വറുതികൊണ്ട് പൊറുതിമുട്ടിയ കാലം
text_fieldsകുറ്റ്യാടി: പുതിയ തലമുറ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സുഖസൗകര്യങ്ങളൊന്നും പഴയകാലത്ത് ഉണ്ടായിരുന്നില്ല. വൈദ്യുതി, ഫോൺ, ഉച്ചഭാഷിണി തുടങ്ങിയവ ഇല്ല -അന്നത്തെ നോമ്പുകാലത്തെക്കുറിച്ച് റിട്ട. അധ്യാപകനും കേരള ജംഇയ്യതുൽ ഉലമ അംഗവുമായ കായക്കൊടിയിലെ വി.വി. അബൂബക്കർ മൗലവി (84) പറഞ്ഞു.
എടച്ചേരി പുതിയങ്ങാടിയിലായിരുന്നു കുട്ടിക്കാലം. രാത്രി സഞ്ചാരത്തിന് സാധാരണക്കാർക്ക് ചൂട്ടുമാത്രം ആശ്രയം. ഞെക്കിവിളക്ക് (ടോർച്ച്) അപൂർവമായേ ഉണ്ടായിരുന്നുള്ളൂ. വിവിധ തരം മണ്ണെണ്ണവിളക്കുകളുടെ അരണ്ടവെളിച്ചമാണ് പള്ളികളിൽ പോലും. ചില പള്ളികളിൽ കാന്തവിളക്ക് (പെട്രോമാക്സ്) ഉപയോഗിച്ചിരുന്നു. പള്ളികളിൽ സംഘടിത നമസ്കാരങ്ങളിൽ യുവാക്കളുടെ സാന്നിധ്യം കുറവായിരുന്നു. വയോധികരാണ് അധികവും നോമ്പ്, നമസ്കാരം പോലുള്ള മതകർമങ്ങൾ അനുഷ്ഠിച്ചത്. പoനക്ലാസുകളൊന്നും ഉണ്ടായിരുന്നില്ല.
നോമ്പുതുറയും ഇന്നത്തേതിൽനിന്ന് വ്യത്യസ്തം. കാരക്കയും വെള്ളവും മാത്രം. പഴവർഗങ്ങൾ ഉപയോഗിച്ചിരുന്നില്ല. വീട്ടുവളപ്പിൽ വളരുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ, കൈതച്ചക്കയൊന്നും നോമ്പുതുറക്ക് എടുക്കാറില്ല. കുഞ്ഞിപ്പത്തിരി, ജീരകക്കഞ്ഞി, കപ്പപ്പുഴുക്ക്, ഇറച്ചിക്കറി ഇവയാണ് പ്രധാന വിഭവങ്ങൾ. ഓലമേഞ്ഞ വീടുകളാണ് അധികവും. അരി, പഞ്ചസാര, മണ്ണെണ്ണ എന്നിവ പൊതു മാർക്കറ്റിൽ ലഭ്യമല്ലാത്ത കാലം. റേഷൻ മുഖേന ലഭിക്കുന്ന തുച്ഛമായ വിഹിതമാണ് ആശ്രയം.
അരിക്കു പകരം മറ്റു ധാന്യങ്ങൾ, പഞ്ചസാരക്കു പകരം ശർക്കര, വിളക്ക് കത്തിക്കാൻ പ്രത്യേക തരം എണ്ണ, പ്രത്യേക തരം വിളക്ക് എന്നിവ പല വീടുകളിലും കാണാമായിരുന്നു. പുതുവസ്ത്രങ്ങളും കിട്ടിയത് അപൂർവം. വർഷത്തിൽ രണ്ടോ മൂന്നോ തവണ റേഷൻ കാർഡ് മുഖേന ലഭിക്കുന്ന തുണിത്തരങ്ങൾ മാത്രം. തോർത്തുമുണ്ടുപോലും പൊതുമാർക്കറ്റിൽ ലഭ്യമല്ല. എങ്കിലും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ ജാതിമത ഭേദമന്യേ പരസ്പരം സഹായിച്ചിരുന്നു -മൗലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.