മരുപ്പച്ച കൊതിച്ച നോമ്പുകാരന്‍
text_fields1992ലാണ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയിൽ ദമ്മാമിലെ ഹുസൈൻ എന്ന സ്പോൺസറുടെ വീട്ടിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ പൊറ്റമ്മൽ ഹസൻ എത്തുന്നത്. ചെറിയ വീട് പുതുക്കിപ്പണിയണമെന്ന ആഗ്രഹവും പ്രാരബ്ധങ്ങൾ ഇറക്കിവെക്കാനുമാണ് ഗൾഫ് മോഹവുമായി ഹസൻ പുറപ്പെട്ടത്. സ്പോൺസറുടെ വീട്ടിൽ മൂന്നുമാസം പിന്നിടുേമ്പാഴാണ് മറ്റൊരിടത്തേക്ക് പോവാനുണ്ടെന്ന് പറഞ്ഞ് ഹസനോട് യാത്രക്ക് തയാറാകാൻ പറഞ്ഞത്. ഹസനെയുമായി സ്പോൺസറെത്തിയത് ദഹ്റാൻ എയർപോ ർട്ടിലായിരുന്നു. ഇതൊരു തിരിച്ചുപോക്കിെൻറ യാത്രയാണെന്ന് അപ്പോഴാണ് അറിയുന്നത്. വിസ തന്ന് നാട്ടിൽനിന്ന് കൊണ്ടുവന്ന സുഹൃത്ത് മുഹമ്മദിനോടുപോലും യാത്രപറഞ്ഞിരുന്നില്ല. വിമാനത്താവളത്തിനുള്ളിലെ ക്യൂവിൽ താളംപിഴക്കുന്ന മനസ്സുമായാണ് ഹസൻ നിന്നത്.
ബോഡിങ് പാസ് നൽകി ഒാഫിസർ പാസ്പോർട്ട് തിരിച്ചുനൽകി. പാസ്പോർട്ടുമായി തിരിച്ചുനടന്നത് മറ്റൊരു വഴിയിലൂടെയാണ്. അത് എയർപോർട്ടിൽനിന്ന് പുറത്തേക്കുള്ള വഴിയായിരുന്നു. വിമാനത്താവളത്തിന് പുറത്തെത്തിയ ഹസൻ ദഹ്റാൻ-ഖോബാർ റോഡിലൂടെ നടന്നു. മനസ്സിൽ ലക്ഷ്യമോ യാത്രക്ക് അതിരുകളോ ഉണ്ടായിരുന്നില്ല. റോഡിൽ വന്നുനിന്ന് ട്രക്കിന് കൈകാണിച്ചു. ട്രക് ഒാടിച്ചിരുന്നത് മലയാളിയായിരുന്നു. ട്രക്കിൽനിന്ന് ഖോബാറിൽ ഇറങ്ങി, കുറച്ചുദിവസത്തെ പാത്തും പതുങ്ങിയുമുള്ള ജീവിതം. എക്സിറ്റ് അടിച്ച പാസ്പോർട്ടുമായി പുറംലോകം കണ്ടാൽ അഴിക്കുള്ളിലാവും എന്നതുകൊണ്ട് കൂടെയുള്ള രേഖകളെ ശത്രുവിനെപ്പോെലയാണ് ഹസൻ കണ്ടത്.
ഇതിനിടയിൽ നാട്ടുകാരനായ മരക്കാർ ഹാജിയെ കണ്ടുമുട്ടി. ഖത്തറിെൻറ അതിർത്തിയായ ഹഫൂസിലെ മരുഭൂമിയാണ് ഖൊയ്ബ കൊച്ചുഗ്രാമത്തിലെ ആളനക്കമുള്ള പ്രദേശം. ഇവിടെ മരക്കാർ ഹാജിയുടെ സുഹൃത്ത് തങ്കപ്പൻ വർക്ഷോപ് നടത്തുന്നുണ്ട്. മരുഭൂമിയിലൂടെ പോകുന്ന വാഹനങ്ങൾ കേടുപാടുകൾ തീർത്തിരുന്നത് ഇവിടെയാണ്. വർക്ഷോപ്പിൽ വരുന്ന അറബികളുമായി തങ്കപ്പന് നല്ല സൗഹൃദമാണ്. ഒളിസേങ്കതത്തിെൻറ സുരക്ഷിതത്വം ഇവിടെ ലഭിക്കും എന്നതുകൊണ്ട് തങ്കപ്പെൻറ കൂടെ ഹസനെ വിടാൻ മരക്കാർ ഹാജി തീരുമാനിച്ചു. തങ്കപ്പനുമായി പരിചയമുള്ള അറബിസുഹൃത്തുക്കൾ വഴി ജോലി ശരിയാക്കാം എന്നതും ഇൗ യാത്രയാക്കലിെൻറ ലക്ഷ്യമായിരുന്നു.
മത്സര ഒാട്ടത്തിനുള്ള ഒട്ടകങ്ങളുടെ ടെൻറുകളായിരുന്നു അറ്റംകാണാത്ത ഖൊയ്ബ മരുഭൂമിയിൽ അങ്ങിങ്ങായി ഉണ്ടായിരുന്നത്. ഇതിെൻറ നടത്തിപ്പുകാരൻ വർക്ഷോപ്പിൽനിന്ന് പരിചയപ്പെട്ട അദ്നാെൻറ കൂടെയാണ് ഒട്ടകക്യാമ്പിലുള്ള ജോലിക്ക് യാത്രതിരിച്ചത്. പകൽച്ചൂടിൽ തിളച്ചുമറിയുന്ന മരുഭൂമിയിലൂടെയായിരുന്നു യാത്ര. മണിക്കൂറുകൾ പിന്നിട്ട യാത്ര അവസാനിച്ചത് ഖൊയ്ബയിലെ ഒട്ടകക്യാമ്പിൽ. ടെൻറുകളും വേലികളുമായി ക്യാമ്പ് വിസ്തൃതമായി വളഞ്ഞുകെട്ടിയിട്ടുണ്ട്. മരുഭൂമിയിൽ നടത്തുന്ന ഒാട്ടമത്സരത്തിനുള്ള ഒട്ടകങ്ങളെ വളർത്തുകയും പരിചരിക്കുകയും ചെയ്യുന്ന സ്ഥലംകൂടിയാണിത്. സുഡാനികളായ നാലു യുവാക്കളും 10നും 15നും ഇടയിൽ പ്രായമുള്ള നാലു കുട്ടികളുമാണ് ഇവിടെയുള്ളത്. ഒാട്ടമത്സരത്തിൽ പെങ്കടുക്കുന്ന ഒട്ടകത്തിെൻറ പുറത്ത് ഇരുത്താനാണ് സുഡാനിൽനിന്ന് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യക്കാരനും മലയാളിയുമായി ഹസൻ മാത്രം.
യാത്രാസംഘങ്ങളായ അറബികളും വിവിധ ഖൈറുകളിൽനിന്ന് മത്സര ഒാട്ടത്തിന് കൊണ്ടുപോകുന്ന ഒട്ടകങ്ങളെയുമായി പോകുന്നവരും ടെൻറുകളിൽ എത്തും. ഭക്ഷണം ഒരുക്കലാണ് ഹസനെ ഏൽപിച്ച ജോലി. ഒപ്പം ഒട്ടകങ്ങൾക്കുള്ള പരിചരണവും.ചൂടും തണുപ്പും പൊടിക്കാറ്റും നിറഞ്ഞ ജീവിതം അനുഭവിച്ചു തീർക്കുകയായിരുന്നു ഹസൻ. സംസാരിക്കാൻ ഭാഷ അറിയില്ല. നാട്ടുവിശേഷമോ ചുറ്റുമുള്ള വിവരങ്ങളോ അറിയാതെ സംസാരശേഷി ഒരു അനാവശ്യമാണെന്ന് തോന്നിയതാണ് ഇക്കാലമെന്ന് ഹസൻ ഒാർക്കുന്നു. മരുപ്പുല്ലും വെള്ളവും തേടിയാണ് ഒട്ടകസംഘങ്ങളുമായി മരുഭൂമിയിലൂടെ യാത്രതിരിക്കുന്നത്. ഇടക്ക് വീശിയടിക്കുന്ന കാറ്റിൽ മണൽ ഒഴുകി ഒരിടത്ത് കുമിഞ്ഞുകൂടും. രൂപമാറ്റം വന്ന് ഇത് വലിയ മണൽകുന്നുകളായി മാറും. ചിലപ്പോൾ ടെൻറുകൾക്കു മുകളിൽ ഇൗ കുന്നുകൾ വന്നീടും. പിറകെ വരുന്ന മണൽകാറ്റ് ഇതിനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവും. ഇതിനൊപ്പം ഒഴുകിനടന്നതായിരുന്നു ഹസെൻറ ജീവിതം.
ഒട്ടകത്തമ്പുകളിലെ പരുപരുത്ത ജീവിതത്തിനിടയില്‍ ഹസെൻറ കണക്കുപുസ്തകങ്ങളിലേക്ക് ദിവസങ്ങളും മാസങ്ങളും എത്തിനോക്കാറില്ല. ദിനചര്യകളില്‍ മാറ്റമില്ലാത്ത യാന്ത്രികജീവിതം. ഇതിനിടയിൽ തളിര്‍ത്തുവരുന്ന റമദാന്‍ അങ്ങനെയല്ല. ഹസനെ റമദാൻപിറ അറിയിച്ചത് കൂടെയുള്ള സുഡാനികളാണ്. ടെൻറിൽ ഇടക്കെേപ്പാഴെങ്കിലും വരുന്ന അദ്നാനാണ് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത്. റമദാന് മുേമ്പ കുറച്ചധികം എത്തിച്ചപ്പോഴും റമദാൻ തുടങ്ങുന്ന വിവരം ഹസനറിയില്ല.
റമദാെൻറ സ്നേഹം പങ്കുവെക്കാൻ സുഡാനികൾക്ക് ഒരു പിശുക്കും തോന്നിയിരുന്നില്ല. പരുക്കൻ ജീവിതത്തിനിടയിലും ആർദ്രമായിരുന്നു അവരുടെ മനസ്സ്.
നല്ല ഭക്ഷണം അക്കാലത്ത് ഒാർമ മാത്രമാണ്. കൊതിയോടെ വയറുനിറച്ച് ഭക്ഷണം കഴിക്കാൻ നോമ്പുകാലത്തെങ്കിലും ആഗ്രഹിച്ചിരുന്നു. നടത്തിപ്പുകാരൻ എപ്പോഴെങ്കിലും കൊണ്ടുവരുന്ന മക്രോണിയായിരുന്നു ഒട്ടകത്തമ്പിലെ മുന്തിയ ഭക്ഷണം. ഒന്നിച്ചിരുന്ന് കഴിക്കുകയും നോമ്പ് എടുക്കുകയും ചെയ്യുന്നത് മരുഭൂമിയെ വലംവെക്കുന്ന സൂര്യനെ നോക്കിയാണ്. ഇതെല്ലാം കൃത്യമായി സുഡാനികൾക്കറിയും. നാട്ടിലെ നോമ്പും പെരുന്നാളും കുടുംബം കഴിഞ്ഞുപോവുന്നതും അറിയാൻ വഴിയില്ല. ഇതിനിടയിൽ അദ്നാൻ നൽകിയ 3000 റിയാൽ നാട്ടിലേക്ക് അയക്കാൻ റമദാന് മുമ്പാണ് തങ്കപ്പൻ വഴി ഒരാളെ ഏൽപിച്ചത്.
അങ്ങനെ നാട്ടിലെ കാര്യങ്ങൾക്ക് ആശ്വാസമാവെട്ട എന്നു കരുതി അയച്ചതായിരുന്നു ഇത്. ആദ്യത്തെ പ്രതിഫലമായിരുന്നു ഇൗ തുക. പിന്നീട് നാട്ടിൽ എത്തിയപ്പോഴാണ് ഇൗ തുക നാട്ടിൽ കിട്ടാത്ത വിവരം ഹസൻ അറിയുന്നത്. മാസങ്ങൾക്കുശേഷം തങ്കപ്പെൻറ വർക്ഷോപ്പിലേക്ക് തിരിച്ചുചെന്നപ്പോൾ എഴുത്തുപെട്ടിയിൽ ഹസെൻറ പേരിൽ നാട്ടിൽനിന്ന് വന്ന കണ്ണീരണിഞ്ഞ 22 കത്തുകൾ കിടക്കുന്നുണ്ടായിരുന്നു. ഇതിൽ നോമ്പും പെരുന്നാളും നാട്ടിൽ വന്നതും പോയതുമുണ്ടായിരുന്നു. ആഘോഷമില്ലാതെ നൊമ്പരങ്ങളുണ്ടായിരുന്നു- മൂന്നര വർഷത്തിനുശേഷം അനുഭവങ്ങളുടെ തോരാത്ത മഴയുമായാണ് ഹസൻ നാട്ടിലേക്ക് തിരിച്ചത്.
ചിത്രം: ഷഹീർ അലി പിക്ബോക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.