ഓർമപ്പെടുത്തലാണ് റമദാൻ
text_fieldsറമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പനുഷ്ഠിക്കുന്നു. ഖുർആൻ അവതീർണമായ മാസമെന്നതുകൂടിയാവുമ്പോൾ റമദാെൻറ പവിത്രത വർധിക്കുന്നു. സ്വർഗ വാതിൽ തുറക്കുകയും നരകവാതിൽ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്ന മാസം. പിശാചുക്കൾ ബന്ധനത്തിലാവുന്നു. നോമ്പ് എനിക്കുള്ളതാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അന്നപാനീയങ്ങൾ വെടിഞ്ഞ് മനുഷ്യൻ ആരാധനകളിലും മറ്റു പുണ്യ പ്രവൃത്തികളിലും മുഴുകുന്നതിന് സ്രഷ്ടാവ് എത്രമാത്രം പ്രാധാന്യം കൽപിക്കുന്നുെവന്നത് ഇതിൽ നിന്ന് വ്യക്തം.
വെറുതെ പട്ടിണികിടക്കലല്ല നോമ്പിെൻറ ഉദ്ദേശ്യം. എല്ലാ അവയവങ്ങളും നോമ്പനുഷ്ഠിക്കണം. കൈയും കാലും കണ്ണും നാവും ചെവിയുമെല്ലാം. അരുതാത്തത് കാണുകയോ കേൾക്കുകയോ പറയുകയോ ചെയ്താൽ വ്രതത്തിെൻറ പ്രതിഫലം നഷ്ടപ്പെടും. മനസ്സ് ശുദ്ധമായിരിക്കണം. വിശക്കുന്നവെൻറ വേദന അറിഞ്ഞ് പാവങ്ങളെ സഹായിക്കുമ്പോഴുള്ള അനുഭൂതികൂടിയാണ് നോമ്പ്. പുണ്യകർമങ്ങൾക്ക് സാധാരണ മാസങ്ങളിൽനിന്ന് വ്യത്യസ്തമായി എത്രയോ ഇരട്ടി പ്രതിഫലം ലഭിക്കുമെന്നതിനാൽ വിശ്വാസിക്ക് ലഭിച്ച മഹാ അനുഗ്രഹമാണ് നോമ്പുകാലം. ഈ മാസം സന്മാർഗത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാത്തവർ പരാജിതരെത്ര.
മിതവ്യയം പ്രവാചകചര്യയാണ്.
പരിസ്ഥിതിയെയും ജീവജാലങ്ങളെയും ദ്രോഹിക്കരുതെന്നും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും നോമ്പനുഷ്ഠിക്കുന്നവെൻറ ശ്രദ്ധയിലുണ്ടാവണം. ഇഫ്താർ സംഗമങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പരമാവധി അകറ്റിനിർത്തണം. ഡിസ്പോസിബ്ൾ ഗ്ലാസുകളും പ്ലേറ്റുകളും അർബുദരോഗത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നുവെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കാനാണ് വഴിയൊരുക്കേണ്ടത്. മാലിന്യങ്ങൾ യഥാസമയം സംസ്കരിക്കുകയും ചെയ്യണം. പുണ്യം തേടി വ്രതമെടുക്കുന്നവരുടെ എല്ലാ പ്രവൃത്തികളും ഗുണകാംക്ഷയോടെയാകട്ടെ.
വേനൽക്കാലമായതിനാൽ വെള്ളമില്ലാത്തതിൻെറ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ജനങ്ങൾ. കാലവർഷമെത്താൻ ഏതാനും ദിവസങ്ങൾ കൂടി കഴിയണം. ഒഴുകുന്ന നദിയിൽ നിന്ന് അംഗശുദ്ധി ചെയ്യുമ്പോൾ പോലും ജലം പാഴാക്കരുതെന്നാണ് തിരുനബിയുടെ അധ്യാപനം. വിശ്വാസികൾ ഇക്കാര്യവും ഗൗരവത്തിലെടുക്കണം. പള്ളിയിലാണെങ്കിലും വീട്ടിലാണെങ്കിലും അംഗശുദ്ധി വരുത്താൻ ആവശ്യത്തിന് ജലമേ ഉപയോഗിക്കാവൂ. ജീവിതത്തിൻെറ സകല മേഖലകളിലും പ്രവാചകചര്യകൾ പകർത്തിയാവണം വ്രതാനുഷ്ഠാനം. ഇത്തരം ഓർമപ്പെടുത്തലുകളിലൂടെ സമാഗതമായ റമദാൻ പുതിയ തുടക്കമാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.