പ്രാർഥനയും ജീവിതവും
text_fieldsപ്രാർഥന പ്രതീക്ഷയാണ്. അതിലൂടെ പുതുജീവെൻറ നാമ്പുകൾ വിടരുന്നു. അഭിശപ്തമെന്നു വിധിക്കപ്പെട്ട ജീവിതങ്ങൾക്കുപോലും അത് അർഥം നൽകുന്നു. നിരാശയുടെ പടുകുഴിയിൽ വീണവരെ കൈപിടിച്ചു നടത്താൻ പോന്ന ഉൗർജമുണ്ട് ആത്മാർഥമായ പ്രാർഥനയിൽ. വിശുദ്ധ റമദാനിെൻറ ആത്മാവായി പ്രാർഥന മാറുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെയാണ് ശുദ്ധിയുടെ മുപ്പതു പകലിരവുകളോടെ പുതിയൊരു ജീവിതം പിറക്കുന്നത്.
നിഷ്കളങ്കമായ കൈനീട്ടങ്ങൾക്ക് അല്ലാഹുവിെൻറ കൃപയല്ലാതെ പ്രതിഫലമില്ല. ദുരഭിമാനമില്ലാതെ, വിനയംകൊണ്ട് കുനിയുന്ന ശിരസ്സുകൾക്കും അല്ലാഹുവിനുമിടയിൽ മറയില്ല. തേട്ടങ്ങൾക്ക് മുടക്കമില്ലാത്ത മറുപടി തീർച്ച. പരിഭവങ്ങൾക്കും പരാതികൾക്കും ഉത്തരം നൽകാനും പരിഹരിച്ചുകൊടുക്കാനും സദാസന്നദ്ധനായ പടച്ച തമ്പുരാൻ ഉണ്ടെന്ന ബോധ്യം മനസ്സുകൾക്ക് നൽകുന്നത് വല്ലാത്ത ധൈര്യമാണ്. ഒരു തെറ്റു ചെയ്താൽ, അബദ്ധം സംഭവിച്ചാൽ അതോടെ എല്ലാം തീർന്നുവെന്ന് കരുതുന്നത് മൗഢ്യമാണ്.
സ്വന്തം തെറ്റുകളെയും കുറവുകളെയും ആലോചിച്ച് ഉരുകിത്തീരുന്നവരുണ്ട്. ഇതോടെ ജീവിതം അവസാനിച്ചുവെന്നു കരുതുന്നവർ. കുടുംബത്തിനും സമൂഹത്തിനും മുന്നിൽ എക്കാലവും കുറ്റബോധവുമായി കഴിയുന്നവർ. ഇത് ആത്മഹത്യയിലേക്കുപോലുമെത്തിക്കുന്നു പലപ്പോഴും. സ്വന്തത്തോടും തെൻറ വിശ്വാസത്തോടും ചെയ്യുന്ന മഹാപാതകമാണിത്. ഇത്തരക്കാരെ വിവേകപൂർവം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഒപ്പമുള്ളവർക്കുണ്ടെന്നത് ഇവിടെ പ്രത്യേകം സൂചിപ്പിക്കട്ടെ. തെറ്റുചെയ്തവർ പ്രാർഥിച്ചാൽ മാപ്പുനൽകുന്ന കരുണാവാരിധിയായ പടച്ച തമ്പുരാെൻറ ഔദാര്യത്തെപ്പറ്റി ഇത്തരക്കാർക്ക് പറഞ്ഞു കൊടുക്കണം.
വിശുദ്ധ റമദാനിലെ പാപമോചന പ്രാർഥനകൾ പ്രസക്തമാകുന്നത് ഇവിടെയാണ്. റമദാൻ ഒന്നാകെയും അവസാനത്തെ പത്ത് പ്രത്യേകിച്ചും പാപമോചനത്തിെൻറയും നരകമുക്തിയുടെയും രാപ്പകലുകളാണല്ലോ. ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞ്, ഇനി തെറ്റുകളിലേക്കില്ലെന്ന് നിശ്ചയംചെയ്ത് അല്ലാഹുവിലേക്കുകൈകൾ ഉയർത്തുന്നവർ ഒരിക്കലും നിരാശരാകില്ല. തൗബയുടെ (പാപമോചന പ്രാർഥന) ഉരകല്ലിൽ രാകിയെടുത്ത ജീവിതങ്ങളുടെ വിസ്മയിപ്പിക്കുന്ന കഥകൾ ചരിത്രത്തിലെമ്പാടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.