പ്രാർഥനയിലെന്നുമുണ്ടണ്ട്, ‘അല്ലാഹു അക്ബർ’
text_fieldsകുട്ടിക്കാലത്ത് അത്ഭുതമായിരുന്നു നോമ്പ്. വീട്ടിൽ കൃഷിപ്പണിക്കും മറ്റും വരുന്ന മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ഉച്ചക്ക് ഒന്നും കഴിക്കുന്നില്ലെന്നറിഞ്ഞപ്പോൾ ജിജ്ഞാസയോടെയാണ് കാരണം തിരക്കിയത്. ‘നോമ്പാണ്’ എന്നായിരുന്നു മറുപടി. പകൽ മുഴുവൻ ആഹാരമൊന്നും കഴിക്കാതെ എന്തിന്, പച്ചവെള്ളം പോലും കുടിക്കാതെ പണിയെടുക്കുന്നവർ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. മുതിർന്നപ്പോൾ നോമ്പിനോട് അത്ഭുതം മാറി ആദരവായി. സ്രഷ്ടാവുമായി അടുക്കാൻ വ്രതശുദ്ധിയോടെ നീക്കി വെക്കുന്ന കുെറ നാളുകൾ.
അന്നപാനീയങ്ങൾ വെടിഞ്ഞ്, ദാനധർമങ്ങൾ ചെയ്ത് അല്ലാഹുവിനെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന, അവനിലേക്ക് കൂടുതൽ അടുക്കുന്ന നാളുകൾ. ആരാധനകർമങ്ങളും ഖുർആൻ പാരായണവുമായി ആ നാളുകൾ അല്ലാഹുവിനുള്ള സമർപ്പണമാക്കിമാറ്റുന്നു വിശ്വാസികൾ. ശബരിമല തീർഥാടന കാലത്തെ നോമ്പും ക്രൈസ്തവരുടെ അമ്പത് നോമ്പുമെല്ലാം അങ്ങനെത്തന്നെ. മതമൈത്രിക്ക് പേരുകേട്ട പെരുമ്പാവൂർ എല്ലാ മതങ്ങളെയും ആദരിച്ച് ജീവിക്കാൻ പഠിപ്പിച്ചാണ് എന്നെ വളർത്തിയത്. പെരുമ്പാവൂർ ധർമശാസ്ത ക്ഷേത്രത്തിൽ തൊഴുന്ന അതേ തീവ്രതയോടെ കാഞ്ഞിരക്കാട് മുസ്‌ലിം പള്ളിക്ക് മുന്നിൽ കാണിക്കയിട്ട് പ്രാർഥിക്കാൻ എനിക്ക് കഴിയുന്നത് അതുകൊണ്ടാണ്. വർഷങ്ങളായി പ്രഭാത, സന്ധ്യാ പ്രാർഥനകളിൽ ‘അള്ളാഹു അക്ബർ’ എന്ന് പത്തുതവണ ഉരുവിടാറുണ്ട്.
റമദാനെ കുറിച്ചുള്ള കുട്ടിക്കാല ഓർമകളിൽ വന്നുനിറയുന്നൊരു ക്രിസ്മസ് ദിനമുണ്ട്. പെരുമ്പാവൂർ അയ്യപ്പക്ഷേത്രത്തിലെ 41 ചിറപ്പ് തീരുന്നതും ചെറിയ പെരുന്നാൾ ദിനവും ക്രിസ്മസും ഒരുമിച്ച് വന്നു അന്ന്. ദശകങ്ങൾ പിന്നിടുമ്പോൾ മാത്രം ഒത്തുവരുന്ന ശുഭദിനം. പെരുന്നാൾ ദിനത്തിൽ അയൽവാസികൾ എത്തിക്കുന്ന പലഹാരങ്ങൾ രുചികരമായ മറ്റൊരു ഓർമ. ഇന്നത്തെ ആർഭാടങ്ങളൊന്നും അന്നില്ല. ഇന്ന് ഇഫ്താറുകളിൽ നിരക്കുന്ന വിഭവങ്ങൾക്കൊന്നും അന്നത്തെ രുചിയെ മറികടക്കാനായിട്ടുമില്ല.
ആകാശവാണിക്കാലത്തെ നോമ്പോർമകൾ സംഗീതമയമാണ്. പെരുന്നാൾ ദിനത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള പാട്ടുകൾ റെക്കോഡ് ചെയ്യാൻ ഇടവ ബഷീറും എം.എസ്. നസീമുമൊക്കെ എത്തും. സംഗീത ജീവിതത്തിൽ എനിക്കാകെയുള്ള വിഷമം മുസ്‌ലിം ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്താൻ കഴിഞ്ഞില്ല എന്നതാണ്. അത്തരം പ്രമേയങ്ങൾ കൈകാര്യംചെയ്യുന്ന സിനിമകൾ എന്നെത്തേടി വന്നിരുന്നില്ല. എന്നാൽ, അതിമനോഹരമായി മാപ്പിളപ്പാട്ടുകൾക്ക് ഈണം പകരാൻ ആകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അത്തരമൊരു ഗാനം എന്നെത്തേടിയെത്തുന്ന കാത്തിരിപ്പിലാണ് ഞാൻ. ജയരാജ് സംവിധാനം ചെയ്ത ‘സ്നേഹം’ എന്ന സിനിമക്കുവേണ്ടി ഒരു മാപ്പിളപ്പാട്ട് ചിട്ടപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് അത് ഒഴിവാക്കി.
ദുബൈയിൽ മകൾക്കൊപ്പം കഴിഞ്ഞ നാളുകളിൽ അറബിക് ക്ലാസിക് സംഗീതത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നു. അതിന് കർണാടക സംഗീതത്തിലെ നാലഞ്ച് രാഗങ്ങളുമായുള്ള അത്ഭുതകരമായ സാമ്യം വിസ്മയിപ്പിച്ചിട്ടുണ്ട്. നമ്മുടെ കുെറ രാഗങ്ങൾ ഉപയോഗിച്ച് അറബി ഗാനങ്ങൾ ചിട്ടപ്പെടുത്താനാകും. ഗൾഫ് രാജ്യങ്ങൾ പലതും സന്ദർശിച്ചിട്ടുണ്ടെങ്കിലും അവിടത്തെ റമദാൻ ദിനങ്ങൾ അടുത്തറിയാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യ പരിരക്ഷക്ക് ഏറ്റവും ഗുണകരമായ അനുഷ്ഠാനമാണ് നോമ്പ്.
ഗായിക മഞ്ജരിയുടെ പിതാവ് ബാബു, അദ്ദേഹം മസ്കത്തിലാണ്, എല്ലാ വർഷവും ചിട്ടയോടെ നോമ്പ് എടുക്കാറുണ്ട്. പല കാരണങ്ങളാൽ എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. കുട്ടിക്കാലത്ത് അത്ഭുതമായും പിന്നീട് ആദരവായും അനുഭവപ്പെട്ട വ്രതനാളുകൾ അതേ ചിട്ടയോടെ അനുഷ്ഠിക്കണം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണത്.
തയാറാക്കിയത്: ഇ.പി. ഷെഫീഖ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.