അത്താഴ നഷ്ടത്തിന്െറ ഓര്മയില്
text_fieldsകുഞ്ഞുന്നാളിലെ റമദാൻ നോമ്പിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സിലേക്ക് കടന്നുവരുന്നത് അത്താഴനഷ്ടത്തിെൻറ ഒാർമയാണ്. കുട്ടിക്കാലത്ത് നോമ്പിന് അത്താഴം കഴിക്കുകയും നോമ്പെടുക്കുകയും ചെയ്യുക എന്നത് മറ്റാരെയുംപോലെ എെൻറയും ആഗ്രഹമായിരുന്നു. വൈകുന്നേരം വരെ വിശപ്പ് സഹിക്കാനോ നോമ്പെടുക്കാനോ പ്രായമായിട്ടില്ലെന്ന തീർപ്പിലായിരിക്കും മാതാപിതാക്കൾ. അത്താഴത്തിന് എന്തായാലും വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും ഉറങ്ങുക. ചെറിയ കുട്ടിയല്ലേ, എന്തിനാണ് നല്ല ഉറക്കത്തിൽനിന്ന് അവനെ വിളിച്ചുണർത്തി ഭക്ഷണം കഴിപ്പിക്കുന്നതെന്നായിരിക്കും അവർ ചിന്തിക്കുക. കുട്ടികൾക്ക് അതിയായ ആഗ്രഹമുണ്ടായിരിക്കെതന്നെ മാതാപിതാക്കളും മുതിർന്നവരും അത്തരമൊരു സാഹസത്തിന് മുതിരാറില്ല.
സാഹസമെന്ന് വെറുതെ പറയുന്നതല്ല. അത്താഴത്തിന് എഴുന്നേൽക്കുകയെന്നത് മുതിർന്നവർക്കുപോലും സാഹസമാണ്. സ്വാഭാവികമായിത്തന്നെ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്ന സമയമല്ല അത്താഴത്തിേൻറത്. ഇന്നത്തെപ്പോലെ കൃത്യസമയത്ത് ഉറക്കമുണർത്താനുള്ള അലാറം സംവിധാനമുള്ള ഉപകരണങ്ങൾ അന്ന് സാർവത്രികമല്ല. ദൂരെനിന്ന് കേൾക്കുന്ന കതിന വെടികളാണ് ആശ്രയം. പിന്നെ, ഉറങ്ങാനൊരുങ്ങുമ്പോഴുള്ള സമയത്ത് ഉണരാനുള്ള ദൃഢനിശ്ചയവും പ്രാർഥനയും ഉറങ്ങുമ്പോഴും ഒരസ്വസ്ഥതയായി പിന്തുടരുന്നുണ്ടാവും. ഇവയുടെ ബലത്തിലാണ് അത്താഴത്തിെൻറ സാധ്യത. ഉറക്കം സുബ്ഹ് നമസ്കാരം വരെ നീണ്ടുപോവുകയും അത്താഴമില്ലാതെ നോമ്പെടുക്കുകയും ചെയ്ത എത്രയോ അനുഭവങ്ങൾ കഴിഞ്ഞ കാലത്തെ ആർക്കുമുണ്ടാവും.
അത്താഴം കഴിച്ചേ അടങ്ങൂ എന്ന തീരുമാനത്തിൽ ഞങ്ങൾ, കുട്ടികൾ ഉറങ്ങാതെ കാത്തിരിക്കുകയാണ് പതിവ്. ഉമ്മയുറങ്ങുന്ന പായക്കരികെ പത്തു മണി, പതിനൊന്ന്, പന്ത്രണ്ട്, ഒന്ന്, ഒന്നര... അങ്ങനെ മണിക്കൂറുകളെണ്ണി ഞങ്ങൾ കാത്തിരിക്കും. അതിനിടയിലെപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വീഴും. പിന്നെയുണരുമ്പോഴേക്കും അത്താഴമെല്ലാം കഴിഞ്ഞ് നേരംപുലർന്നിരിക്കും. ഈ പതിവിൽ കനിവുതോന്നിയ ഉമ്മ ഒരു നാൾ ഞങ്ങളെ വിളിച്ചുണർത്തി. മുഖം കഴുകിയതും ഭക്ഷണത്തിനു മുന്നിൽ വന്നിരുന്നതും (ഇരുത്തിയതും) എല്ലാം ഓർമയുണ്ട്. അത്താഴശേഷം കുടിക്കാനുള്ള ചായയും ഉമ്മ കൊണ്ടുതന്നു. പക്ഷേ, ഇരുന്ന ഇരിപ്പിൽ ഉറങ്ങിപ്പോയി. നേടിക്കഴിഞ്ഞുവെന്ന് തോന്നിയ ആ അത്താഴനഷ്ടം ഇന്നും മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം ഉമ്മയുടെ മുഖവും.
വളർന്നു വലുതായപ്പോൾ കുറെ ചിന്തിച്ചിട്ടുണ്ട്. ഇത്രയൊക്കെ പ്രയാസപ്പെട്ട് അത്താഴം കഴിക്കാൻ ചെറുപ്രായത്തിൽതന്നെ എല്ലാവരും ആഗ്രഹിക്കുന്നത് എന്തിനായിരിക്കും? ആ സമയത്ത് ഭക്ഷണം കഴിക്കൽ പുണ്യകർമമായി പ്രവാചകൻ പഠിപ്പിക്കാൻ കാരണമെന്തായിരിക്കും? പ്രബലമായ െഎച്ഛിക കർമമാണെന്നിരിക്കെ നിർബന്ധത്തോളം വരുന്ന നിഷ്ഠയോടെ മുസ്ലിംകൾ അതനുഷ്ഠിക്കുന്നത് എന്തുകൊണ്ടായിരിക്കും? പൂർണതയാണ് ശൈശവത്തിലും ബാല്യത്തിലും ഓരോ കുഞ്ഞും ആഗ്രഹിക്കുന്നത്. പൂർണ മനുഷ്യനാവുക, മുതിർന്നവനാവുക. ബസിൽ കാശുകൊടുക്കാൻ കൊതിക്കുന്നതും സ്വന്തമായി സീറ്റിൽ ഇരിക്കാൻ ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്. അത്താഴം കഴിച്ച് നോമ്പനുഷ്ഠിച്ച് മുതിർന്നവനായി പ്രഖ്യാപിക്കാനാഗ്രഹിക്കുന്നതും ഈ മോഹംകൊണ്ടാണെന്നാണ് തോന്നിയിട്ടുള്ളത്.
നോമ്പ് ത്യാഗമാണ്, ത്യാഗം അതാവശ്യപ്പെടുന്നു. അസമയത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന് ആരോഗ്യം പകരാനല്ല, സ്വന്തമായി താൽപര്യമില്ലെങ്കിലും ദൈവത്തിനുവേണ്ടി ഉറക്കമുണർന്ന് അത്താഴം കഴിക്കാനും സന്നദ്ധനാണ് എന്ന് വിശ്വാസി പ്രഖ്യാപിക്കുകയാണ് അത്താഴത്തിലൂടെ. ദൈവകൽപനയോട് താദാത്മ്യപ്പെടാനാണ് നോമ്പ് പരിശീലിപ്പിക്കുന്നത്. പട്ടിണി കിടന്ന്, ശരീരത്തെ പീഡിപ്പിച്ച് പ്രയാസപ്പെടണമെന്ന് ദൈവത്തിന് ഒരാഗ്രഹവുമില്ല. അതിനാൽ അത്താഴമില്ലാതെയുള്ള നോമ്പനുഷ്ഠാനം നിർദേശിക്കുന്ന കാഴ്ചപ്പാടുകളോട് വിയോജിക്കുകയാണ് ഇസ്ലാം. ഈ താദാത്മ്യവും വിയോജിപ്പും തന്നെയാണ് അത്താഴത്തിലെ പുണ്യമെന്ന് നബി (സ) പഠിപ്പിച്ചത്.
ംംം
വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ നാട്ടിൽ സഹോദര മതവിശ്വാസികളെകൂടി പങ്കെടുപ്പിച്ച് ഇഫ്താർ വിരുന്ന് നടന്നു. വലിയ കോളിളക്കമാണ് അതുണ്ടാക്കിയത്. നോമ്പെടുക്കാത്തവർക്ക് നോമ്പുതുറ. ഇനി ബലിമാംസംകൂടി അവർക്ക് കൊടുത്തുകൂടേ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. വാദപ്രതിവാദത്തിനുപോലും വെല്ലുവിളിച്ചു ചിലർ. ഇന്നിപ്പോൾ അങ്ങനെയാരും ചോദിക്കുമെന്നു തോന്നുന്നില്ല. ഇസ്ലാമിനെ ആചാരബദ്ധമായി മാത്രം കരുതിയിരുന്ന കാലത്തുനിന്ന് മുസ്ലിം സമുദായം ഏറെ മുന്നോട്ടുപോയി. ആരാധനകർമങ്ങൾപോലും ഉദ്ഘോഷിക്കുന്നത് സാമൂഹികതയും മനുഷ്യസ്നേഹവുമാണെന്ന് തിരിച്ചറിയപ്പെട്ടിരിക്കുന്നു. സ്വന്തം അറകളിൽ കഴിഞ്ഞുകൂടാനല്ല, ഇതരരിലേക്കുകൂടി ഒഴുകിപ്പരക്കാനാണ് അത് വിശ്വാസികളോട് ആഹ്വാനംചെയ്യുന്നത്.
മുസ്ലിമിെൻറ ആരാധനകർമങ്ങളായ നമസ്കാരവും സകാത്തും നോമ്പും ഹജ്ജുമെല്ലാം തനിക്കപ്പുറമുള്ളവരിലേക്കുള്ള കൈകോർക്കലുകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. സ്വന്തത്തെക്കുറിച്ചു മാത്രമല്ല, അപരനെക്കുറിച്ചും പ്രതീക്ഷ വെച്ചുപുലർത്തുന്നവനാണ് വിശ്വാസി. അല്ലെങ്കിലും മനുഷ്യസമൂഹത്തിെൻറ നന്മക്കായി ഇറക്കപ്പെട്ട ഖുർആനിനെന്ത് സ്വന്തവും അപരവും. ഖുർആൻ ഇതര മതസ്ഥർ തൊട്ടാൽ കണ്ണുപൊട്ടിപ്പോകുമെന്നും സകല മുസീബത്തിനും കാരണമാകുമെന്നും വിശ്വസിച്ച ഒരുകാലം കടന്നുപോയിട്ടുണ്ട്. ഇന്നിപ്പോൾ മുസ്ലിം സമുദായം ഏറെ മാറിപ്പോയി. പ്രബോധക സംഘമാണെന്ന സ്വയംബോധ്യത്തിലേക്ക് സമുദായം വളരുകയാണ്.
ഖുർആൻ മനുഷ്യസമൂഹത്തിനാകമാനം അവകാശപ്പെട്ടതാണെന്നും നീതിയെയും വിശ്വസാഹോദര്യത്തെയും സഹവർത്തിത്വത്തെയും ബഹുസ്വരതയെയുമാണ് ഖുർആൻ ഉയർത്തിപ്പിടിക്കുന്നതെന്നും എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ജീവിതവിജയത്തിെൻറയും മോക്ഷത്തിെൻറയും വഴിയെക്കുറിച്ച് ഖുർആൻ സംസാരിക്കുന്നത് എല്ലാവരോടുമാണ്, ഓരോരുത്തരോടുമാണ്. ആ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. അപ്പോൾ ഖുർആനിനെപ്പോലെ, റമദാെൻറ നനവും നന്മയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. ആർക്കും അതനുഭവിക്കാനാവണം. വിശേഷിച്ചും നാട്ടിൽ അസഹിഷ്ണുതയും പരസ്പരമുള്ള അകൽച്ചയും ഘനീഭവിക്കുന്ന ഇക്കാലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.