം: വ്യക്തതതേടി അന്വേഷണ ഏജൻസികൾ
text_fieldsതിരുവനന്തപുരം: റമദാൻ കിറ്റ്, ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ നൽകിയ മൊഴിയിൽ വ്യക്തതവരുത്താനുള്ള നീക്കത്തിൽ അന്വേഷണസംഘങ്ങൾ. മന്ത്രി യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കും.
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമമന്ത്രിയെന്ന നിലക്കാണ് താൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്നും അവിടത്തെ സെക്രട്ടറി എന്ന നിലക്കാണ് സ്വപ്നയെ പരിചയപ്പെടുന്നതെന്നുമാണ് ഇ.ഡിക്കും എൻ.െഎ.എക്കും മന്ത്രി നൽകിയ മൊഴി. യു.എ.ഇ കോൺസുലേറ്റിെൻറ സഹായത്തോടെ മന്ത്രി തെൻറ മണ്ഡലമായ തവനൂരിൽ ആയിരത്തോളം റമദാൻ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്ത കിറ്റിെൻറ പണം സംബന്ധിച്ചാണ് യു.എ.ഇ കോൺസൽ ജനറലിെൻറ നിർദേശപ്രകാരം സ്വപ്നയുമായി ആശയവിനിമയം നടത്തിയതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
എന്നാൽ, റമദാൻ കിറ്റിനൊപ്പമല്ല മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. അപ്പോൾ കിറ്റ് കൈപ്പറ്റിയതിെൻറ പ്രത്യുപകാരമെന്നനിലക്കാണോ മന്ത്രി ഖുർആൻ വിതരണം ചെയ്യാൻ സമ്മതിച്ചെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കോൺസുലേറ്റിൽനിന്ന് ലഭിച്ച മതഗ്രന്ഥങ്ങൾ മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടാണ് പല സ്ഥാപനങ്ങളിലും എത്തിച്ചതെന്ന മൊഴിയും എൻ.െഎ.എക്ക് ലഭിച്ചിട്ടുണ്ട്.
ആര് ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് മതഗ്രന്ഥങ്ങൾ കൈമാറിയത്, റമദാൻ കിറ്റ് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്താനും ഏജൻസികൾ ഉദ്ദേശിക്കുന്നുണ്ട്.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുേമ്പാൾ ഇക്കാര്യങ്ങളിൽ വ്യക്തതവരുമെന്നാണ് എൻ.െഎ.എയുടെ പ്രതീക്ഷ.
കഴിഞ്ഞ മാർച്ച് നാലിനാണ് മതഗ്രന്ഥങ്ങൾ എത്തിയത്. മേയ് 27നാണ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രിയുമായി സംസാരിച്ചത്. ജൂണിൽ സി ആപ്റ്റിലേക്ക് 32 പാർസൽ എത്തി. ബാക്കി പായ്ക്കറ്റുകൾ എവിടെയെന്നത് ദുരൂഹം.
എത്തിയ പാർസലുകൾ യു.എ.ഇ കോൺസുലേറ്റിൽ എത്തിച്ചോ അതോ മറ്റെവിടെയെങ്കിലും സൂക്ഷിച്ചോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. എൻ.െഎ.എ സംഘം വെള്ളിയാഴ്ചയും മണക്കാെട്ട യു.എ.ഇ കോൺസുലേറ്റിലെത്തി വിവരങ്ങൾ തേടുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു.
കൂടുതൽ പേരെ ചോദ്യംചെയ്യാൻ എൻ.ഐ.എ
യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എൻ.ഐ.എ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു. മുഖ്യപ്രതി സ്വപ്ന സുരേഷിെൻറ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിേശാധനയിൽ കൂടുതൽപേർ ഫോണിലൂടെ ബന്ധപ്പെട്ടതിെൻറ തെളിവ് ലഭിച്ച സാഹചര്യത്തിലാണിത്. ഫോണിലൂടെയും വാട്സ്ആപ് വഴിയും നേരിട്ടും ചിലർ സ്വപ്നയുമായി അടുപ്പം പുലർത്തിയതായാണ് സംശയിക്കുന്നത്.
സ്വർണക്കടത്ത് ഇവരുടെ അറിവോടെയാണോ എന്നാണ് പരിശോധിക്കുക. മൊബൈൽ രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിവരുകയാണ്. കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയെയും വൈകാതെ ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ബിനീഷ് കോടിയേരിയെ നേരത്തേ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി കെ.ടി. ജലീൽ നൽകിയ മൊഴി എൻ.െഎ.എ വിശദമായി പരിശോധിച്ചു. സ്വപ്നയെ 22ന് വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാവും മന്ത്രിയെ വീണ്ടും വിളിപ്പിക്കണോയെന്ന് തീരുമാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.