സങ്കടമുണ്ടാവാം; നിരാശരാകരുത്
text_fieldsലോക്ഡൗണിലെ നോമ്പിലും പെരുന്നാളിലും മനസ്സ് വേദനിക്കാത്ത വിശ്വാസികളുണ്ടാവില്ല. പള്ളിയുമായുള്ള ബന്ധമാണ് റമദാനെ സക്രിയമാക്കുന്നത്. സാധാരണ ദിനങ്ങളെക്കാൾ ദീർഘമായ സമയം റമദാനിൽ പള്ളികളിലാണ് വിശ്വാസികൾ ചെലവഴിക്കാറുള്ളത്. ഖുർആൻ പാരായണം ചെയ്തും മനപ്പാഠമാക്കിയും ആഴത്തിൽ പഠിച്ചും ഉത്ബോധനങ്ങൾ ശ്രവിച്ചും പ്രാർഥനകളിലും പശ്ചാത്താപത്തിലും മുഴുകിയും നമസ്കാരങ്ങൾ ഭക്തിയോടെ നിർവഹിച്ചും രാത്രികാലങ്ങളിൽ തറാവീഹ് നമസ്കരിച്ചും അവസാന പത്തു ദിനങ്ങളിൽ ഭജനമിരുന്നും വിശ്വാസികൾ പള്ളിയുമായി അവെൻറ ഹൃദയത്തെ കോർത്തുകെട്ടുന്ന മാസമാണ് വിശുദ്ധ റമദാൻ. ഇപ്രാവശ്യം അതിന് സാധിക്കാതെ വന്നതിൽ വിശ്വാസികൾക്ക് സങ്കടം സ്വാഭാവികമാണ്. എന്നാൽ, അതിൽ നിരാശപ്പെടേണ്ട കാര്യമില്ല.
പകർച്ചവ്യാധിയുണ്ടാകുമ്പോൾ മറ്റു പ്രദേശങ്ങളിലേക്ക് യാത്ര പാടില്ലെന്നും രോഗമുള്ളവർ ആരോഗ്യമുള്ളവരുമായി ഇടപഴകരുതെന്നും സ്വന്തത്തിെൻറയും മറ്റുള്ളവരുടെയും സുരക്ഷക്കായി സ്വന്തം വീട്ടിൽ ഇരിക്കേണ്ടിവന്നാൽ അതിന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ടെന്നും പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങൾ സ്വീകരിച്ചുകൊണ്ട് വിശ്വാസികൾ സ്വമേധയാ എടുത്ത തീരുമാനമാണ് പള്ളികളിലുള്ള പൊതുജന വിലക്ക്.
അതിനാൽ, ഇപ്രാവശ്യം പ്രതിഫലം കുറയുമെന്ന ഭീതി വിശ്വാസികൾക്ക് ഉണ്ടാവേണ്ടതില്ല. സാധാരണ പോലെയാണെങ്കിൽ ആരാധനകൾക്ക് മാത്രമായി ഒഴിഞ്ഞിരിക്കാൻ നമുക്ക് എത്ര പേർക്ക് സമയം ലഭിക്കാറുണ്ട്? ഖുർആൻ ആദ്യവസാനം പാരായണം ചെയ്യാൻ തിരക്കിനിടയിൽ പലർക്കും സാധിക്കാറില്ല. ബഹളങ്ങളും തിരക്കുകളും ഇല്ലാത്ത സമയത്ത് ആരാധനക്കു മാത്രമായി ധാരാളം സമയം ലഭിക്കുന്ന ഗുണപരമായ വശം വിശ്വാസികൾ വിസ്മരിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.