ചടേനിക്കയുടെ കുടുക്ക
text_fieldsപഴുത്ത വരിക്കച്ചക്കയോ ചുവന്നുതുടുത്ത ചാമ്പക്കയോ ഏതേലും ഒന്ന് ഉണ്ടാവും എെൻറ കുട്ടിക്കാല നോമ്പെടുക്കലുകളെ അവതാളത്തിലാക്കാൻ. പലപ്പോഴും കണ്ട ആവേശത്തിന് തിന്നുതുടങ്ങിയാലാവും നോമ്പിെൻറ കാര്യം ഓർമവരുക. പിന്നെ ബേജാറായി, വെപ്രാളമായി.
‘‘സാരല്ല, ചെറിയ കുട്ടികള് അറിയാതെ തിന്നുപോയാ കുഴപ്പമില്ല.’’
ചെറിയ കുട്ടി പരിഗണനയിൽ ഞാൻ വീണ്ടും രക്ഷപ്പെടും.
അടുപ്പിൽ തിളക്കുന്ന ജീരകക്കഞ്ഞി (ഞങ്ങടെ പ്രിയപ്പെട്ട ചീരോക്കഞ്ഞി). അടുക്കളയിലെ പലകയിലിരുന്നു കുഞ്ഞിപ്പത്തിലിന് അരിയുരുട്ടുന്ന ഞങ്ങൾ കുട്ടികൾ നോമ്പുകാലത്തെ വൈകുന്നേരക്കാഴ്ചകളിലൊന്നാണ്. കഞ്ഞികുടിക്കാൻ അടുത്ത വീട്ടിലെ നാണുമാഷും രഘുവേട്ടനുമുണ്ടാകും. മതങ്ങൾക്കപ്പുറത്ത് മനുഷ്യെൻറയും വിശപ്പിെൻറയും വില പഠിപ്പിച്ചുതന്ന നോമ്പുകാലങ്ങളായിരുന്നു അത്. കഞ്ഞികുടിച്ചു കൊണ്ടിരിക്കുമ്പോൾ വരാന്തയിൽനിന്ന് ഉപ്പാപ്പ വിളിച്ചു ചോദിക്കും -കുഞ്ഞൻ കഞ്ഞികുടിച്ചോ എന്ന്. ചോദ്യത്തിലെ കുട്ടി ഞാനാണ്. കുഞ്ഞുങ്ങൾക്ക് എന്നും പരിഗണന കൊടുക്കണമെന്ന അടുത്ത പാഠമായിരുന്നു അത്.
പോണ്ടിച്ചേരി നോമ്പുകാലം
നോമ്പാണേലും പെരുന്നാളാണേലും ഹോസ്റ്റൽ മെസ് രാത്രി എട്ടു മണിക്കേ തുറക്കൂ. പുളിച്ച ഇഡലിയുടെയും സാമ്പാറിെൻറയും മടുപ്പു കുറക്കാൻ ഞങ്ങൾ നടക്കാനിറങ്ങും. ഞാനും നസ്രീനും. നോമ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു രശ്മിയുമുണ്ടാകും. ഹോസ്റ്റലിനു പിറകിൽ കരിമ്പിൻതോട്ടത്തിനു നടുവിലൊരു പള്ളിയുണ്ട്. അവിടെ ബാങ്ക് കൊടുക്കുന്ന സമയത്തു ധാന്യക്കഞ്ഞി കിട്ടും. അരിയും പയറും തക്കാളിയും ഉള്ളിയുമൊക്കെ ഇട്ട കഞ്ഞി. വിശന്ന വയറിൽ അതങ്ങ് ചെല്ലുമ്പോൾ വല്ലാത്തൊരു നിറവാണ്. ഇടയ്ക്കു കോളജിനു മുന്നിലെ ജ്യൂസ് കടയിലെ സുലൈമാനിക്ക വീട്ടിലേക്ക് വിളിക്കും. മൂപ്പരുടെ പ്രമേഹക്കാലിലെ പഴുപ്പ് ഉണക്കിക്കൊടുത്ത ‘ഡോക്ടർകൊളന്ത’കളോടുള്ള സ്നേഹം. നല്ല ചൂടുള്ള പരിപ്പുവട ഉണ്ടാകും. ചാണകത്തറയുടെ തണുപ്പിലിരുന്ന് അങ്ങനെത്ര വടകൾ കഞ്ഞിയിലിട്ടു കഴിച്ചിരിക്കുന്നു.
മോഡൽ പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നൊരു നോമ്പുകാലം. രാവിലെ പരീക്ഷ ഇല്ലാത്ത ഞങ്ങൾ എസ് ബാച്ചുകാർ മാത്രമാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. വെള്ളമെടുക്കാൻ താഴത്തെ നിലയിലേക്ക് പോയതായിരുന്നു ഞാൻ. കോണിപ്പടവിലിരുന്നു റൂം വൃത്തിയാക്കാൻ വരുന്ന ‘അക്ക’മാർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അവരുടെ, വക്കുപൊട്ടിയ സ്റ്റീൽപാത്രങ്ങളിലേക്ക് നോക്കിയപ്പോൾ വല്ലാതെ തരിച്ചുപോയി. തലേദിവസം ഞങ്ങൾ വേസ്റ്റ് ബാസ്കറ്റിൽ കളഞ്ഞ പഴകിയ ബ്രഡിൻെറ കഷണങ്ങളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ കടലക്കറിയും.
പട്ടിണിയൊക്കെ പഴയ തലമുറയുടെ കഥകളായാണ് അന്നുവരെ ഞങ്ങൾ കേട്ടിരുന്നത്. ഇതിപ്പോൾ എെൻറ രാജ്യം തന്നെയെന്ന് വിശ്വസിക്കാൻ പ്രയാസം. ഉമ്മാമ്മയുടെ കഥകളിലെ ചടേനിക്കയെയാണ് അന്നേരം ഓർമ വന്നത്. നോമ്പുകാലത്ത് നാട്ടുപ്രമാണിമാരുടെ വീടുകളിൽ നോമ്പുതുറ ഒരുക്കുന്ന പാചകക്കാരനാണ് ചടേനിക്ക. എല്ലാ വിഭവങ്ങളുമൊരുക്കി കഴിഞ്ഞ്, അവസാനം കഴിക്കാമെന്നു കരുതി, തൻെറ പങ്ക് ഒരു കുടുക്കയിൽ എടുത്തുവെക്കും. അവസാനം രാത്രി വൈകി അത്താഴത്തിൻെറ നേരത്തു ക്ഷീണിച്ച ശരീരവുമായി, വിശപ്പുകെട്ട് ഇരിക്കുമ്പോൾ ഒന്നും കഴിക്കാനാവില്ല. ഒടുവിൽ വിഭവക്കുടുക്ക മാറ്റിെവച്ചു, കത്തിയ വയറിനു മുകളിൽ ഒരു ഗ്ലാസ് നാരങ്ങവെള്ളം മാത്രം കുടിച്ചു കിടക്കുന്നു. ഉണ്ടായിട്ടും നിറയാത്ത വയറോടെ അടുത്ത ദിവസത്തെ നോമ്പിനെ സ്വീകരിക്കേണ്ടിവരുന്ന നിർഭാഗ്യവാന്മാരുടെ കഥയായിരുന്നു അത്.
വർഷങ്ങളിങ്ങനെ അറിയാതെ ഓടിപ്പോവുകയാണ്. ആശുപത്രിക്കും വീടിനുമിടയിൽ, കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയിൽ, ഓപറേഷൻ തിയറ്ററിൽെവച്ച് മുറിവ് തുന്നുന്നതിനിടയിൽ, വഴിയരികിൽ കാർ നിർത്തി തട്ടുകടയിൽനിന്ന്, ഒഴിവുദിവസത്തിെൻറ ആലസ്യത്തിൽ എെൻറ സ്വന്തം വിഭവങ്ങൾ പരീക്ഷിച്ച്... നോമ്പും നോമ്പുതുറയും വ്യത്യസ്തതകൾ നിറച്ചു തുടരുന്നു, മനുഷ്യനും വിശപ്പുമാണ് മതങ്ങളുടെ ശരിയായ പാഠങ്ങളെന്നു പഠിപ്പിച്ചുകൊണ്ട്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.