ആത്മസംസ്കരണം മുക്തി മാര്ഗം
text_fieldsസ്വന്തത്തോടുള്ള സമരം ശ്രേഷ്ഠകരമായ ജിഹാദായാണ് നബി വിശേഷിപ്പിച്ചത്. ധർമത്തിെൻറ ശക്തി നേടി മനുഷ്യന് വിജയിക്കുമ്പോള് അനുഗൃഹീതനായിത്തീരുന്നു. അതിലൂടെ മനുഷ്യന് മാലാഖമാരുടെ പരിശുദ്ധാവസ്ഥ കരസ്ഥമാക്കും. ആത്മാവിെൻറ മേല് പൈശാചികതക്കാണ് ആധിപത്യമെങ്കില് വ്യക്തി ദുര്മാര്ഗിയായിത്തീരുന്നു. വൈകാരികതയാണ് അവനെ നയിക്കുക. അവയവങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിന് പകരം ഇഷ്ടവിനോദങ്ങളനുസരിച്ച് വിഹരിക്കാന് വിടുകയാണവന് ചെയ്യുക. ഇത്തരം ആളുകള്ക്ക് മോക്ഷം സാധ്യമാകില്ല. ആത്മ സംസ്കരണം സാക്ഷാത്കരിക്കാനാണ് അല്ലാഹു നബിമാരെ നിയോഗിച്ചത്. മനസ്സിനെ ബാധിക്കുന്ന രോഗങ്ങളില്നിന്നും അതിനെ മലിനമാക്കുന്ന തിന്മകളില് നിന്നും മനസ്സിനെ സംശുദ്ധമാക്കലാണ് സംസ്കരണം. റസൂല് പറഞ്ഞു: ‘‘ശത്രുവിനെ അതിജയിക്കുന്നവനല്ല ശക്തന്, മറിച്ച് മനസ്സിനെ കീഴ്പ്പെടുത്തുന്നവനാണ് ശക്തന്’’.
നബി തിരുമേനി ഒരിക്കല് പറഞ്ഞു: ‘‘മൂന്ന് കാര്യങ്ങള് ആരിലെങ്കിലും ഇടംനേടിയാല് അവന് ഈമാനിെൻറ മധുരം നുണഞ്ഞവനായി. ഒന്ന്, അല്ലാഹുവും അവെൻറ പ്രവാചകനും മറ്റെല്ലാറ്റിലുമുപരി അവന് പ്രിയപ്പെട്ടതാവുക. രണ്ട്, അല്ലാഹുവിെൻറ തൃപ്തി ലക്ഷ്യമാക്കി മറ്റൊരുത്തനെ സ്നേഹിക്കുക. മൂന്ന്, വിശ്വാസത്തിെൻറ വെളിച്ചമുള്ക്കൊണ്ട ശേഷം അവിശ്വാസത്തിലേക്ക് തിരിച്ച് പോകുന്നതിനെ ജീവനോടെ തീയിലേക്കെറിയപ്പെടുന്നതിനു തുല്യമായി വെറുക്കുക’’.
തെറ്റില് സ്ഥിരമായി അഭിരമിക്കുന്നവന് സംസ്കരണം അസാധ്യമാകുന്നു. പിശാചിെൻറ കൂട്ടുകാരനായാണ് പ്രവര്ത്തിക്കുന്നത്. അബൂഹുറയ്റയില്നിന്ന് നിവേദനം. നബി പറഞ്ഞു: ‘‘തീര്ച്ചയായും ഒരു ദാസന് ഒരു തെറ്റുചെയ്താല് അവെൻറ ഹൃദയത്തില് ഒരു കറുത്ത പുള്ളി രേഖപ്പെടുത്തപ്പെടും. അവന് തെറ്റില്നിന്ന് അകന്നുനില്ക്കുകയും പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്താല് അവെൻറ ഹൃദയം തെളിഞ്ഞതാവും. തെറ്റ് ആവര്ത്തിച്ചാല് ആ കറുത്ത പുള്ളി വലുതായി ഹൃദയത്തെ മൂടും (ഹൃദയത്തിലെ പ്രകാശം അണഞ്ഞ് അന്ധമാവും)’’. അവര് ചെയ്ത ദുഷ്കര്മങ്ങള് അവരുടെ ഹൃദയങ്ങളില് കറയായി മൂടിയിരിക്കുന്നുവെന്ന് അല്ലാഹു പറഞ്ഞത് ഈ കറയെ കുറിച്ചാണ് (തിര്മിദി).
കാലപ്പഴക്കംകൊണ്ട് ചെമ്പുപാത്രങ്ങള് കറ പിടിക്കുന്നതുപോലെയും ഇരുമ്പ് തുരുമ്പെടുക്കുന്നതുപോലെയും ദുഷ്ചിന്തകളും ദുഷ്കര്മങ്ങളുംകൊണ്ട് മനുഷ്യഹൃദയങ്ങളില് കറപിടിക്കും. തുടക്കത്തില് തന്നെ അത് നീക്കം ചെയ്തില്ലെങ്കില് കൂടുതല് നഷ്ടങ്ങളിലേക്ക് നയിക്കും. ചെറിയ തോതില് തുടങ്ങുന്ന തിന്മകള് വളര്ന്നുവലുതാകും. മനുഷ്യരില് ചീത്ത ചിന്ത കടന്നുവരുന്നതിന് സാഹചര്യവും ഒരു കാരണമാണ്. തിന്മകളെ പശ്ചാത്താപംകൊണ്ട് ശുദ്ധി വരുത്തിയില്ലെങ്കില് മനുഷ്യഹൃദയം പാപങ്ങളുടെ കേന്ദ്രമായിത്തീരും.
സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന ആരാധനാകര്മങ്ങള് ആത്മസംസ്കരണത്തിനുള്ള ഒന്നാന്തരം ചികിത്സയാണ്. മ്ലേച്ഛ പ്രവൃത്തികളില്നിന്നും മാനസിക ചാപല്യങ്ങളില് നിന്നും നമസ്കാരവും സാമ്പത്തികരോഗങ്ങളില്നിന്ന് മുക്തിപ്രാപിക്കാന് സകാത്തും സഹായിക്കുന്നു. സഹാനുഭൂതിയും കാരുണ്യവും സൃഷ്ടിക്കാന് വ്രതാനുഷ്ഠാനവും ഏകമാനവികബോധം രൂപപ്പെടുത്താന് ഹജ്ജും ഉപകരിക്കുമെന്ന് തീര്ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.