ആളൊഴിഞ്ഞ പള്ളികൾ വേദനിപ്പിക്കുന്നു; പുണ്യമാസത്തിൽ കൈകളുയർത്തി അബ്ദുല്ല ഫൈസി
text_fieldsകാസർകോട്: റമദാനിൽ ഖുർആൻ പാരായണവും നമസ്കാരങ്ങളും ദിക്റുകളുമായി സജീവമാകേണ്ട പള്ളികളിൽ ദൈവ പ്രകീർത്തന വചനങ്ങളൊന്നും മുഴങ്ങാതെ നിശ്ശബ്ദത മാത്രം തളംകെട്ടിന ിൽക്കുേമ്പാൾ, പറഞ്ഞറിയിക്കാനാവാത്ത വേദനയിലാണ് തളങ്കര കടവത്ത് മുഹ്യുദ്ദീൻ മ സ്ജിദിലെ ഇമാം അബ്ദുല്ല ഫൈസി. ബാങ്കുവിളിക്കാൻ വേണ്ടി മാത്രം തുറക്കുകയും അടച്ചിടുകയും ചെയ്യേണ്ടിവരുേമ്പാൾ മറ്റു വിശ്വാസികളെപ്പോലെ മുൻകാല നോമ്പുകാലങ്ങളിലെ കർമങ്ങൾ ഓർത്ത് നിർവൃതിയടയുകയാണ്. ഓരോ റമദാനും വരുമ്പോഴും പള്ളികൾ സജീവമാകുന്ന കാലമായിരുന്നു കഴിഞ്ഞ വർഷം വരെ. കോവിഡ് -19 രോഗഭീതിയെ തുടർന്ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾക്കൊപ്പം പള്ളികൾക്കും പൂട്ടുവീണു. കഴിഞ്ഞ 26 വർഷമായി ഈ പള്ളിയിലെ ഇമാമാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ 63കാരൻ അബ്ദുല്ല ഫൈസി. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പള്ളി ഇമാമായി നേരത്തേ ജോലി ചെയ്ത ഇദ്ദേഹത്തിന് തളങ്കര സ്വന്തം നാടുപോലെയാണ്.
ആദ്യകാല റമദാൻ അനുഭവങ്ങൾ ഓർത്തെടുക്കുേമ്പാൾ അബ്ദുല്ല ഫൈസിയുടെ മുഖത്ത് പ്രത്യാശയുടെ കിരണങ്ങൾ ഉദിച്ചു. ‘ഇന്ന് നടത്തുന്നതുപോലെ വിവിധ തരം വലിയ വിഭവങ്ങൾ കൊണ്ടായിരുന്നില്ല അന്നൊക്കെ നോമ്പ് തുറന്നിരുന്നത്. വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു പള്ളിയിൽ ഒരുക്കുന്ന നോമ്പുതുറക്ക് എത്തിയിരുന്നത്. പച്ചവെള്ളവും കാരക്കയും വാഴപ്പഴവും പിന്നെ കഞ്ഞിയും. കാലം മാറിയപ്പോൾ കാരക്കയുടെയും കഞ്ഞിയുടെയും സ്ഥാനത്ത് സമൂസ, റോൾ തുടങ്ങി നിരവധി എണ്ണ പലഹാരങ്ങൾ കൈയടക്കി. കഴിഞ്ഞ വർഷം വരെ കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് നോമ്പുതുറക്കാൻ എത്തിയിരുന്നത്. നോമ്പുതുറ സാധനങ്ങൾ പള്ളി മഹലിൽ പെട്ടവർതന്നെ സംഘടിപ്പിക്കും.
പഴയകാലത്തുള്ള നോമ്പുതുറയുടെ സംതൃപ്തി ഇപ്പോഴില്ല. രാത്രിയിലെ നീണ്ട നമസ്കാരമായ തറാവീഹിൽ പങ്കെടുക്കാൻ അന്നും ഇന്നും ആളുകൾക്ക് കുറവില്ല. അത്താഴത്തിന് വിളിക്കാൻ അഞ്ചുവർഷം മുമ്പ് വരെ നാദാപുരത്തുനിന്നും അത്താഴക്കൊട്ട് സംഘം എത്തിയിരുന്നു. അതും ഓർമയിലായി. ഇപ്പോൾ അത്താഴ സമയം അറിയിക്കാൻ പള്ളിയിലെ മൈക്കിൽ സ്വലാത്ത് ചൊല്ലും’. കാലം കഴിയുന്തോറും പഴമയുടെ ഓർമകൾ അബ്ദുല്ല ഫൈസിക്ക് പുതുമയായി നിലകൊള്ളുകയാണ്. കോവിഡ് ഭീതിയൊഴിഞ്ഞ് ഈ റമദാെൻറ അവസാന നാളുകളിലെങ്കിലും പള്ളി സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.