പ്ലാവിലക്കഞ്ഞി വിളമ്പിയ ഇഫ്താർ ഓർമയിൽ
text_fieldsപയ്യോളി: പ്ലാവില സ്പൂണിൽ പാത്രത്തിൽനിന്ന് കഞ്ഞി കോരിക്കുടിച്ചും മരച്ചീനി വേവിച്ചെടുത്ത പുഴുക്കുമായിരുന്നു അക്കാലത്തെ ഇഫ്താർ. തൊണ്ണൂറുകാരനായ പുറക്കാട് നമ്പ്യാളത്ത് മൊയ്തീൻ കുട്ടിയെന്ന സ്വാതന്ത്ര്യ സമരസേനാനി ഓർമകളെ 1940-50 കാലഘട്ടത്തിലേക്ക് തിരിച്ചുവെക്കുകയായിരുന്നു. അക്കാലത്ത് വീടിന് തൊട്ട് സമീപത്തെ നമ്പ്യാളത്ത് ജുമാമസ്ജിദിൽ നോമ്പുതുറക്കാനായി എത്തുന്നവർക്ക് മൊയ്തീൻ കുട്ടിയുടെ വീട്ടിൽനിന്നായിരുന്നു കഞ്ഞിയും പുഴുക്കും തയാറാക്കി ഇഫ്താർ ഒരുക്കിയിരുന്നത്.
സാമാന്യം വലുപ്പമുള്ള ഏതാനും പാത്രങ്ങളിൽ ചൂടുള്ള കഞ്ഞി വിളമ്പി വെക്കും. ഇന്നത്തെ സ്പൂണിന് പകരം പ്ലാവിൽനിന്ന് കൊഴിഞ്ഞ ഇലകൾ ശേഖരിച്ച് നന്നായി കഴുകി തെങ്ങോലയുടെ ഈർക്കിൾകൊണ്ട് കുത്തിവെച്ച് കുമ്പിൾ ഉണ്ടാക്കി വെക്കലായിരുന്നു നോമ്പുതുറക്കാനായാൽ കുട്ടികളുടെ പ്രധാന ജോലി. അതിൽ അവസാനത്തെ ആറു ദിവസത്തെ നോമ്പിന് സ്പെഷൽ വിഭവമായ ‘കുടുക്ക കഞ്ഞി’യാണ് വിതരണം ചെയ്യുക. അറുപതിലധികം പേർ നോമ്പുതുറക്കാനായി അന്ന് പള്ളിയിൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. രണ്ടും മൂന്നും കിലോമീറ്ററുകൾ താണ്ടി വേണം അന്ന് ഏതെങ്കിലുമൊരു പള്ളിയിലെത്താൻ.
പെരുന്നാൾ നമസ്കാരത്തിനെത്തുന്നവർക്ക് നെയ്ച്ചോറും ഇറച്ചിയുമടക്കം വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നതിലും അക്കാലത്ത് നമ്പ്യാളത്ത് മൊയ്തീൻ കുട്ടിയും കുടുംബവും വീഴ്ച വരുത്തിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലഘട്ടത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസത്തിെൻറ അവസാനഘട്ടം. പുറക്കാട് എം.എൽ.പിയിൽ അഞ്ച് വരെയും തുടർന്ന് കീഴൂർ എ.യു.പിയിലുമായിരുന്നു സ്കൂൾ കാലഘട്ടം. ഉടുതുണിക്ക് മറുതുണിയില്ലാത്ത അന്നത്തെ ദുരിതകാലത്ത് ഒരു ജോടി വസ്ത്രം ഒരാഴ്ച ധരിച്ചശേഷം അവധി ദിവസം അലക്കിയിടുകയായിരുന്നു പതിവെന്ന് മൊയ്തീൻ കുട്ടി ഓർക്കുന്നു.
കേരള ഗാന്ധി കെ. കേളപ്പജിയോടും സി.കെ. ഗോവിന്ദൻ നായരോടുമടക്കം നിരവധികാലം സ്വാതന്ത്ര്യസമരത്തിൽ ചേർന്ന് പ്രവൃത്തിക്കാനായതും, 1957 മുതൽ സേവാദൾ കോൺഗ്രസിെൻറ പ്രദേശത്തെ മുന്നണിപ്പോരാളിയായതും ഓർമകൾ മരിക്കാത്ത തൊണ്ണൂറുകളിലും ഏറെ ആരോഗ്യവാനായിതന്നെ മൊയ്തീൻ കുട്ടി അയവിറക്കുന്നുണ്ടായിരുന്നു. ഭാര്യ ഫാത്തിമയും ഇളയ മകൻ നൗഷാദും കുടുംബവും മൊയ്തീൻ കുട്ടിയുടെ കൂടെയുണ്ട്. സമീപത്തുതന്നെയാണ് മൂത്ത മകൻ ആരിഫിെൻറ വീടും. മൂന്ന് ആൺമക്കളിൽ ഒരുവനായ നജീബിെൻറ രണ്ടു വർഷം മുമ്പുള്ള അകാലമരണമാണ് അടുത്തകാലത്ത് കുടുംബത്തിനുണ്ടായ ഒരു ആഘാതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.